ബംഗാളില്‍ സഹകരണ മേഖലയില്‍ 330 ഗ്രാമീണ സംരംഭകത്വ കേന്ദ്രങ്ങള്‍ തുടങ്ങി
പശ്ചിമ ബംഗാളില്‍ സഹകരണമേഖലയില്‍ മുന്നൂറ്റി മുപ്പതിലധികം ഗ്രാമീണ സംരംഭകത്വ കേന്ദ്രങ്ങള്‍ ( Rural Entrepreneurship Hub – REH ) രൂപവത്കരിച്ചതായി ‘ മില്ലേനിയം പോസ്റ്റ് ‘ റിപ്പോര്‍ട്ട് ചെയ്തു. സഹകരണസംഘങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളുടെ വികസനം നടപ്പാക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ REH പദ്ധതി ആവിഷ്‌കരിച്ചത്. സമാന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണു ഇത്തരം സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുന്നത്. കുറഞ്ഞതു പതിനൊന്നു പേരെങ്കിലും ഒരു സംഘത്തില്‍ അംഗങ്ങളായിരിക്കണം.
ഇത്തരത്തില്‍പ്പെട്ട 330 ലധികം REH സഹകരണസംഘങ്ങള്‍ സംസ്ഥാനത്തു രൂപവത്കരിച്ചതായും പതിനായിരത്തിലധികം പേര്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതായും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള മന്ത്രി ചന്ദ്രകാന്ത് സിന്‍ഹ നിയമസഭയില്‍ അറിയിച്ചു. ഇവയില്‍ പകുതിയിലധികം സംഘങ്ങള്‍ കാര്‍ഷിക മേഖലയുമായും അഗ്രി ബിസിനസ്സുമായും കാര്‍ഷികോല്‍പ്പന്നങ്ങളുമായും കരകൗശലവസ്തു നിര്‍മാണവുമായും ബന്ധപ്പെട്ട മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. സംഘാംഗങ്ങള്‍ക്കാവശ്യമായ നൈപുണ്യ പരിശീലനവും വേണ്ട ഉപകരണങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
മൂന്നു സംഘങ്ങളെ ഒരു ക്ലസ്റ്ററിനു കീഴിലാക്കിയിട്ടുണ്ട്. മറ്റു 26 സംഘങ്ങളെയും ഇങ്ങനെ ഓരോ ക്ലസ്റ്ററിനു കീഴിലാക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. സഹകരണസംഘങ്ങള്‍ വഴി ചെറുകിട വ്യവസായങ്ങളുടെ മുന്നേറ്റത്തിനായി സംസ്ഥാന ഖാദി, ഗ്രാമവികസന ബോര്‍ഡ് ക്ലസ്റ്റര്‍ വികസനപദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഗ്രാമങ്ങളിലും അര്‍ധനഗരപ്രദേശങ്ങളിലുമുള്ള യുവാക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് വനിതകള്‍ക്കിടയില്‍, വന്‍തോതില്‍ തൊഴിലവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു സഹകരണസംഘങ്ങളിലൂടെയുള്ള ഗ്രാമീണ സംരംഭകത്വ കേന്ദ്രം ( REH ) എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ബംഗാള്‍ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലയായി ഗ്രാമീണ-അര്‍ധനഗരപ്രദേശങ്ങളെ മാറ്റുകയും അവിടങ്ങളില്‍ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണു സര്‍ക്കാര്‍ ഉന്നമിടുന്നത്. പരമ്പരാഗതമട്ടിലുള്ള സഹകരണസംഘങ്ങളുടെ രൂപവത്കരണമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രാദേശികമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അതിനനുസരിച്ച് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണു സര്‍ക്കാര്‍ലക്ഷ്യം.