പ്രളയസഹായവുമായി ചേന്ദമംഗലം കൈത്തറി സംഘം
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന എറണാകുളം ജില്ലയിലെ ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ പ്രസ്ഥാനത്തില്‍ നിന്ന് ഈ വര്‍ഷം പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിനായി സഹായഹസ്തം. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘം തുണിത്തരങ്ങള്‍ കൈമാറി.
കഴിഞ്ഞ പ്രളയകാലത്ത് ചേന്ദമംഗലത്തെ കൈത്തറി മേഖലയ്ക്കുണ്ടായ തകര്‍ച്ചയില്‍ സഹായവുമായെത്തിയ ഗോപാല്‍ജി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത്തവണ പ്രളയം കൂടുതല്‍ ബാധിച്ച പ്രദേശങ്ങളെ സഹായിക്കാന്‍ ഇവര്‍ ശ്രമിച്ചത്. ഗോപാല്‍ജി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി പുറപ്പെട്ട സംഘത്തിന്് പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണസംഘം തങ്ങള്‍ ഉല്‍പാദിപ്പിച്ച കൈത്തറിത്തുണിത്തരങ്ങളില്‍ ഒരു ഭാഗം കൈമാറി. സംഘം പ്രസിഡന്റ് ടി.എസ്. ബേബിയില്‍ നിന്ന് ഗോപാല്‍ജി ഫൗണ്ടേഷന്‍ പ്രതിനിധികളായ സി.ഐ.ടി.യു സംസ്ഥാനക്കമ്മറ്റിയംഗം സുമേഷ് പത്മന്‍, പ്രമോദ് ശങ്കര്‍, എം.എം. നാസര്‍ എന്നിവര്‍ തുണിത്തരങ്ങള്‍ ഏറ്റുവാങ്ങി.
മഹാപ്രളയം കഴിഞ്ഞുള്ള ആദ്യ ഓണമാണ് ഇത്തവണത്തെത്. ഓണ വില്‍പന പ്രതീക്ഷിച്ച് സജീവമായി കൈത്തറി വസ്ത്രങ്ങള്‍ തയാറാക്കിവരവെയാണ് ഇത്തവണയും പ്രളയ സമാനമായ സ്ഥിതി പലേടത്തും, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ ഉണ്ടായത്. ദുരിതകാലത്ത് തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കാനുള്ള ചുമതലയാണു തങ്ങള്‍ നിര്‍വഹിച്ചതെന്ന് പറവൂര്‍ കൈത്തറി നെയ്ത്ത് സഹകരണസംഘം പ്രസിഡന്റ് ടി.എസ്. ബേബി പറഞ്ഞു.
ഗോപാല്‍ജി ഫൗണ്ടേഷനെപ്പോലുള്ള നിരവധി സന്നദ്ധ സംരംഭങ്ങളുടെ സഹായത്തോടെയാണു ചേന്ദമംഗലം കൈത്തറി മേഖല പ്രളയത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നു കരകയറിയത്. ചേക്കുട്ടിപ്പാവ പോലുള്ള നൂതന സംരംഭങ്ങളിലൂടെ പ്രളയത്തില്‍ കേടുവന്ന തുണിത്തരങ്ങളുടെ ശേഖരം വിറ്റഴിക്കാന്‍ സാധിച്ചു.
ഇത്തവണയും വെള്ളപ്പൊക്കം ചേന്ദമംഗംലം കൈത്തറിക്കു ദോഷമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെയത്ര രൂക്ഷമല്ലെന്നു മാത്രം. താഴ്ന്ന പ്രദേശങ്ങളില്‍ ഒരടി മുതല്‍ രണ്ടടി വരെ വെള്ളം ഉയര്‍ന്നപ്പോള്‍ പലേടത്തും തറികളിലെ പാവും റെക്കയും നശിച്ചു. ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണസംഘം എച്ച് 47ന്റെ കീഴില്‍ അമ്പതോളം തറികളിലെ പാവും റെക്കയും നശിച്ചിട്ടുണ്ട്. തറികള്‍ മുഴുവന്‍ നനഞ്ഞില്ലെങ്കിലും കോട്ടണ്‍ നൂലായ പാവ് ഈര്‍പ്പം തട്ടി കരിമ്പന്‍ അടിച്ചതാണ് പ്രശ്‌നം. വെയില്‍ ഇല്ലാത്തതിനാല്‍ ഡൈ ചെയ്ത നൂല്‍ ഉണക്കാന്‍ കഴിയാത്തതും ബുദ്ധിമുട്ടായി.
കഴിഞ്ഞ വര്‍ഷത്തെ അനുഭവം മൂലം ഉല്‍പന്നങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍കരുതല്‍ എടുത്തു. സര്‍ക്കാരിന്റെ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ നിര്‍മിച്ച 11,000 മീറ്റര്‍ തുണി എച്ച് 47 സംഘത്തില്‍ സൂക്ഷിച്ചിരുന്നു. ഇവ വെള്ളം കയറാതിരിക്കാന്‍ കൂടുതല്‍ മേശകള്‍ സംഘടിപ്പിച്ച് അവയ്ക്കു മുകളില്‍ കയറ്റിവച്ചു. ഓണവില്‍പനയ്ക്കുള്ള തുണികള്‍ മുകളിലത്തെ നിലയിലേക്കു മാറ്റിയും സംരക്ഷിച്ചു. പക്ഷേ, തറികള്‍ ഇങ്ങനെ ചെയ്യാനായില്ല. കഴിഞ്ഞ വര്‍ഷം എച്ച് 47 സംഘത്തിനു കീഴിലുള്ള 71 തറികള്‍ നശിച്ചിരുന്നു. ഇതില്‍ 64 എണ്ണം പുന:സ്ഥാപിച്ചു. അതില്‍ അമ്പതോളം എണ്ണത്തെ വെള്ളപ്പൊക്കം ബാധിച്ചു. മഴ മൂലം പതിനഞ്ചോളം ദിവസം നെയ്ത്ത് മുടങ്ങി. കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഓരോ തറിക്കും 15,000രൂപ മുതല്‍ 20,000 രൂപ വരെ ചെലവു വരും. 45 ദിവസത്തെ തൊഴിലും മുടങ്ങും. ഇതാണ്് എച്ച് 47 സംഘത്തെ അലട്ടുന്ന പ്രശ്‌നമെന്നു സെക്രട്ടറി പി.എ. സോജന്‍ പറഞ്ഞു.
ചേന്ദമംഗലം കരിമ്പാടം എച്ച് 191ാം നമ്പര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിനു കീഴില്‍ വീടുകളില്‍ നെയ്ത്തു നടത്തുന്നവരെ റെക്കെയും പാവും കേടായതുമൂലമുള്ള പ്രശ്‌നം ബാധിച്ചതായി സെക്രട്ടറി അജിത്കുമാര്‍ ഗോതുരുത്ത് പറഞ്ഞു. നെയ്ത്തുകാര്‍ കുറവാണെന്നതും ഈ സംഘത്തിന്റെ പ്രശ്‌നമാണ്.