പ്രളയത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് കോടികള്‍ നഷ്ടം
പ്രളയം പിന്മാറിയ കേരളത്തിന്റെ നഷ്ടം തിട്ടപ്പെടുത്താനാകുന്നതിലും അപ്പുറമാണ്. അക്കൂട്ടത്തില്‍ സഹകരണ സംഘങ്ങളുമുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം നാലുകോടി രൂപയുടെ നഷ്ടം സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. 23 പ്രാഥമിക സഹകരണ ബാങ്കുകള്‍ വെള്ളത്തിലായിരുന്നു. നെടുമുടി, കുട്ടമംഗലം, ചമ്പക്കുളം, ചെങ്ങന്നൂര്‍, പാണ്ടനാട്, ചെറിയനാട് എന്നിവിടങ്ങളിലെ സഹകരണ സ്ഥാപനങ്ങളെല്ലാം വെള്ളത്തിലായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസം വെള്ളത്തിലായ ജില്ലയും ആലപ്പുഴയാണ്. ബാങ്കുകളിലേതടക്കം മിക്കവാറും സ്ഥാപനങ്ങളിലെ രേഖകളെല്ലാം നശിച്ചു. ചിലത് ഉണക്കിയെടുക്കാനുള്ള ശ്രമം നടത്തിയെന്ന് മാത്രം. ഇതെല്ലാം വീണ്ടെടുക്കുന്നതും പ്രവര്‍ത്തനം പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതും ശ്രമകരമായ ദൗത്യം തന്നെയാണ്.
സഹകരണത്തിന്റെയും കേരളത്തിന്റെതന്നെയും പ്രൗഡിയായിരുന്നു ചേന്ദമംഗലം കൈത്തറി. ഭൗമസൂചികാ പദവി കിട്ടിയ ഉല്പ്പന്നം. പക്ഷെ, പ്രളയം തകര്‍ത്തെറിഞ്ഞത് ചേന്ദമംഗലം കൈത്തറിയെക്കൂടിയാണ്. എറണാകുളം പറവൂരിലെ ചേന്ദമംഗലം കൈത്തറി സംഘങ്ങള്‍ക്ക് വലിയ നാശമാണ് പ്രളത്തിലുണ്ടായത്. താലൂക്കിലെ അഞ്ച് കൈത്തറി സംഘങ്ങളില്‍ മൂന്നെണ്ണം നാമാവശേഷമായി. മറ്റു രണ്ടു സംഘങ്ങള്‍ ഭാഗികമായി നശിച്ചു. തറികള്‍, ഫര്‍ണീച്ചറുകള്‍ ,നൂല്‍ അടക്കമുള്ള വസ്തുക്കള്‍ തുടങ്ങിയവ നശിച്ചു. യാണ്‍ ബാങ്കിന്റെ കരിമ്പാടത്തെ ഗോഡൗണില്‍ 50 ലക്ഷം രൂപയുടെ നൂല്‍ നശിച്ചു.
ഓണവിപണി ലക്ഷ്യമിട്ട് നിര്‍മിച്ച ലക്ഷങ്ങളുടെ ഉത്പന്നങ്ങളാണ് വെള്ളത്തില്‍ മുങ്ങി ഉപയോഗശൂന്യമായത്.സര്‍ക്കാരിന്റെ സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി തയ്യാറാക്കിയ ഉല്‍പന്നങ്ങളും നശിച്ചു. നെയ്ത്ത് പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. പത്തുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍. ചേന്ദമംഗലം കൈത്തറിയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് തന്നെ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ 1085 കന്നുകാലികള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 621 കാലിത്തൊഴുത്തുകള്‍ പൂര്‍ണമായും 1132 തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നു. സഹകരണ സംഘങ്ങളില്‍ 20,500 ലീറ്റര്‍ പാലിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആകെയുള്ള സംഭരണത്തിന്റെ 50 ശതമാനമാണ്. ക്ഷീരമേഖലയില്‍ ആകെ 15.69 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഒരുദിവസം 17,000 ലിറ്റര്‍ പാലിന്റെ കുറവാണുണ്ടായത്.