പ്രതിസന്ധി മറികടക്കാൻ സഹകരണമേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് എംപ്ലോയീസ് ഫ്രണ്ട്.
രണ്ട് പ്രളയവും കോവിഡ് മൂലമുള്ള പ്രതിസന്ധികളും മറികടക്കാൻ സഹകരണ മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. കേരളത്തിലെ വായ്പാ മേഖലയ്ക്ക് നബാർഡിൽ കൂടിയോ മറ്റ് ഏജൻസികളിൽ കൂടിയോ സാമ്പത്തിക സഹായം ലഭ്യമാക്കി സംഘങ്ങൾക്ക് നഷ്ടമില്ലാതെ സാധാരണക്കാരെ സഹായിക്കുന്ന വിവിധ വായ്പാ പദ്ധതികൾ ആരംഭിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ജോഷ്വാ മാത്യു ആവശ്യപ്പെട്ടു. കാർഷിക മേഖല സ്വയംപര്യാപ്തത നേടുന്നതിന് സഹകരണമേഖലയിൽ കൂടി ആവശ്യമായ സാമ്പത്തിക സഹായം കർഷകർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണമേഖലയുടെ അതിജീവനത്തെ സംബന്ധിച്ച ആശയങ്ങൾ പങ്കു വെക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തരം സഹകരണസംഘങ്ങളിൽ കാർഷിക കാർഷികേതര വായ്പകൾക്ക് നടപ്പാക്കിയ മൊറട്ടോറിയം മൂലം വായ്പാ തിരിച്ചടവ് പൂർണമായും നിലച്ച മട്ടാണ്. ഇതുമൂലം പുതിയ വായ്പകൾ വിതരണം ചെയ്യുന്നതിന് പല സംഘങ്ങൾക്കും സാധിക്കുന്നില്ല. സഹകരണമേഖലയിലേതുപോലെ ഷെഡ്യൂൾഡ് ബാങ്കുകൾകു തുടർച്ചയായി മോറട്ടോറിയം നടപ്പാക്കേണ്ടിവരുന്നില്ല. വായ്പാ തിരിച്ചടവിന് ആവശ്യമായ ക്രിയാത്മകമായ നടപടികൾ ആവശ്യമാണ്. നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കാത്തവർ പോലും വായ്പകൾ തിരിച്ചടയ്ക്കുന്നില്ല. കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ നടപടി സംഘങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. അർഹതപ്പെട്ടവർക്ക് ഇളവുകൾ നൽകുകയും വർഷങ്ങളായി നടപ്പാക്കുന്ന കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒഴിവാക്കുകയും വേണം.
കേന്ദ്രസർക്കാർ സഹകരണമേഖലയോട് കാണിക്കുന്ന നയങ്ങളെയും നിലപാടുകളെയും അതിജീവിക്കാൻ ആവശ്യമായ പ്രവർത്തനരീതിയും വായ്പാ ശൈലിയും കൊണ്ടുവരണം. സഹകരണ മേഖലയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് വിപണിക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം. സഹകാരികളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് സഹകരണമേഖലയ്ക്ക് ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.