പുതിയ വികസന മാതൃക സൃഷ്ടിക്കാൻ സഹകരണസംഘങ്ങൾക്ക് കഴിയും.

adminmoonam

ഒരു ഗ്രാമത്തെ മുഴുവൻ സംരക്ഷിക്കാനും, പുതിയ വികസന മാതൃക സൃഷ്ടിക്കാനും സഹകരണ ബാങ്കുകൾക്കും കഴിയും. അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം പരമായ പങ്കുവഹിക്കാനും സഹകരണസംഘങ്ങൾക്ക് സാധിക്കും.കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോക്ക് ഡൗണിനുശേഷം.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-11

കോഴിക്കോട് ജില്ലയിലെ ഒരു അനുഭവം ഇവിടെ കുറിക്കുന്നത്.കോഴിക്കോട് നഗരത്തിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഗ്രാമപ്രദേശമാണ് വേങ്ങേരി . 2006 ൽ പ്രദേശത്തെ 1824 വീടുകളിൽ നടത്തിയ ആരോഗ്യ സർവ്വേയിൽ നിന്നും 7 വീട്ടുകാർ ക്യാൻസർ രോഗബാധിതരാണെന്ന് കണ്ടെത്തുകയുണ്ടായി. ജീവിതശൈലി രോഗങ്ങൾ, കിഡ്നി രോഗബാധ എന്നിവ ഒട്ടനവധി പേരിൽ രേഖപ്പെടുത്തുകയുണ്ടായി .പച്ചക്കറി ഉൽപ്പാദനത്തിൻറെ ഭാഗമായി ഉപയോഗപ്പെടുത്തുന്ന കീടനാശിനികളും, രാസവസ്തുക്കളും ക്യാൻസറിന് കാരണമായേക്കാമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതുകൂടാതെ ഈ പ്രദേശത്ത് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോഴുണ്ടാകുന്ന പുകയും രോഗകാരണം ആണെന്ന് കണ്ടെത്തുകയുണ്ടായി. ഇതിൻറെ അടിസ്ഥാനത്തിൽ 101 വീട്ടുകാർ ചേർന്ന് രൂപീകരിച്ച റസിഡൻസ് അസോസിയേഷൻ ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലും, വീട്ടിലെ ലഭ്യമായ പറമ്പിലും, ടെറസിലും എല്ലാം കൃഷി ആരംഭിച്ചു. 2008 ൽ കേരളത്തിലെ ആദ്യ ജൈവ വാർഡ് ആയി വേങ്ങേരിയെ തെരഞ്ഞെടുത്തു .2008 ൽ നമ്മുടെ സംസ്ഥാനത്ത് ജൈവ നയം നടപ്പിലാക്കുന്നതിനുള്ള പ്രേരണ ഇവരുടെ പ്രവർത്തനം ആയിരുന്നു .

തുടർന്ന് നബാർഡ് സഹായത്തോടുകൂടി റസിഡൻസ് അസോസിയേഷൻ ഒരു പ്രൊഡ്യൂസർ കമ്പനിക്ക് രൂപംനൽകി. കേവലം ഒരു വർഷംകൊണ്ട് മൂന്ന് കോടി രൂപയുടെ വരവ് ഉണ്ടാക്കാൻ ഇവർക്ക് കഴിഞ്ഞു .ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ 5 മേഖലകളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് .സ്ഥായിയായ കാർഷിക വികസനമാണ് ഇതിൽ ഒന്നാമത്തേത് . ജൈവ പച്ചക്കറി കൃഷി , വിളപരിപാലനം, ഭൂമിയുടെ ഉപയോഗം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ പ്രധാന പ്രവർത്തനം ,മാലിന്യ നിർമ്മാർജ്ജനം ആണ് കോഴിക്കോട് കോർപ്പറേഷൻറെ നാലു വാർഡുകളിലും, സമീപത്തുള്ള 12 പഞ്ചായത്തിലും മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് ഇവരാണ് .കമ്പോസ്റ്റ് നിർമാണം, ബയോഗ്യാസ് തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഇവർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ലക്ഷദ്വീപിലെ മാലിന്യ നിർമ്മാർജ്ജനം ഇപ്പോൾ ഇവരുടെ ചുമതലയിലാണ്. ഊര്ജ്ജസംരക്ഷണം ആണ് മൂന്നാമത്തെ പ്രവർത്തനം .ഇതിൻറെ ഭാഗമായി എല്ലാ വീടുകളിലും സോളാർ വൈദ്യുതി ഉപയോഗം ക്രമീകരിച്ചിട്ടുണ്ട്. മണ്ണ് സംരക്ഷണവും, ജലസംരക്ഷണവും ഇവർ 4 ,5 വിഭാഗങ്ങളായി ഏറ്റെടുത്തിട്ടുണ്ട്. വീടുകളിൽ പശു , ആട്, എരുമ , പച്ചക്കറി എന്നിവ സുഭിക്ഷമായി വളർത്തുന്നു. തൊഴുത്തിൽ നിന്നും പുറത്തു വരുന്ന ഗോമൂത്രം ,ചാണകം എന്നിവ ഉപയോഗിച്ച് ബയോഗ്യാസ് , ജൈവ കീടനാശിനി എന്നിവ നിർമ്മിക്കുന്നു .ഈ പ്രദേശത്തെ പ്രവർത്തനങ്ങൾ കാണുന്നതിനും, പഠിക്കുന്നതിനും ആയി ഇതിനകം ശരാശരി ഒരു ലക്ഷത്തി എൺപതിനായിരം പേർ സന്ദർശിച്ചു കഴിഞ്ഞു. വേങ്ങേരിയിലെ നിറവ് എന്ന കമ്പനി ഇത്രയും കാര്യങ്ങൾ നടപ്പിലാക്കുന്നു എങ്കിൽ നമ്മുടെ ഓരോ സഹകരണ സ്ഥാപനങ്ങൾക്കും തങ്ങളുടെ പ്രദേശത്ത് എന്തുകൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കി കൂടാ!!!

ഒരു പുതിയ കേരളത്തിൻറെ സൃഷ്ടിക്കായി സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഒരായിരം “നിറവുകൾക്ക്” രൂപം നൽകാൻ കഴിയും എന്ന് ഉറപ്പാണ് .

Leave a Reply

Your email address will not be published. Required fields are marked *

Latest News