പാലക്കാട് ക്ഷീരസംഘങ്ങള്‍ക്ക് സംഭരണത്തിന് ക്വാട്ടയും അധികപാലിന് ‘പിഴയും’

Deepthi Vipin lal

പാലക്കാട് ജില്ലയില്‍ പാല്‍സംഭരണത്തിന് ക്ഷീര സംഘങ്ങള്‍ക്ക് മില്‍മ ഏര്‍പ്പെടുത്തിയ ‘ക്വാട്ട’ കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും ഒരുപോലെ ദോഷമാകുന്നു. തമിഴ്നാട് അതിര്‍ത്തിയോടുചേര്‍ന്നുള്ള സംഘങ്ങളില്‍ ക്ഷീരകര്‍ഷകരുടേതല്ലാത്ത പാല്‍ സംഭരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മില്‍മ, മലബാര്‍ മേഖലാ യൂണിയന്‍ സംഘങ്ങള്‍ക്ക് ക്വാട്ട നിശ്ചയിച്ചത്. ക്വാട്ട തെറ്റിച്ച് പാല്‍ സംഭരിച്ചാല്‍ അധികമായി വരുന്ന പാലിന് ലിറ്ററിന് 10രൂപ വെട്ടിക്കുറയ്ക്കും.

ഒന്നരവര്‍ഷം മുമ്പ് നിശ്ചയിച്ച ക്വാട്ടയാണ് ഇപ്പോഴും ക്ഷീര സംഘങ്ങള്‍ക്കുള്ളത്. ഒന്നരവര്‍ഷത്തിനിടയില്‍ പാലുല്‍പാദനം ഗണ്യമായി കൂടിയിട്ടുണ്ട്. ഭക്ഷ്യോല്‍പാദനം കൂട്ടാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയില്‍ തന്നെ ഒട്ടേറെപ്പേര്‍ ക്ഷീരമേഖലയിലേക്ക് വന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികളും ഇതിന് ഗുണകരമായിട്ടുണ്ട്. കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ കൂടുതലും സംരംഭകത്വം പരീക്ഷിച്ചത് ക്ഷീരമേഖലയിലാണ്. പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി ക്ഷീരവകുപ്പ് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമാണ് പാലുല്‍പാദനം കൂടാന്‍ കാരണം.

പാലുല്‍്പാദനം കുത്തനെ കുടിയിട്ടും മില്‍മ സംഘങ്ങള്‍ക്ക് നല്‍കിയ ക്വാട്ട പുതുക്കിയില്ല. ഇതുമൂലം ചിറ്റൂര്‍, പാലക്കാട് താലൂക്കുകളിലുള്‍പ്പെടെയുള്ള 50ലധികം സംഘങ്ങള്‍ സാമ്പത്തികനഷ്ടത്തിലേക്ക് നീങ്ങുകയാണ്. വേനല്‍മഴയില്‍ പച്ചപ്പുല്ലിന്റെ ലഭ്യത കൂടിയതും പാലുത്പാദനം കൂടാന്‍ കാരണമായിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരുമാസംകൊണ്ട് പാലക്കാട് ജില്ലയില്‍ 48,000 ലിറ്റര്‍ പാലാണ് കൂടിയിട്ടുള്ളത്. ജില്ലയില്‍ പ്രതിദിനം 2.22 ലക്ഷം ലിറ്റര്‍ സംഭരിച്ചിരുന്ന സ്ഥാനത്ത് മേയ് പകുതിയാകുമ്പോഴേക്കും 2.70 ലക്ഷം ലിറ്ററായി ഉയര്‍ന്നു. ഇതില്‍ 1.55 ലക്ഷം ലിറ്ററും ചിറ്റൂര്‍, പാലക്കാട് താലൂക്കുകളിലുള്ള ക്ഷീരസംഘങ്ങളില്‍നിന്നാണ്.

കര്‍ഷകര്‍ കൊണ്ടുവരുന്ന പാല്‍ മുഴുവനും സംഘങ്ങള്‍ സംഭരിക്കേണ്ട സ്ഥിതിയുണ്ട്. ഇല്ലെങ്കില്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലാകും. എന്നാല്‍, ഒന്നരവര്‍ഷംമുമ്പ് നിശ്ചയിച്ച അളവില്‍ ഇപ്പോഴും പാല്‍ സംഭരിക്കുമ്പോള്‍ അധികപാലിന്റെ അളവ് കൂടും. ഈ പാല്‍ മില്‍മയ്ക്ക് നല്‍കിയാല്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന സംഭരണവിലയില്‍നിന്ന് ലിറ്ററിന് 10 രൂപ കുറയ്ക്കും. ഈ പിഴ രീതിയാണ് സംഘങ്ങളെ കുഴക്കുന്നത്. അല്ലെങ്കില്‍ അധികമായെത്തുന്ന പാല്‍ സംഘങ്ങള്‍ സംഭരിക്കാതിരിക്കണം. ലോക്ഡൗണിലെ ദുരിതത്തിനൊപ്പം, കര്‍ഷകര്‍ക്ക് അധികബാധ്യതയുണ്ടാക്കുന്ന ഈ നടപടി ക്ഷീരസംഘങ്ങളെകൊണ്ട് ചെയ്യിപ്പിക്കുന്നതാണ് മില്‍മയുടെ ‘പിഴ’ ചുമത്തല്‍ രീതി. പാലുത്പാദനം കൂടിയതോടെ മിക്ക സംഘങ്ങളിലും 500 മുതല്‍ 3000 ലിറ്റര്‍വരെ പാല്‍ അധികമായി എത്തുന്നുണ്ടെന്നാണ് കണക്ക്.

കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാലിന് വില നല്‍കേണ്ടതിനാലാണ് സംഘങ്ങള്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാകുന്നത്. സംഘങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പരിഹാരമായി കര്‍ഷകരുടെ പാല്‍ മുഴുവന്‍ സംഭരിക്കാന്‍ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് ക്ഷീരസംഘം ഭാരവാഹികള്‍ വകുപ്പുമന്ത്രിക്ക് പരാതിനല്‍കി. എന്നാല്‍ വില്‍പ്പന പ്രതിസന്ധിനേരിടുന്ന ഈ സമയത്ത് ക്വാട്ട സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News