നെല്ലുവില നല്‍കാന്‍ കേരളബാങ്ക് നല്‍കുമോ 2300 കോടി; തര്‍ക്കം പലിശയില്‍

moonamvazhi

കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ കേരള ബാങ്ക് സപ്ലൈകോയ്ക്ക് വായ്പയനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. 2,300 കോടി രൂപ വായ്പയനുവദിക്കാന്‍ നേരത്തേ ധാരണയായിരുന്നു. ഇതിന്റെ പലിശനിരക്ക് സംബന്ധിച്ചാണ് തര്‍ക്കമുള്ളത്.

7.65 ശതമാനം പലിശ വേണമെന്നാണ് കേരള ബാങ്കിന്റെ ആവശ്യം. 6.9 ശതമാനം നിരക്കിലാണ് പൊതുമേഖലാബാങ്കുകള്‍ സപ്ലൈകോയ്ക്ക് വായ്പയനുവദിച്ചത്. ഈ പലിശനിരക്കില്‍ പണം നല്‍കണമെന്നാണ് സപ്ലൈകോയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തയ്യാറായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം പലിശനിരക്ക് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചതാണെന്നും ഇതില്‍ മാറ്റമില്ലെന്നുമാണ് കേരള ബാങ്കിന്റെ നിലപാട്.

പി.ആര്‍.എസിന്മേല്‍ (നെല്ല് കൈപ്പറ്റ് രസീത്) കര്‍ഷകര്‍ക്ക് നെല്ലിന്റെ വില വായ്പയായി നല്‍കുന്ന 10 വര്‍ഷമായുള്ള രീതി തുടരാമെന്നാണ് കേരള ബാങ്കിന്റെ നിലപാട്. പൊതുമേഖലാബാങ്കുകളുടെ കൂട്ടായ്മ (കണ്‍സോര്‍ഷ്യം) കര്‍ഷകരെ വായ്പക്കാരായി മാറ്റുന്ന ഈ രീതിക്കുപകരം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കാനാണ് തീരുമാനിച്ചത്. കേരള ബാങ്ക് നല്‍കുന്ന വായ്പ വൈകിയാല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്നത് മുടങ്ങും. പൊതുമേഖലാബാങ്കുകള്‍ അനുവദിച്ച 2,500 കോടി രൂപയുടെ വായ്പ പഴയ വായ്പാക്കുടിശ്ശികയില്‍ തട്ടിക്കിഴിച്ചതോടെ ഫലത്തില്‍ സപ്ലൈകോയ്ക്ക് ഗുണമുണ്ടായില്ല.

സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച 129 കോടി രൂപയില്‍നിന്നാണ് ഇപ്പോള്‍ വില നല്‍കിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള വിഹിതം പൂര്‍ണമായി കിട്ടിയിട്ടില്ല. താങ്ങുവിലയിലെ കേന്ദ്രവിഹിതം പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News