നിയമസഭാ ചോദ്യങ്ങള്‍ക്ക്മറുപടി നല്‍കാന്‍ സഹകരണ വകുപ്പില്‍ നോഡല്‍ ഓഫീസര്‍
നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ഉത്തരം നല്‍കുന്നതിന് സഹകരണ വകുപ്പ് നോഡല്‍ ഓഫീസറെ നിയോഗിച്ചു. അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷാണ് നോഡല്‍ ഓഫീസര്‍. നിയമസഭാ ചോദ്യങ്ങളുടെ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
നിയമസഭയില്‍ എം.എല്‍.എ.മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി വൈകുന്നുവെന്നു പരാതി ഉയര്‍ന്നിരുന്നു. ഇത് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിക്കുകയും ചെയ്തിരുന്നു. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അതത് സമ്മേളനകാലത്തുതന്നെ ലഭ്യമാക്കാന്‍ ശ്രമിക്കണമെന്ന് സ്പീക്കല്‍ എം.ബി. രാജേഷ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം വകുപ്പുകളില്‍ കൊണ്ടുവരുന്നത്.
15-ാo നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ യഥാസമയം മറുപടി ലഭ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഓരോ വകുപ്പിലും അഡീഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നായിരുന്നു പാര്‍ലമെന്ററി കാര്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍, മൂന്നാം സമ്മേളനത്തിലേക്ക് മാത്രം പരിമിതപ്പെടുത്താതെയാണ് സഹകരണ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുള്ളത്. 15-ാം സഭയുടെ സമ്മേളനങ്ങളിലെല്ലാം സഹകരണ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭ്യമാക്കുന്നതിന്റെ ഏകോപന ചുമതല പി.എസ്. രാജേഷിന് നല്‍കിയാണ് സഹകരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എല്‍. സുനിത ഉത്തരവിറക്കിയിട്ടുള്ളത്.
[mbzshare]