നിയമപോരാട്ടത്തില്‍ കേരള സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു; ആര്‍.ബി.ഐ.’പണി’ തരുമെന്ന്ആശങ്ക

Deepthi Vipin lal

റിസര്‍വ് ബാങ്കിനെതിരെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടടിക്കുന്നു. സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ ആര്‍.ബി.ഐ. പത്രപ്പരസ്യം നല്‍കിയിട്ട് രണ്ടു മാസമാവാറായിട്ടും ഇതുവരെ ഹരജി ഫയല്‍ ചെയ്തിട്ടില്ല. ഫയല്‍ ചെയ്യാനുള്ള ഒരു നിര്‍ദ്ദേശവും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്റ്റാന്റിങ് കൗണ്‍സിലിന് ലഭിച്ചിട്ടില്ലെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള വിവരം. കേസുമായി സര്‍ക്കാരെത്തിയാല്‍ ആര്‍.ബി.ഐ. ‘പണി’ തരുമോയെന്ന ആശങ്കയാണ് ഈ പിന്നോട്ടടിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്്’ എന്നു പേരിനൊപ്പം ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുത്, സഹകരണ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ ലഭിക്കില്ല എന്നീ കാര്യങ്ങളാണ് റിസര്‍വ് ബാങ്ക് പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇത് മൂന്നും നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായിത്തന്നെ റിസര്‍വ് ബാങ്കിനെ അറിയിച്ചു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്ന നോട്ടീസ് പരസ്യപ്പെടുത്തിയതിനും ആര്‍.ബി.ഐ. തിരുത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

സഹകാരികള്‍ ഒന്നടങ്കം ഇതിനായി രംഗത്തിറങ്ങി. ഓരോ ജില്ലയിലും സഹകരണ സംരംക്ഷണ സമിതികള്‍ രൂപീകരിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന് മുമ്പിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. പക്ഷേ, റിസര്‍വ് ബാങ്ക് ഒരു തിരുത്തല്‍ നടപടിയും സ്വീകരിച്ചില്ല. ആര്‍.ബി.ഐ.യുടെ നിയമവിരുദ്ധ നടപടിയെ നിയമപരമായി നേരിടാനാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരും സഹകാരികളും തീരുമാനിച്ചത്. സഹകരണ സംരക്ഷണ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ഇത്. ഇതിനുള്ള ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെ ഹരജി ഫയല്‍ ചെയ്തിട്ടില്ല. അതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമില്ല. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഹരജിയില്‍ കേരളത്തെ കുരുക്കാനുള്ള നീക്കമാകും റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാവുക എന്ന് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ് സര്‍ക്കാര്‍ പിന്നോട്ടടിക്കാന്‍ കാരണമെന്നും പറയുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അവയുടെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരെ നോമിനല്‍-അസോസിയേറ്റ് അംഗങ്ങളായി ചേര്‍ക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമായി റിസര്‍വ് ബാങ്ക് ഉന്നയിച്ചാല്‍ കേരളത്തിന് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഷത്തിലേറെയായി ബാങ്ക് എന്ന പേര് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി പല ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് കേരളത്തിന് കത്ത് നല്‍കിയിട്ടുണ്ട്. പല യോഗങ്ങളിലും ഇക്കാര്യം ഉന്നയിച്ചിട്ടുമുണ്ട്. ഒരിക്കലും സര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചിട്ടില്ല. ഇതിന്റെ മുഴുവന്‍ വിവരങ്ങളും തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍നിന്ന് റിസര്‍വ് ബാങ്ക് ശേഖരിച്ചിട്ടുണ്ട്.

നിക്ഷേപ സുരക്ഷ സംബന്ധിച്ച് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരില്‍ ചിലര്‍ റിസര്‍വ് ബാങ്കിന് ഇപ്പോള്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്‍.ബി.ഐ. നല്‍കിയ പത്രപ്പരസ്യംകൂടി ഉള്‍പ്പെടുത്തിയാണ് പരാതി. ഈ ബാങ്കിലെ പ്രശ്നം തീര്‍ക്കാതെ റിസര്‍വ് ബാങ്ക് നോട്ടീസിനെതിരെ സുപ്രീംകോടതിയിലെത്തിയാല്‍ അത് തിരിച്ചടിയായേക്കുമെന്ന ആശങ്കയുമുണ്ട്. കരുവന്നൂരിലെ മുഴുവന്‍ വിവരങ്ങളും റിസര്‍വ് ബാങ്ക് ഇതിനകം ശേഖരിച്ചിട്ടുണ്ട്. പരാതി കൊടുത്ത നിക്ഷേപകരുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സംസാരിച്ചതായും വിവരമുണ്ട്. ഇവരിലാരെയെങ്കിലും ആര്‍.ബി.ഐ. സുപ്രീംകോടതിക്ക് മുമ്പില്‍ ഹാജരാക്കിയാലും കേരളത്തിന്റെ പ്രതീക്ഷ ചിലപ്പോള്‍ തകിടം മറിയും. ഇതെല്ലാമാണ് സുപ്രീംകോടതിയിലെ പോരാട്ടം കേരളത്തിന് തിരിച്ചടിയാകുമോയെന്ന ആശങ്ക ഒരു വിഭാഗം നിയമവിദഗ്ധരും സഹകാരികളും ചൂണ്ടിക്കാട്ടുന്നതിന് കാരണം. ഇത്തരം ആശയക്കുഴപ്പം നിലനില്‍ക്കുന്നത് കൊണ്ടാണ് ഹരജി ഫയല്‍ ചെയ്യാന്‍ വൈകുന്നതെന്നാണ് സൂചന. എന്നാല്‍, അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിനനുസരിച്ച് കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News