നിക്ഷേപിച്ചതു 30 കോടി, ഡിവിഡന്റായി കിട്ടിയത് 100 കോടിയിലധികം
2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഡല്‍ഹി സഹകരണ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ( DCHFC ) നിന്നു ഡല്‍ഹി സര്‍ക്കാരിനു 7.26 കോടി രൂപ ഡിവിഡന്റായി ലഭിച്ചു. ഇതിന്റെ ചെക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു കൈമാറി.
ഡല്‍ഹി സര്‍ക്കാര്‍ DCHFC യില്‍ മുടക്കിയതിന്റെ മൂന്നിരട്ടിയിലധികം ഡിവിഡന്റായി കിട്ടിക്കഴിഞ്ഞു. DCHFC യില്‍ 30.26 കോടി രൂപയാണു 96.86 ശതമാനം ഓഹരിമൂലധനത്തിനായി സര്‍ക്കാര്‍ മുടക്കിയത്. ഇതുവരെയായി 100 കോടിയിലധികം രൂപ ഡിവിഡന്റായി കിട്ടി. നിക്ഷേപകര്‍ക്കു പ്രതിവര്‍ഷം 12 ശതമാനം ഡിവിഡന്റാണു DCHFC നല്‍കുന്നത്.
ഡല്‍ഹിയിലെ ഭവന നിര്‍മാണ സഹകരണ സംഘങ്ങള്‍ക്കു ധനസഹായം നല്‍കാനായി സ്ഥാപിച്ച ഡല്‍ഹി സഹകരണ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒരു അപക്‌സ് സ്ഥാപനമാണ്. ഡല്‍ഹിയിലെ വിവിധ ഭവന നിര്‍മാണ സഹകരണ സംഘങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. അംഗസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ അപക്‌സ് സ്ഥാപനം കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കുന്നു. കോവിഡ് കാലത്ത് DCHFC മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ഒരു കോടി രൂപയാണു സംഭാവന നല്‍കിയത്.