നഷ്ടപ്പെട്ടുപോയ നാട്ടുമാവുകളെ വീണ്ടെടുക്കണം – മന്ത്രി വാസവന്‍
കേരളത്തിലുണ്ടായിരുന്ന ആയിരത്തി ഇരുന്നൂറോളം നാട്ടുമാവുകളില്‍ പലതിനും വംശനാശം വന്നിരിക്കുകയാണെന്നും നഷ്ടപ്പെട്ടുപോയവയെ വീണ്ടെടുക്കാനുള്ള പരിശ്രമം നമ്മള്‍ നടത്തുകയാണെന്നും സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. വിദേശത്തുനിന്നും രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന മാവിനങ്ങള്‍ക്കു നമ്മുടെ നാട്ടുമാവുകള്‍ക്കുള്ളത്ര ആയുസ്സില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി വാസവന്‍. ഇക്കൊല്ലം ഒരു ലക്ഷം മാവിന്‍തൈകളാണു സഹകരണ സംഘങ്ങള്‍ നട്ടു പരിപാലിക്കുന്നത്. കോട്ടയം പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തിലാണു മന്ത്രി ആദ്യത്തെ മാവിന്‍തൈ നട്ടത്. ഈ ചടങ്ങിനുശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. പാമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് റെജി സക്കറിയ, പ്രാഥമിക കാര്‍ഷിക സര്‍വീസ് സഹകരണ സംഘം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജയകൃഷ്ണന്‍, ജോയന്റ് രജിസ്ട്രാര്‍ എം. അജിത്കുമാര്‍, അഡ്വ. ജോസഫ് ഫിലിപ്പ്, ഡാലി റോയ്, ഇ.എസ്. സാബു, സി.എം. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. കെ.എം. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
സഹകരണ സംഘങ്ങള്‍ ഒരു മാസത്തിനുള്ളില്‍ സംസ്ഥാനത്തെങ്ങും ഒരു ലക്ഷം മാവിന്‍തൈകള്‍ നടും. 2018 ലാരംഭിച്ച ഹരിതം സഹകരണ പദ്ധതിയിലൂടെ അഞ്ചു ലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണു സഹകരണ വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി നാലു ലക്ഷം വൃക്ഷത്തെകള്‍ നട്ടിട്ടുണ്ട്. ഇതിന്റെ പരിപാലനവും സംഘങ്ങളാണു ഏറ്റെടുത്തിരിക്കുന്നത്.