ദേശീയ വ്യവസായ ട്രേഡ് ഫെസ്റ്റില്‍ ആദ്യമായി കേരളത്തിലെ സഹകരണ സംഘങ്ങള്‍ പങ്കാളികളാകുന്നു

moonamvazhi

ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ വ്യവസായ ട്രേഡ് ഫെസിറ്റില്‍ (ഐ.ഐ.ടി.എഫ്.) ഇത്തവണ ആദ്യമായി കേരളത്തിലെ സഹകരണ സംഘങ്ങള്‍ പങ്കാളികളാകുന്നു. എല്ലാവര്‍ഷവും മാര്‍ക്കറ്റ് ഫെഡ് ഈ ഫെസ്റ്റില്‍ പങ്കെടുക്കാറുണ്ടെങ്കിലും അവയില്‍ മറ്റ് സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാതിനിധ്യം കിട്ടാറുണ്ടായിരുന്നില്ല. ഇത്തവണ കേരളത്തിലെ സഹകരണ ഉല്‍പന്നങ്ങളില്‍നിന്ന് തിരഞ്ഞെടുത്തവ ഡല്‍ഹിയില്‍ അതത് സംഘങ്ങളുടെ പേരില്‍തന്നെ അവതരിപ്പിക്കും. കോഓപ് മാര്‍ട്ടിന്റെ പേരില്‍ സ്റ്റാള്‍ തുറന്ന് ഇത്തവണ സഹകരണ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തണമെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ദേശീയ വ്യവസായ ട്രേഡ് ഫെസ്റ്റ് നല്ല ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണിസാധ്യതയുടെ കവാടം തുറക്കുന്ന ഒന്നാണ്. എല്ലാ സംസ്ഥാനങ്ങളിലെയും വിപണിയുടെ ഭാഗമായിട്ടുള്ളവര്‍ ഈ മേളയില്‍ പങ്കാളിയാകും. ഒപ്പം, കയറ്റുമതിയില്‍ ശ്രദ്ധയൂന്നിയ ഏജന്‍സികളും ഇതിന്റെ ഭാഗമാണ്. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് കേരളത്തിന് പുറത്തേക്ക് വിപണി കണ്ടെത്താനാകുന്നില്ലെന്നതാണ് പ്രധാന പോരായ്മ. പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള കഴിവില്ലായ്മയാണ് ഇതിന് കാരണം. അതേസമയം, എന്‍.എം.ഡി.സി., ദിനേശ്, വരാപ്പെട്ടി എന്നീ സഹകരണ സംഘങ്ങള്‍ അവരുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. അതിന് വിപണി മൂല്യം കൂടുതലുണ്ടെന്നതാണ് ഇവരുടെ അനുഭവം.

കേരളത്തിലെ എല്ലാ നല്ല ഉല്‍പന്നങ്ങള്‍ക്കും വിപണി ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇത്തവണ ദേശീയ മേളയില്‍ പങ്കെടുക്കുന്നതിന് നിര്‍ദ്ദേശിച്ച സഹകരണ സംഘം രജിസ്ട്രാറും ലക്ഷ്യമിടുന്നത്. കോഓപ് മാര്‍ട്ടിന്റെ സാധ്യത തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അതിനാല്‍, കോഓപ് മാര്‍ട്ടിന്റെ നിര്‍വഹണ ഏജന്‍സിയായ എന്‍.എം.ഡി.സി.ക്കാണ് ദേശീയ വ്യവസായ മേളയില്‍ കേരളത്തിന്റെ സഹകരണ പവലിയന്‍ തുറക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. വിവിധ സംഘങ്ങളുടേതായി 33 ഉല്‍പന്നങ്ങളാണ് കേരളത്തില്‍നിന്ന് മേളയില്‍ അവതരിപ്പിക്കുക. മാര്‍ക്കറ്റ് ഫെഡിന്റെ പവലിയന് പുറമെയാണ് കേരളത്തിന്റെ സഹകരണ സ്റ്റാള്‍ സ്ഥാപിക്കുന്നത്. ഡല്‍ഹി പ്രഗതി മൈതാനത്ത് നവംബര്‍ 14 മുതല്‍ 17വരെയാണ് ട്രേഡ് ഫെസ്റ്റ് നടക്കുന്നത്.

സഹകരണ ഉല്‍പന്നങ്ങള്‍ക്കായി എന്‍.സി.ഡി.സി. 2020 ഒരു ദേശീയ വ്യാപാര മേള (ഐ.ഐ.സി.ടി.എഫ്.) സംഘടിപ്പിച്ചിരുന്നു. ഇതിലും കേരളത്തിന്റെ സഹകരണ സ്റ്റാള്‍ ഉണ്ടായിരുന്നു. ഇത് സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രചാരം കൂട്ടാന്‍ വഴിയൊരുക്കിയതാണ്. എന്നാല്‍, അന്ന് സംഘങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതെയാണ് പവലിയന്‍ ഒരുക്കിയത്. ഒരുമേളയില്‍ തുടങ്ങി അതില്‍ അവസാനിക്കുന്ന കരാര്‍ മാത്രമായാണ് മേളയുടെ നടത്തിപ്പ് ചുമതലയിലുണ്ടായിരുന്നവര്‍ ഇതിനെ കണ്ടത്. വിപണി കൂട്ടാന്‍ തുടര്‍നടപടിയുണ്ടായില്ല. അന്ന് ചുമതല നല്‍കിയവരെ മാറ്റിനിര്‍ത്തി ഒരു സഹകരണ സംഘത്തിനെ ഏല്‍പിച്ചതും, കോഓപ് മാര്‍ട്ടിന്റെ പേരില്‍ സ്റ്റാള്‍ തുടങ്ങാന്‍ തീരുമാനിച്ചതും രജിസ്ട്രാറുടെ ഗുണപരമായ ഇടപെടലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News