തൊഴില്‍ ഉറപ്പിനും സഹകരണം തന്നെ മുന്നില്‍

Deepthi Vipin lal

 

100 ദിവസം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കുമെന്നത് കേരള സര്‍ക്കാരിന്റെ അവസാന വര്‍ഷത്തെ ആകര്‍ഷകമായ പ്രഖ്യാപനങ്ങളിലൊന്നാണ്. ഇതുവരെ സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രഖ്യാപനങ്ങളെല്ലാം സഹകരണ മേഖലയുടെ കരുത്തിലാണ് നടപ്പാക്കാനായത്. ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കല്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ മുടങ്ങാതെ നല്‍കല്‍, പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്കുള്ള കെയര്‍ഹോം പദ്ധതി എന്നിവയ്‌ക്കെല്ലാം സഹകരണ മേഖല നല്‍കിയ കൈത്താങ്ങ് ചെറുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം, ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് അതിനുള്ള അവസരമുണ്ടാക്കല്‍ എന്നിവയും സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ തൊഴിലവസരം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിലും ആ ദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പില്‍ വരുന്നതും സഹകരണ സ്ഥാപനങ്ങളാണ്. 17,000 തൊഴിലവസരം നല്‍കുമെന്നാണ് സഹകരണ മേഖലയുടെ ഉറപ്പ്. അതിലൊന്നുപോലും കുറയില്ലെന്നു മാത്രമല്ല, ഇരുപതിനായിരത്തിലേറെ നല്‍കാനാവുമെന്ന സ്ഥിതിയിലേക്ക് ആസൂത്രണം ലക്ഷ്യം കണ്ടിട്ടുണ്ട്.

പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് സഹകരണ സംഘങ്ങള്‍ കടന്നുപോകുന്നത്. സംരംഭങ്ങളിലൂടെയാണ് തൊഴിലവസരം ഒരുക്കേണ്ടത്. ഈ ഘട്ടത്തില്‍ സംഘങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരും കാണിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ നിരവധി സംഘങ്ങള്‍ വിവിധ പദ്ധതികളുടെ അംഗീകാരത്തിനായി കൊടുത്ത അപേക്ഷ സര്‍ക്കാരിലും സഹകരണ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുമ്പോള്‍ തൊഴില്‍ സാധ്യതകളും സംഘങ്ങളുടെ വളര്‍ച്ചയുമാണ് ഇല്ലാതാക്കുന്നതെന്ന തിരിച്ചറിവെങ്കിലും ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. സഹകരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുന്നത് അപ്രഖ്യാപിതമായി വിലക്കിയിരിക്കുകയാണ്. എന്‍.സി.ഡി.സി. നല്‍കുന്ന സാമ്പത്തിക സഹായം സഹകരണ സംഘങ്ങള്‍ സ്വീകരിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയും ഗ്യാരന്റിയും വേണം. എല്ലാ കാലത്തും ഒരു മുടക്കവുമില്ലാതെ എല്ലാ സര്‍ക്കാരുകളും ഇതിനെ പിന്തുണച്ചിട്ടേയുള്ളൂ. അതിനാണ് ഇപ്പോള്‍ മുടക്കം വരുത്തിയിരിക്കുന്നത്. നിരവധി അപേക്ഷകള്‍ ഇപ്പോള്‍ ധനവകുപ്പിന്റെ കാരുണ്യം കാത്ത് കെട്ടിക്കിടക്കുന്നുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത സഹകരണ മേഖലയോട് തിരിച്ച് ഒരു പരിഗണന നല്‍കേണ്ടത് സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കുകയാണ്. വിപണികളുടെ മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി കുത്തകകള്‍ക്ക് വില നിശ്ചയിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ഇതിനെ ചെറുക്കാന്‍ സഹകരണ മേഖല തയാറെടുക്കേണ്ടതുണ്ട്. കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ഉല്‍പ്പാദകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ട ചുമതല സഹകരണ മേഖല ഏറ്റെടുക്കണം. വിപണി സമ്പദ്‌വ്യവസ്ഥക്കെതിരെ പ്രതിരോധത്തിലൂന്നിയ സഹകരണ ബദല്‍ സൃഷ്ടിക്കാന്‍ നമുക്കു കഴിയണം.

– എഡിറ്റര്‍

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News