തെലങ്കാനയില്‍ മീന്‍പിടിത്തക്കാരുടെ ആയിരം സഹകരണ സംഘങ്ങള്‍കൂടി മൂന്നു മാസത്തിനകം രൂപം കൊള്ളും
മൂന്നു മാസം നീളുന്ന അംഗത്വപ്രചാരണത്തിലൂടെ മീന്‍പിടിത്തക്കാരുടെ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താന്‍ തെലങ്കാന സര്‍ക്കാര്‍ നടപടി തുടങ്ങിയതായി ‘ തെലങ്കാന ടുഡെ ‘ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം 1.3 ലക്ഷം മീന്പിടിത്തക്കാരെക്കൂടി സഹകരണസംഘങ്ങളില്‍ കൊണ്ടുവരാനാണു ശ്രമം. മൂന്നു മാസംകൊണ്ട് പുതുതായി ആയിരം മത്സ്യത്തൊഴിലാളിസഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മുതിരാജ്, ഗംഗപുത്ര, തെനുഗു, ഗുണ്ട്ലബസ്ത, ബസ്ത, മുത്തരശി സമുദായങ്ങളില്‍പ്പെട്ടവരും 18 വയസ് തികഞ്ഞവരുമായ യുവമീന്പിടിത്തക്കാരെയാണു അംഗത്വപ്രചാരണംവഴി സഹകരണാശയങ്ങളിലേക്ക് ആകര്‍ഷിക്കുക. ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാരത് രാഷ്ട്ര സമിതി സര്‍ക്കാര്‍ കൃഷി, മീന്‍പിടിത്തം ഉള്‍പ്പെടെയുള്ള മേഖലകളെ പ്രോത്സാഹിപ്പിച്ചുവരികയാണ്. സംസ്ഥാനമെങ്ങുമുള്ള ജലാശയങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഫിഷറീസ് വകുപ്പ് മീന്‍കുഞ്ഞുങ്ങളെ വളര്‍ത്തുന്നുണ്ട്. ചെറിയൊരു ഫീസ് വാങ്ങി ഈ ജലാശയങ്ങള്‍ സഹകരണസംഘങ്ങള്‍ക്കു പാട്ടത്തിനു കൊടുക്കും.
എട്ടു കൊല്ലത്തിനിടയില്‍ തെലങ്കാനയില്‍ മീന്‍പിടിത്തക്കാരുടെ സഹകരണസംഘങ്ങള്‍ നന്നായി വളര്‍ന്നിട്ടുണ്ട്. 2014-15 ല്‍ ഇത്തരത്തില്‍പ്പെട്ട 3,200 സംഘങ്ങളാണുണ്ടായിരുന്നത്. 2022 ല്‍ അതു 5,200 ആയി വര്‍ധിച്ചു. സംഘങ്ങളിലെ അംഗസംഖ്യ 2.2 ലക്ഷത്തില്‍നിന്നു 3.57 ലക്ഷമായും വര്‍ധിച്ചു. മത്സ്യോല്‍പ്പാദനവും സംസ്ഥാനത്തു കൂടിയിട്ടുണ്ട്. 2016-17ല്‍ 2,252 കോടി രൂപയുടെ 1.99 ലക്ഷം ടണ്‍ മത്സ്യം ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2021-22 ല്‍ 5,859 കോടി രൂപയുടെ 3.89 ലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ചു.
അംഗത്വപ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ 7,963 അംഗങ്ങളെ ചേര്‍ത്ത് 406 മീന്‍പിടിത്ത സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചുകഴിഞ്ഞു. 241 സംഘങ്ങള്‍ ഈ മാസാവസാനത്തോടെ രൂപവത്കരിക്കും. നാളിതുവരെ മീന്‍പിടിത്തക്കാരുടെ ഒറ്റ സംഘവും രൂപം കൊള്ളാത്ത ഗ്രാമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തെലങ്കാന ഫിഷറീസ് മന്ത്രി തലസാനി ശ്രീനിവാസ യാദവ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.