ട്രിബ്യൂണല്‍ വിധി ലംഘിച്ച് സ്ഥലംമാറ്റ ഉത്തരവ്; സഹകരണ വകുപ്പിനെതിരെ കോടതിയലക്ഷ്യ ഹരജി

[mbzauthor]

ഓണ്‍ലൈന്‍ രീതിയിലല്ലാതെ സ്ഥലം മാറ്റം നടത്തരുതെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹകരണ വകുപ്പിനെതിരെ കോടതിയലക്ഷ്യ ഹരജി. ഓണ്‍ലൈന്‍ രീതിയിലല്ലാതെ ഇനി സ്ഥലം മാറ്റം പാടില്ലെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കി ഒക്ടോബര്‍ 17നാണ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്. രണ്ടുമാസത്തിനുള്ളില്‍ പൊതുസ്ഥലംമാറ്റം നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് ലംഘിച്ച് കൊല്ലം, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് പുതിയ സ്ഥലം മാറ്റം നടപ്പാക്കിയിട്ടുള്ളത്.

വകുപ്പുകളില്‍ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ രീതിയിലാക്കണമെന്ന നിര്‍ദ്ദേശിച്ച് 2017 ഫിബ്രവരിയിലാണ് സര്‍ക്കാര്‍ മാര്‍ഗരേഖയിറക്കിയത്. ഇത് സഹകരണ വകുപ്പ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് 2021 ജുലായില്‍ സഹകരണ ഓഡിറ്റേഴ്‌സ് ആന്‍ഡ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണന്‍ ട്രിബ്യൂണലിനെ സമീപിച്ചു. ഇതില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് രണ്ടുതവണ ട്രിബ്യൂണല്‍ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. അത് പാലിക്കാതെ വന്നതോടെയാണ് ഇനി ഓണ്‍ലൈനല്ലാത്ത സ്ഥലം മാറ്റം പാടില്ലെന്ന് വിലക്കി ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്. അത് ലംഘിച്ച് വീണ്ടും ഉത്തരവിറക്കിയതിനാലാണ് ജയകൃഷ്ണന്‍ ട്രിബ്യൂണലില്‍ കോടതിയലക്ഷ്യ നടപടിക്ക് ഹരജി നല്‍കിയത്.

അസിസ്റ്റന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ തസ്തികയിലുള്ളവരുടെ സ്ഥലം മാറ്റം സംബന്ധിച്ച് നേരത്തെ സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്തതാണ്. രണ്ടുമാസത്തിനുള്ളില്‍ പൊതുസ്ഥലം മാറ്റം ഓണ്‍ലൈന്‍ വഴി നടത്തണമെന്നും ഒരുമാസത്തിനകം ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കാണിച്ച് പിന്നീട് ട്രിബ്യൂണല്‍ ഈ കേസ് തീര്‍പ്പാക്കി. എ.ആര്‍./ ഡി.ആര്‍. സ്ഥലം മറ്റം സംബന്ധിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്തതിനാല്‍ പല ജീവനക്കാര്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് ഈ കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ സഹകരണ വകുപ്പ് ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. അതിനാല്‍, ആ സ്റ്റേ പ്രായോഗികമായി മാറ്റിക്കൊടുക്കുകയും ചെയ്തു. ഇനി ഇത്തരം സ്ഥലം മാറ്റം പാടില്ലെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ നാല് ജില്ലയില്‍ ലംഘിച്ചിരിക്കുന്നത് എന്നാണ് കോടതിയലക്ഷ്യ ഹരജിയിലെ വാദം.

ഓണ്‍ലൈന്‍ സ്ഥലം മാറ്റം വേഗത്തിലാക്കണമെന്നാണ് ട്രിബ്യൂണല്‍ ഉത്തരവിന് ശേഷം സഹകരണ സംഘം രജിസ്ട്രാര്‍ സ്വീകരിച്ച നിലപാട്. അതിനാല്‍, ട്രിബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കേഡര്‍ സ്ഥാനക്കയറ്റം ലഭിച്ച പല ഉദ്യോഗസ്ഥര്‍ക്കും പുതിയ നിയമന ഉത്തരവ് നല്‍കിയിട്ടില്ല. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് ഇപ്പോഴത്തെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. പക്ഷെ, ട്രിബ്യൂണലില്‍ ഇതിനുള്ള വിശദീകരണം സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കേണ്ടിവരും.

[mbzshare]

Leave a Reply

Your email address will not be published.