ജൈവക്കൃഷി പ്രോത്സാഹനം: ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കും- മന്ത്രി അമിത് ഷാ

moonamvazhi

ദേശീയതലത്തില്‍ പ്രകൃതിക്കനുസരണമായ ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണും ഉല്‍പ്പന്നങ്ങളും പരിശോധിക്കാന്‍ ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയതലത്തില്‍ രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ( NCOL ) ജൈവക്കൃഷി ചെയ്യുന്ന രാജ്യത്തെ കര്‍ഷകരുടെ ഡാറ്റാ ബേസ് രൂപവത്കരിക്കുമെന്നും ഓരോ ഘട്ടത്തിലും കൃഷിക്കാര്‍ക്കാവശ്യമായ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. NCOL ലൂടെ ഇന്ത്യ ഇനി ഭക്ഷ്യസ്വയംപര്യാപ്തതയില്‍നിന്നു പോഷകസമൃദ്ധമായ ഭക്ഷ്യവ്യവസ്ഥയിലേക്കാണു നീങ്ങുന്നത് – അമിത് ഷാ അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേയാണു മന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. NCOL ന്റെ ലോഗോയും വെബ്‌സൈറ്റും ബ്രോഷറും അദ്ദേഹം പ്രകാശനം ചെയ്തു. NCOL ല്‍ ചേര്‍ന്ന സഹകരണസ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.

ജൈവക്കൃഷി ചെയ്യുന്ന എല്ലാ കര്‍ഷകരെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കാനുമാണു ദേശീയതലത്തില്‍ NCOL രൂപവത്കരിച്ചതെന്നു മന്ത്രി പറഞ്ഞു. ഭാരത് ഓര്‍ഗാനിക്‌സിന്റെ ആറ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിക്കഴിഞ്ഞു. വരുംനാളുകളില്‍ ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല ആഗോളവിപണിയിലും ജൈവോല്‍പ്പന്നങ്ങളില്‍ വിശ്വസ്തവും ബൃഹത്തുമായ ബ്രാന്റായി ഭാരത് ഓര്‍ഗാനിക്‌സ് മാറും. ഈ ഡിസംബറോടെ മൊത്തം ഇരുപതു ജൈവോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കും. അതോടെ കര്‍ഷകര്‍ക്ക് ഏറെ ഗുണം കിട്ടും- അദ്ദേഹം പറഞ്ഞു.

പുതുതായി വിപണിയിലിറക്കിയ ആറ് ഉല്‍പ്പന്നങ്ങളും മദര്‍ ഡെയറിയുടെ 150 ഔട്ട്‌ലറ്റിലൂടെ വില്‍പ്പനയ്ക്കു വെക്കും. ഓണ്‍ലൈനിലും ഇവ കിട്ടും. ജൈവോല്‍പ്പന്നങ്ങളെ ഒറ്റ മേല്‍ക്കൂരക്കു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എല്ലാ ജൈവോല്‍പ്പന്നങ്ങള്‍ക്കുംകൂടി ഒരു റീട്ടെയ്ല്‍ ഔട്ട്‌ലറ്റ് ശൃംഖലയും സ്ഥാപിക്കും. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിനു കര്‍ഷകര്‍ പ്രകൃതിക്കനുസരണമായ കൃഷിരീതി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കൃഷിക്കാരുടെ എണ്ണം കൂടിവരികയാണ്- അമിത് ഷാ പറഞ്ഞു.

ജൈവോല്‍പ്പന്നങ്ങള്‍ക്കു മതിയായ സാക്ഷ്യപ്പെടുത്തല്‍ ( സര്‍ട്ടിഫിക്കേഷന്‍ ) ഇല്ലാത്തതിനാല്‍ കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രയാസങ്ങള്‍ക്കു പരിഹാരമായാണു 2023 ജനുവരി 11 ന് നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ( NCOL ) രൂപവത്കരിച്ചതെന്നു മന്ത്രി അമിത് ഷാ അറിയിച്ചു. എല്ലാ കര്‍ഷകരും പ്രകൃതിക്കനുസരണമായ കൃഷിരീതി സഹകരണസംഘങ്ങളിലൂടെ സ്വീകരിച്ചാല്‍ നമുക്കു നാലു തരത്തില്‍ അതിന്റെ പ്രയോജനം കിട്ടും. 1. ഓരോ പൗരനും ആരോഗ്യവാനാകും. 2. മണ്ണ് സംരക്ഷിക്കപ്പെടും. 3. ജലം സംരക്ഷിക്കപ്പെടും. 4. കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കും.

 

അമുല്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ( എന്‍.സി.സി.എഫ് ), നാഫെഡ്, നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് ( എന്‍.ഡി.ഡി.ബി ), എന്‍.സി.ഡി.സി, എന്നിവ സംയുക്തമായാണു NCOL നെ പ്രൊമോട്ട് ചെയ്യുന്നത്. 500 കോടി രൂപയാണ് ഇതിന്റെ അംഗീകൃതമൂലധനം. ഇപ്പോള്‍ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, നാഗാലാണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള 950 സഹകരണസംഘങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. രണ്ടായിരത്തിലധികം സംഘങ്ങളില്‍നിന്നു അംഗത്വത്തിനുള്ള അപേക്ഷ കിട്ടിയിട്ടുണ്ട. 2024 -ഓടെ 25,000 ത്തിലധികം സംഘങ്ങള്‍ അംഗങ്ങളാകുമെന്നാണു പ്രതീക്ഷ. ദീര്‍ഘകാലത്തേക്കുള്ള വിപണനപദ്ധതിയുടെ ഭാഗമായി ജൈവോല്‍പ്പന്നങ്ങള്‍ക്കായി ഓരോ ജില്ലയിലും മണ്ണും ഉല്‍പ്പന്നവും പരിശോധിക്കാനായി ലാബറട്ടറികള്‍ സ്ഥാപിക്കും. ഇപ്പോള്‍ രാജ്യത്താകെ 246 ലാബുകളേയുള്ളു. ഭക്ഷ്യസുരക്ഷാ-സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചു അടുത്ത വര്‍ഷത്തോടെ 305 ലാബുകള്‍ സ്ഥാപിക്കും. ഇതില്‍ നൂറെണ്ണം മൊബൈല്‍ ലാബുകളായിരിക്കും – അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published.