ജനകീയമെന്നാല്‍ സുതാര്യവും കൂടിയാണ്

[email protected]

ചേര്‍ത്തുവെക്കുന്ന നാണയത്തുട്ടുകളാണ് സഹകരണ സ്ഥാപനങ്ങളുടെ മൂലധനം. അത് നിക്ഷേപമായാലും ഓഹരിയായാലും. പരസ്പരം അറിഞ്ഞും ബോധ്യപ്പെടുത്തിയും കൂട്ടായ തീരുമാനങ്ങളെടുത്തുമാണ് ഓരോ സംഘവും പ്രവര്‍ത്തിക്കുന്നതും വളരുന്നതും. ഓരോ സംഘത്തിന്‍റെയും പരിധിയിലെ ജനങ്ങളുടെ ജീവിതവും ആവശ്യവും അറിഞ്ഞാണ് പ്രവര്‍ത്തന രീതിപോലും നിര്‍ണയിക്കുന്നത്. അവിടെയുള്ള പണം ജനങ്ങളുടെ പണമാണ്. ഇതില്‍ സര്‍ക്കാരിന് പങ്കാളിത്തമില്ല. ഉണ്ടെങ്കില്‍ ഏതൊരു ഓഹരിയുടമയുടെയും അവകാശവും പങ്കാളിത്തവും മാത്രമേ സര്‍ക്കാരിനുമുള്ളൂ. ഒരു നിയമ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെന്ന നിലയില്‍ സര്‍ക്കാരിന് നിയന്ത്രണങ്ങളും നടപടികളുമാകാം. അവിടെയും, സംഘത്തിന്‍റെ മൗലികമായ അവകാശങ്ങളെ ഹനിക്കുകയോ നിഷേധിക്കുകയോ അരുത്. പക്ഷേ, കേരളബാങ്ക്, ഏകീകൃത സോഫ്റ്റ്വെയര്‍ തുടങ്ങിയ കാര്യങ്ങളിലെ സര്‍ക്കാര്‍ നടപടിക്രമങ്ങളൊന്നും ഈ മാനദണ്ഡം പാലിക്കുന്നതല്ല. ഇതിലൊന്നിലും സുതാര്യതയില്ലെന്ന് മാത്രമല്ല, സംഘങ്ങളുടെ അധികാരങ്ങളില്‍ കൈകടത്തുന്നതും അഴിമതിക്ക് വഴിയൊരുക്കുന്നതുമാണെന്ന സംശയം സഹകാരികളിലുണ്ടാക്കുന്നുമുണ്ട്.

ഏകീകൃത സോഫ്റ്റ്വെയര്‍ സ്ഥാപിക്കാനുള്ള പദ്ധതി കച്ചവടമാകരുത്. ഇഫ്ടാസ് എന്ന സ്ഥാപനവുമായി കരാറുണ്ടാക്കാനാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇഫ്ടാസ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതും റിസര്‍വ് ബാങ്കിന് പോലും പങ്കാളിത്തമുള്ളതുമായ കമ്പനിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, ഇഫ്ടാസിന് സോഫ്റ്റ്വെയര്‍ ഏകീകരിക്കാനുള്ള പ്രാപ്തിയുണ്ടോ? എവിടെയെങ്കിലും അത് തെളിയിച്ചിട്ടുണ്ടോ ? ന്യായമായ തുകയാണോ ഇതിനായി ഈടാക്കുന്നത് ? ഇതിനെല്ലാറ്റിനുമുള്ള ഉത്തരം ‘ നോ’ എന്നാണെങ്കില്‍ എങ്ങനെ ഈ കമ്പനിയെ അംഗീകരിക്കാനാകും? നിര്‍ബന്ധമായി ലക്ഷങ്ങള്‍ ചെലവിട്ട് സോഫ്റ്റ്വെയറുകള്‍ മാറ്റണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കില്‍ അതെങ്ങനെ സഹകരണ ജനാധിപത്യമാകും?

കേരളബാങ്കില്‍ ഐ.ടി. സംയോജനത്തിന് നൂറുകോടി രൂപയാണ് ജില്ലാ സഹകരണ ബാങ്കുകളില്‍നിന്ന് പിരിച്ചെടുക്കുന്നത്. എന്താണ് കേരളബാങ്ക് എന്നോ എന്ത് സോഫ്റ്റ്വെയറാണ് സ്ഥാപിക്കുന്നതെന്നോ അത് അനിവാര്യമാണെന്നോ ഉള്ള ഒരു പരിശോധനയും പഠനവുമില്ലാതെയാണ് ഈ നൂറുകോടിയുടെ പിരിവ്. അതൊരിക്കലും നല്ല കീഴ്വഴക്കമല്ല. സഹകരണ മേഖല ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണെന്ന് ഉറപ്പിച്ചുപറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അതിനാല്‍, സഹകരണ മേഖലയില്‍ നല്ലമാറ്റത്തിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ അവിശ്വസിക്കേണ്ടതില്ല. പക്ഷേ, അത് ഇരുട്ടിലൂടെയാവരുത്. ജനകീയതയ്ക്ക് സുതാര്യത എന്നുകൂടി അര്‍ത്ഥമുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയുമുള്ള നടപടികളാണ് സഹകരണ ജനാധിപത്യമെന്നത് സര്‍ക്കാര്‍ മറന്നുപോവരുത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News