ചെറിയ ഗ്രാമം വലിയ ബാങ്ക്
1946 ല്‍ ഐക്യനാണയ സംഘമായി തുടങ്ങിയ പാലക്കാട് വടവന്നൂര്‍ സഹകരണ ബാങ്ക് ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഏറെ മാറിക്കഴിഞ്ഞു. ആയിരത്തി നാനൂറിലേറെ അംഗങ്ങളുള്ള ബാങ്കിനു ഇന്നു 111 കോടി രൂപയുടെ നിക്ഷേപമുണ്ട്.
17 ചതുരശ്ര കി.മീറ്റര്‍ മാത്രം വിസ്തൃതിയുള്ള പഞ്ചായത്ത്. പതിനേഴായിരത്തിലധികം മാത്രം ജനസംഖ്യയുള്ള കാര്‍ഷികഗ്രാമം. എന്നിട്ടും, പാലക്കാട് ജില്ലയിലെ ചെറിയ പഞ്ചായത്തുകളിലൊന്നായ വടവന്നൂരിലെ സഹകരണ ബാങ്കിനു വളരാന്‍ ഇതൊന്നും തടസ്സമായില്ല. നാട്ടിനും നാട്ടുകാര്‍ക്കും ജീവിതപ്പച്ചപ്പിനു ധനനനവ് പകര്‍ന്ന് ഏഴര പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു, ഈ വലിയ ബാങ്ക്.
പാലക്കാടിന്റെ തെക്കു കിഴക്കന്‍ മേഖലയില്‍ നെല്ലും തെങ്ങും ധാരാളം വളരുന്ന ഗ്രാമം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ധാരാളം. ഇവരുടെ ക്ഷേമം മുന്‍നിര്‍ത്തി 1946 ല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ തുടങ്ങിയ സഹകരണസ്ഥാപനമാണ് ഇന്നു നാടിന്റെ കരുത്തുറ്റ ധനകാര്യകേന്ദ്രമായി ഉയര്‍ന്നത്.
മൂന്നര
പതിറ്റാണ്ടിലെ മാറ്റം
എണ്‍പതുകളുടെ അവസാനം 22 ലക്ഷം രൂപ മാത്രം സ്ഥിരനിക്ഷേപമുണ്ടായിരുന്ന ബാങ്കിന് ഇന്നു 111 കോടി രൂപയുടെ നിക്ഷേപമുണ്ട്. ബാങ്കിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി മൂന്നര പതിറ്റാണ്ടുകാലമായി തുടരുന്ന നിലവിലെ പ്രസിഡന്റ് കെ.എസ്. സക്കീര്‍ ഹുസൈന്റെ നേതൃമികവായി ഈ വളര്‍ച്ച വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 17 വര്‍ഷമായി വടവന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി സേവനം തുടരുന്ന സക്കീര്‍ ഹുസൈനു നാട്ടുകാര്‍ക്കിടയിലുള്ള വലിയ സ്വാധീനമാണു ബാങ്കിന്റെ ഉയര്‍ച്ചക്കും വഴിതെളിച്ചത്. ആയിരത്തിനാനൂറിലേറെ അംഗങ്ങളുള്ള ബാങ്കിനു 79 കോടി രൂപയുടെ വായ്പാ ബാക്കിയുണ്ട്. ഊട്ടറയില്‍ ശാഖയുണ്ട്. പത്തു ജീവനക്കാരാണു ബാങ്കിനുള്ളത്.
കര്‍ഷകര്‍ക്ക്
അത്താണി
കര്‍ഷകര്‍ക്ക് എന്നും ആശ്വാസകേന്ദ്രമാണു വടവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. നെല്‍ക്കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കിവരുന്നതിനു പുറമെ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കുറഞ്ഞ പലിശക്കു വായ്പയായി കര്‍ഷകര്‍ക്കു ബാങ്ക് നല്‍കുന്നുണ്ട്. സംഭരിച്ച നെല്ലിനു യഥാസമയം വില കിട്ടാത്തതില്‍ ജില്ലയില്‍ ഭൂരിഭാഗം കര്‍ഷകരും പ്രയാസപ്പെടുന്ന അവസരത്തിലാണു ബാങ്ക് വടവന്നൂരിലെ നെല്‍ക്കര്‍ഷകര്‍ക്ക് ആശ്വസമാവുന്നത്. വില യഥാസമയം കിട്ടിയാലേ അടുത്ത വിളവിറക്കാന്‍ കഴിയൂ എന്ന അവസ്ഥയിലാണു പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍.
വളം, കീടനാശിനി വില്‍പ്പനയാണു ബാങ്കിന്റെ മറ്റൊരു വലിയ സേവനം. വര്‍ഷം മൂന്നു കോടി രൂപയുടെ വിറ്റുവരവ് വളംഡിപ്പോയില്‍ നടക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളിലെ കര്‍ഷകരും വളത്തിനായി ബാങ്കിലെത്തും. വളം വാങ്ങുന്നതിനും കുറഞ്ഞ തുകക്കു വായ്പ അനുവദിക്കും. ക്ഷീരകര്‍ഷകര്‍ക്കു പശുക്കളെ വാങ്ങുന്നതിനും ബാങ്ക് വായ്പ നല്‍കുന്നുണ്ട്. പഞ്ചായത്തിലെ 163 കുടുംബശ്രീ യൂണിറ്റുകള്‍ക്കു ടൈലറിങ്, കാറ്ററിങ് എന്നിവക്കായി സ്വയംതൊഴില്‍ വായ്പ അനുവദിച്ചിട്ടുണ്ട്.
ബാങ്കിന്റെ പ്രധാന ശാഖയോടു ചേര്‍ന്നുള്ള സ്വന്തം സ്ഥലത്ത് ഒന്നരക്കോടി രൂപ ചെലവില്‍ വളം ഗോഡൗണ്‍ നിര്‍മിക്കാന്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നു ബാങ്ക് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ പറഞ്ഞു. ആരോഗ്യ സേവന രംഗത്തും പ്രവര്‍ത്തനം നടത്താനും പെട്രോള്‍ പമ്പ് തുടങ്ങാനും ആലോചിക്കുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു.
കെ.ബി. അജോയ് വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എം. അനന്തകൃഷ്ണന്‍, എ. മണികണ്ഠന്‍, ആര്‍. രാധാകൃഷ്ണന്‍, ആര്‍. സദാനന്ദന്‍, എ. ഉഷ, കെ.എസ്. ഷീജ, കെ. കലാധരന്‍, വെറ്റി രാജ്, സുജ രാജന്‍ എന്നിവര്‍ അംഗങ്ങളാണ്. വി. ജിംഷിത്താണു സെക്രട്ടറി.