കൺസ്യൂമർ ഫെഡ് ഗോഡൗണുകളിൽ വിജിലൻസ് പരിശോധന
കൺസ്യൂമർ ഫെഡ് വഴി വിതരണം ചെയ്യുന്ന പയർവർഗങ്ങളുടെ ഗുണനിലവാരം കുറവാണെന്ന പരാതിയെ തുടർന്ന് ഗോഡൗണുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗോഡൗണുകളിൽ നിന്നും ഔട്ട് ലെറ്റുകളിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി.
പാലക്കാട് നൂറണി കൺസ്യൂമർ ഫെഡ് ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ 68 ചാക്ക് തുവരപരിപ്പും 22 ചാക്ക് വൻ പയറും ഒരു ചാക്ക് ചെറുപയറും കോഴിക്കോട് ജില്ലയിലെ തടമ്പാറ്റുതാഴം, വയനാട് ജില്ലയിലെ മീനങ്ങാടി, വടകര, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ കാണപ്പെട്ട മുഴുവൻ വൻപയറും ഗുണനിലവാരം ഇല്ലാത്തതാണെന്നും വിജിലൻസ് കണ്ടെത്തി.
കാസർഗോഡ് ജില്ലയിലെ മതിയാനി ഗോഡൗണിൽ നിന്നും ഗുണനിലവാരം കുറഞ്ഞ 2475 കിലോഗ്രാം വൻപയർ കഴിഞ്ഞ മാസം വിതരണം ചെയ്തതായും കോട്ടയം ജില്ലയിലെ പുത്തനങ്ങാടി ഗോഡൗണിൽ കണക്കിൽ പെടാത്ത 750 കിലോഗ്രാം വൻപയറും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഗോഡൗണിൽ നിന്നും കണക്കിൽ പെടാത്ത 130 കിലോഗ്രാം വൻപയറും വിജിലൻസ് കണ്ടെത്തി. ഒട്ടുമിക്ക ഗോഡൗണുകളിലും ഔട്ട് ലെറ്റുകളിലും സ്റ്റോക്ക് രജിസ്റ്റർ കൃത്യമല്ലെന്നും വിജിലൻസ് കണ്ടെത്തി
.
ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചാൽ വിശദമായി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചു.