ക്ഷീരസംഘങ്ങള്‍ക്കും ആദായനികുതി;പാല്‍വിലയില്‍ നിന്നു ഈടാക്കും

Deepthi Vipin lal
പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പിന്നാലെ ക്ഷീര സഹകരണസംഘങ്ങള്‍ക്കും
ആദായനികുതി ഭീഷണി. കേന്ദ്ര ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ്
ക്ഷീരസംഘങ്ങളെയും പരിധിയില്‍ ഉള്‍പ്പെടുത്തിയത്.പാല്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും കാലിത്തീറ്റ വില്‍പനയും ഉള്‍പ്പടെ എല്ലാം സംഘത്തിന്റെ വരുമാനത്തില്‍ പരിഗണിക്കും. ഇത് അടിസ്ഥാനമാക്കിയാവും നികുതി കണക്കാക്കുന്നത്. ദിവസം 400 ലിറ്ററിന് മുകളില്‍ പാല്‍ സംഭരിക്കുന്ന ക്ഷീരസംഘങ്ങള്‍ നികുതി നല്‍കേണ്ടി വരും. നാലായിരത്തിലധികം ക്ഷീര സംഘങ്ങളെ
ഇത് പ്രതികൂലമായി ബാധിക്കും.

50 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ള ക്ഷീര സംഘങ്ങളില്‍ നിന്നാണ് ആദായ നികുതി ഈടാക്കുന്നത്. വരുമാനത്തിന്റെ 0.1 ശതമാനം ആദായനികുതിയായി അടയ്ക്കണം. പാന്‍ കാര്‍ഡുള്ള ക്ഷീരസംഘങ്ങള്‍ രണ്ട് വര്‍ഷമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ നികുതി ഈടാക്കും. 50 ലക്ഷം രൂപയില്‍ അധികമാകുന്ന തുകയ്ക്ക് അഞ്ച് ശതമാനം നികുതി ഈടാക്കും. പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ 50 ലക്ഷം രൂപയില്‍ അധികമാകുന്ന തുകയ്ക്ക് 20 ശതമാനമാകും നികുതി ഈടാക്കുക. പാല്‍വിലയില്‍ നിന്നായിരിക്കും നികുതിത്തുക പിടിക്കുക.അതുകൊണ്ട്തന്നെ രണ്ട് ലക്ഷത്തിലധികം വരുന്ന ക്ഷീരകര്‍ഷകരെ ഇത്  ബാധിക്കും.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തരുതെന്ന നിയമം നിലനില്‍ക്കെയാണ് ക്ഷീരസംഘങ്ങൾക്കെതിരെ
ഇത്തരം നടപടി. സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി  ഇളവ് ബാധകമാണെന്ന സുപ്രീം കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.സഹകരണ സംഘങ്ങള്‍ പണം പിന്‍വലിക്കുന്നതിന് അധികനികുതി ഏര്‍പ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
ക്ഷീരസംഘങ്ങളുടെ കാര്യത്തിലും സര്‍ക്കാരില്‍ നിന്നു അനുകൂലമായ നടപടിയുണ്ടാകുമെന്നാണ്  സംഘങ്ങളുടെ
പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Latest News