ക്ഷീരമേഖലയെ കരകയറ്റാന്‍ മില്‍മയും സംസ്ഥാന സര്‍ക്കാരും
പ്രളയ ദുരന്തത്തില്‍ 300 കോടി രൂപയുടെ നാശനഷ്ടം നേരിട്ട കേരളത്തിലെ ക്ഷീരമേഖലയെ കരകയറ്റാന്‍ മില്‍മയും സംസ്ഥാന സര്‍ക്കാരും കൈകോര്‍ക്കുന്നു.
പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട 51 ബ്ലോക്കുകള്‍ക്ക് സര്‍ക്കാര്‍ 22 കോടി രൂപ നല്‍കും. പ്രളയത്തില്‍ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട 618 കര്‍ഷകര്‍ക്ക് വിതരണം ചെയ്ത പതിനായിരം രൂപയ്ക്ക് പുറമെ മുപ്പതിനായിരം രൂപ കൂടി നഷ്ടപരിഹാരം നല്‍കുമെന്ന് ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു.
എറണാകുളം ടൗണ്‍ഹാളില്‍ ദേശീയ ക്ഷീരദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മില്‍മയുടെ പാലുത്പാദനത്തില്‍ 16 ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും വിതരണത്തില്‍ 1.33 ശതമാനത്തിന്‍റെ കുറവുണ്ടായിട്ടുണ്ട്. സഹകരണസംഘങ്ങള്‍ വിപണന തന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് മില്‍മയിലുള്ള വിശ്വാസമാണ് ഏറ്റവും വലിയ ശക്തി- മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ പാല്‍ നല്‍കുക എന്നതാണ് ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മില്‍മ പ്രസിഡന്‍റ് പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, എറ്റവും കൂടുതല്‍ ഉല്പാദനച്ചെലവു നേരിടുന്നതും കേരളത്തില്‍ത്തന്നെയാണ്. 3000 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മയ്ക്ക് കേരളത്തിലുള്ളത്. പ്രതിസന്ധിഘട്ടങ്ങളിലും അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാണ് മില്‍മ ഈ നേട്ടം കൈവരിച്ചത്- അദ്ദേഹം പറഞ്ഞു.