ക്ഷീര സംഘങ്ങളില്‍ അടിമുടി മാറ്റം; മേഖലാ യൂണിയനില്‍ ഒരാള്‍ക്ക് രണ്ടു തവണയില്‍ക്കൂടുതല്‍ പ്രസിഡന്റാവാന്‍ പറ്റില്ല

Deepthi Vipin lal

ക്ഷീര സഹകരണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന സഹകരണ സംഘം ഭേദഗതി ബില്‍ പാസായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെട്ടതാണ് ഭേദഗതി ബില്‍. ക്ഷീര സഹകരണ സംഘങ്ങളില്‍ അംഗത്വത്തിനുള്ള വ്യവസ്ഥ ഉദാരമാക്കി. എന്നാല്‍, യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം അംഗത്വം ലഭിക്കുന്നതിനും ഭാരവാഹിത്വം ഉറപ്പു വരുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.


120 ദിവസത്തില്‍ 90 ദിവസം പ്രാഥമിക സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കായിരിക്കും അംഗത്വം ലഭിക്കുക. നേരത്തെ നിശ്ചിത ലിറ്റര്‍ പാല്‍ നല്‍കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. കൂടുതല്‍ കര്‍ഷകര്‍ക്ക് അംഗത്വം ലഭിക്കുന്നതിന് വേണ്ടിയാണ് വ്യവസ്ഥ ഉദാരമാക്കിയത്. എന്നാല്‍, മേഖലാ യൂണിയനിലടക്കം ഭാരവാഹികളാകാന്‍ സഹകരണ സംഘത്തിന്റെ പരിധിയില്‍ സ്വന്തമായി കറവയുള്ള പശുവോ എരുമയോ ഉണ്ടായിരിക്കുകയും പാല്‍ സൊസൈറ്റിയില്‍ നല്‍കുകയും ചെയ്യണമെന്ന വ്യവസ്ഥയും ബില്ലില്‍
ഉള്‍പ്പെടുത്തി. ഇതിനു പുറമെ ഭാരവാഹികളുടെ തവണയും നിശ്ചയിച്ചു. സഹകരണ സംഘത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രസിഡന്റായി തുടരാനാവില്ല. മേഖലാ യൂണിയനില്‍ രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് പ്രസിഡന്റോ ചെയര്‍മാനോ ആയി ഇരിക്കാന്‍ കഴിയില്ല. പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിര്‍ബന്ധമായി വനിതാ പ്രതിനിധി ഉണ്ടായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആനന്ദ് മാതൃകാ സഹകരണ സംഘങ്ങളെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലുള്ള സഹകരണ നിയമത്തില്‍ നിര്‍വചനമില്ലായിരുന്നു.


ക്ഷീര കര്‍ഷക സംഘത്തില്‍ യഥാര്‍ത്ഥ ക്ഷീര കര്‍ഷകര്‍ക്ക് അംഗത്വം ലഭിക്കുന്നതിനും അവര്‍ക്ക് ഭാരവാഹിത്വം ഉറപ്പിക്കുന്നതിനുമാണ് ഭേദഗതി കൊണ്ടു വരുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഭാരവാഹികള്‍ക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് പ്രതിപക്ഷം ആരോപിക്കുമ്പോലെ ചെയര്‍മാന്‍ സ്ഥാനം പിടിക്കാനോ സംഘം പിടിച്ചെടുക്കാനോ അല്ല. ദീര്‍ഘകാലം ചിലര്‍ മാത്രം ഭാരവാഹികളാകുന്നു. 35 വര്‍ഷം തുടര്‍ച്ചയായി ഭാരവാഹികളായിരുന്നവര്‍ വരെയുണ്ട്. ഇത് തടയാനും
പുതുതലമുറയെ കൊണ്ടു വരാനുമാണ് ഈ നടപടി – അദ്ദേഹം പറഞ്ഞു.

മില്‍മയില്‍ മാത്രമായി ടേം വ്യവസ്ഥ കൊണ്ടു വരുന്നതെന്തിനാണെന്ന മാത്യു കുഴല്‍നാടന്റെ സംശയത്തിനും മന്ത്രി വിശദമായി മറുപടി നല്‍കി. ടേം വ്യവസ്ഥ ഉള്‍പ്പെടുന്ന നിയമമില്ലെന്ന ആരോപണം ശരിയല്ല. രാജ്യത്ത് നിയമമുണ്ട്. 2002 ല്‍ ജില്ലാ സഹകരണ സംഘം നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഫാം ഉടമകള്‍ മാത്രമാണ് ഇടതു പ്രതിനിധികള്‍ എന്ന ആരോപണവും ശരിയല്ല. ഇപ്പോഴത്തെ പ്രതിനിധികള്‍ ആരും ഫാം ഉടമകള്‍ അല്ല. ഇതുവരെ വനിതകളെ അവഗണിച്ചിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തില്‍ വനിതകളെ എല്ലാ രംഗത്തും. മുന്നോട്ട്
കൊണ്ടുവരുകയാണ്. എന്നാല്‍, ഈ രംഗത്ത് മാത്രം വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. 50 ശതമാനത്തോളം വനിതകള്‍ ക്ഷീര മേഖലയിലുണ്ട്. അതുകൊണ്ടുതന്നെ ചെയര്‍മാന്‍ അല്ലെങ്കില്‍ വൈസ് ചെയര്‍മാന്‍, പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവിയിലേയ്ക്ക് അവരെ കൊണ്ടു വരുന്നു. ഈ നീക്കത്തെ സംഘം പിടിക്കാനുള്ള നീക്കമായി ചിത്രീകരിക്കുന്നുണ്ട്. ഇതില്‍ എവിടെയാണ് സംഘം പിടിക്കാനുള്ള നീക്കം? – മന്ത്രി ചോദിച്ചു. സദുദ്ദേശ്യത്തോടെത്തന്നെയാണ് ഇത് നടപ്പിലാക്കുന്നത്.

ഓഡിറ്റില്‍ വലിയ രൂപത്തില്‍ അരാജകത്വമുണ്ട്. ഇതവസാനിപ്പിക്കുന്നതിനാണ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റും പെര്‍ഫോമെന്‍സ് ഓഡിറ്റും നടപ്പിലാക്കുന്നത്. ഓഡിറ്റുകളിലെ കാലതാമസവും അവസാനിപ്പിക്കും. നിയമനങ്ങളുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പു വരുത്തുന്നതിനാണ് ഉദ്യോഗസ്ഥരടങ്ങിയ ബോര്‍ഡ് കൊണ്ടു വരുന്നത്. സമഗ്ര ഭേദഗതി വരുമ്പോള്‍ എല്ലാ സഹകരണ സംഘങ്ങളിലും ടേം വ്യവസ്ഥ കൊണ്ടു വരുന്നതിന് ശ്രമിക്കാം. സഹകരിക്കണം – മന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News