ക്ഷീര മേഖലയിലെ വൈവിധ്യങ്ങള്‍: ആശയ വിനിമയത്തിന് വേദിയൊരുക്കിഎന്റെ കേരളം പ്രദര്‍ശന മേള
ക്ഷീര കര്‍ഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചാണകം, ഗോമൂത്രം എന്നിവ പരിസ്ഥിതിക്ക് നാശം വരാത്ത രീതിയില്‍ കൈകാര്യം ചെയ്ത് അതിലൂടെ മികച്ച വരുമാനം ഉറപ്പാക്കാനുള്ള വഴികള്‍, ഇതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തി.
ജില്ലയിലെ ഏഴ് ക്ഷീര സംഘ പ്രതിനിധികള്‍ വിശദമായ ആശയ വിനിമയത്തില്‍ പങ്കെടുത്തു. ഒഴൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കാര്‍ത്തികേയന്‍ ക്ഷീര കര്‍ഷകരുമായി സംവദിച്ചു. പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല ബി ടു ബി മീറ്റ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. മലപ്പുറം ക്ഷീര വികസന ഓഫീസര്‍ വര്‍ക്കി ജോര്‍ജ്, അസി. ഡയറക്ടര്‍ ഒ സജിനി തുടങ്ങിയവര്‍ പങ്കെടുത്തു.