കോസ്‌മോസ് അര്‍ബന്‍ ബാങ്കിന് 2022-23 ല്‍ റെക്കോഡ് ബിസിനസ്

[mbzauthor]

രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന കോസ്‌മോസ് ബാങ്ക് ( ഒന്നാം സ്ഥാനത്തുള്ളത് സാരസ്വത് ബാങ്ക് ) 2022-23 സാമ്പത്തികവര്‍ഷം 30,745 കോടി രൂപയിലധികം ബിസിനസ് നേടി. ഇതൊരു റെക്കോഡാണ്. ബാങ്കിന്റെ ആകെയുള്ള നിക്ഷേപം 17,629 കോടി രൂപയും അഡ്വാന്‍സ് 13,116 കോടി രൂപയുമാണ്. മഹാരാഷ്ട്രയിലെ പുണെയില്‍ നടന്ന ബാങ്കിന്റെ 117-ാമതു വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ചെയര്‍മാന്‍ മിലിന്ദ് കാലെ അറിയിച്ചതാണിത്.

കോസ്‌മോസിന്റെ പ്രവര്‍ത്തനലാഭം 514 കോടി രൂപയും നികുതിക്കു മുമ്പുള്ള ലാഭം 213 കോടി രൂപയും അറ്റലാഭം 151.41 കോടി രൂപയുമാണ്. മുംബൈയിലെ ദ സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്കിനെ കോസ്‌മോസില്‍ ലയിപ്പിക്കാനുള്ള നടപടിക്ക് അംഗങ്ങള്‍ അംഗീകാരം നല്‍കിയതായി ചെയര്‍മാന്‍ മിലിന്ദ് കാലെ അറിയിച്ചു. കോസ്‌മോസിന്റെ ഓഹരിയുടമകള്‍ക്ക് എട്ടു ശതമാനം ഡിവിഡന്റ് നല്‍കാനാണു തീരുമാനം.

2022 ഒക്ടോബറില്‍ ശ്രീശാരദാ സഹകാരി ബാങ്കും 2023 മേയില്‍ മുംബൈയിലെ മറാത്ത സഹകാരി ബാങ്കും കോസ്‌മോസ് ബാങ്കില്‍ ലയിച്ചിരുന്നു. എട്ടു ശാഖകളുള്ള ശ്രീശാരദാ ബാങ്കും ഏഴു ശാഖകളുള്ള മറാത്ത ബാങ്കും ലയിച്ചതോടെ കോസ്‌മോസിന്റെ മൊത്തം ശാഖകളുടെ എണ്ണം 159 ആയി ഉയര്‍ന്നു. മുംബൈ ആസ്ഥാനമായുള്ള സാഹെബ്‌റാവു ദേശ്മുഖ് സഹകാരി ബാങ്കും കോസ്‌മോസില്‍ ലയിക്കാന്‍ പോവുകയാണ്. ഇക്കാര്യത്തില്‍ കോസ്‌മോസ് നല്‍കിയ അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്.

പുണെ ആസ്ഥാനമായി 1906 ല്‍ രൂപവത്കരിക്കപ്പെട്ട കോസ്‌മോസ് സഹകരണ ബാങ്ക് എല്ലാ ശാഖകളിലും കോര്‍ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയ ആദ്യത്തെ സഹകരണ ബാങ്കുകളില്‍പ്പെടും. മഹാരാഷ്ട്രയ്ക്കു പുറമേ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലും കോസ്‌മോസിനു ശാഖകളുണ്ട്. 1918 ല്‍ മുംബൈയില്‍ സ്ഥാപിതമായ സാരസ്വത് ബാങ്കാണു രാജ്യത്തെ അര്‍ബന്‍ ബാങ്കുകളില്‍ ഒന്നാം സ്ഥാനത്തുള്ളത്. മഹാരാഷ്ട്രക്കു പുറമേ ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്ന സാരസ്വത് ബാങ്കിനു 2022 മാര്‍ച്ചില്‍ 71,000 കോടി രൂപയുടെ ബിസിനസ്സാണുണ്ടായിരുന്നത്. മൊത്തം ശാഖകള്‍ 283.

[mbzshare]

Leave a Reply

Your email address will not be published.