കോഴിക്കോടിന്റെ പൈതൃകം കാത്ത് കാരന്നൂര്‍ ബാങ്ക്

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

1943 ല്‍ കാരന്നൂര്‍ ദേശം കേന്ദ്രീകരിച്ചു രൂപം കൊണ്ട ഐക്യനാണയ സംഘമാണു
പിന്നീട് കാരന്നൂര്‍ സഹകരണ ബാങ്കായി മാറിയത്. എട്ടു പതിറ്റാണ്ടായി
പ്രവര്‍ത്തന രംഗത്തുള്ള ബാങ്കിന്റെ വഴികാട്ടികള്‍ മൂല്യങ്ങളില്‍
അടിയുറച്ചു നിന്ന ഗാന്ധിയന്‍മാരായ പഴയ ഭരണസമിതി അംഗങ്ങളാണ്.
തീരദേശ മേഖലയില്‍ അഞ്ചു ശാഖകളുള്ള ബാങ്കില്‍ ഇപ്പോള്‍ 30,633
അംഗങ്ങളുണ്ട്.

 

വറുതിയും ദുരിതവും തീരദേശത്തെ പാവപ്പെട്ടവരുടെ ജീവിതചക്രത്തിന്റെ ഭാഗമാണ്. കടവും കണ്ണീരുമായിരിക്കും മിക്കവരുടേയും നീക്കിയിരിപ്പ്. അന്നന്നത്തെ ആഹാരത്തിനു തികയാത്തവര്‍ സമ്പാദ്യത്തെപ്പറ്റി ആലോചിക്കുകപോലുമില്ല. അത്യാവശ്യങ്ങള്‍ വരുമ്പോള്‍ കടം കിട്ടാന്‍ വഴി തേടും. ലഘു തവണകളായി തിരിച്ചടയ്ക്കും. തീരദേശത്തെ പാവപ്പെട്ടവര്‍ക്കു സാമ്പത്തിക ക്ലേശങ്ങള്‍ വരുമ്പോള്‍ അത്താണിയാവുക എന്ന ലക്ഷൃത്തോടെയായിരുന്നു കാരന്നൂര്‍ സഹകരണ ബാങ്കിന്റെ തുടക്കം. 79 വര്‍ഷം പിന്നിട്ട് വടക്കന്‍ കേരളത്തിലെ പ്രമുഖ സഹകരണ ബാങ്കുകളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടും കടലോരത്തെ പാവങ്ങളെ ചേര്‍ത്തുപിടിച്ചാണു കാരന്നൂര്‍ ബാങ്ക് മുന്നോട്ട് നീങ്ങുന്നത്. തീരദേശ മേഖലയില്‍ അഞ്ച് ശാഖകളുള്ള ബാങ്ക് വായ്പക്കു പുറമെ ചികിത്സാസഹായങ്ങള്‍ നല്‍കിയും ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിച്ചും പ്രയാസപ്പെടുന്നവര്‍ക്കു താങ്ങായി നില്‍ക്കുന്നു. റേഷന്‍ കടകളും നീതി മെഡിക്കല്‍ സ്റ്റോറുകളും സഹകരണ സ്റ്റോറും നടത്തി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

ദേശീയ സ്വാതന്ത്യപ്രസ്ഥാനം ശക്തിപ്പെട്ട 1940 കളില്‍ സംസ്ഥാനം മുഴുവന്‍ സഹകാരികളുടെ ചെറിയ കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അക്കാലത്ത് ഐക്യനാണയ സംഘങ്ങള്‍ ആരംഭിച്ചു. 1943 ല്‍ നഗരത്തിനു വടക്കു ഭാഗത്തുള്ള കാരന്നൂര്‍ ദേശം കേന്ദ്രീകരിച്ച് രൂപവല്‍ക്കരിച്ച സംഘമാണു പിന്നീട് സഹകരണ ബാങ്കായി വളര്‍ന്നത്. 30,633 അംഗങ്ങളും 339 കോടി രൂപ നിക്ഷേപവും 259 കോടി രൂപ വായ്പയുമുള്ള കാരന്നൂര്‍ ബാങ്കിന്റെ ജനകീയ അടിത്തറയിപ്പോള്‍ വളരെ ശക്തമാണ്. എലത്തൂരിലാണു ബാങ്കിന്റെ ഹെഡ് ഓഫീസും മെയിന്‍ ബ്രാഞ്ചും പ്രവര്‍ത്തിക്കുന്നത്. പുതിയങ്ങാടി, തലക്കുളത്തൂര്‍, എരഞ്ഞിക്കല്‍, വെസ്റ്റ്ഹില്‍ ചുങ്കം, പുതിയാപ്പ, ഈസറ്റ്് ഹില്‍, അന്നശ്ശേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളും ഈവനിങ് ബ്രാഞ്ചുമുണ്ട്. 48 സ്ഥിരം ജീവനക്കാരുള്ള ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കല്‍ സ്റ്റോര്‍, റേഷന്‍ ഷോപ്പ് എന്നിവയില്‍ 12 പേര്‍ക്കു ജോലി നല്‍കുന്നുണ്ട്. 15 നിത്യനിധി കലക്ഷന്‍ ഏജന്റുമാരും ഏഴ് പാര്‍ട്ട് ടൈം ജീവനക്കാരും ബാങ്കിന്റെ കീഴിലുണ്ട്.

പാരമ്പര്യവും
പൈതൃകവും

കോഴിക്കോടിന്റെ പാരമ്പര്യവും പൈതൃകവും ബാങ്കിങ് രംഗത്തും കാത്തു സൂക്ഷിക്കണം എന്ന നിലപാടാണു കാരന്നൂര്‍ ബാങ്കിനെ വ്യത്യസ്തമാക്കുന്നത്. ബാങ്കിങ്ങില്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്നും മൂല്യങ്ങളില്‍ നിന്നു വ്യതിചലിച്ച് ലാഭമുണ്ടാക്കേണ്ടതില്ല എന്നും ഗാന്ധിയന്‍മാരായ പഴയ ഭരണസമിതി അംഗങ്ങള്‍ എടുത്ത നിലപാട് ഇപ്പോഴും പിന്തുടരുന്നു. വന്‍കിട വാണിജ്യ ബാങ്കുകളില്‍ നിന്നു കടുത്ത മത്സരം നേരിടുമ്പോഴും ഇടപാടുകാരെ ആകര്‍ഷിക്കാന്‍ വലിയ പരസ്യങ്ങളോ വിപണനതന്ത്രങ്ങളോ ഇല്ലാതെ വിശ്വാസ്യതക്കും സുതാര്യതക്കും ഊന്നല്‍ നല്‍കി നിക്ഷേപകരേയും വായ്പക്കാരേയും കൂടെനിര്‍ത്തുന്ന രീതിയാണു കാരന്നൂര്‍ ബാങ്കിന്റേത്. പൊതുരംഗത്തു പ്രവര്‍ത്തന പരിചയമുള്ളവരെ ബാങ്കിന്റെ ഭരണ സമിതിയിലേക്കു തിരഞ്ഞെടുക്കുകയും രണ്ട് ടേം കഴിയുമ്പോള്‍ ഇവര്‍ പുതിയ ആളുകള്‍ക്കു വഴിമാറിക്കൊടുക്കുകയും ചെയ്യുക എന്നതാണു കാരന്നൂര്‍ മാതൃക.

ആധുനിക
ബാങ്കിങ്ങിലും മുന്നില്‍

പാരമ്പര്യം നിലനിര്‍ത്തുമ്പോഴും ബാങ്കിങ് രംഗത്ത് ആധുനികവല്‍ക്കരണത്തില്‍ ബാങ്ക് ഏറെ മുന്നിലാണ്. കോര്‍ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ നേരത്തേ നടപ്പാക്കിയതിനാല്‍ ഇടപാടുകാര്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയുന്നു. മറ്റു ബാങ്കുകളിലേക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്യാനും സംവിധാനങ്ങളുണ്ട്. അക്കൗണ്ട് ആരംഭിക്കുന്നതിനോ വായ്പ എടുക്കുന്നതിനോ നിക്ഷേപം നടത്തുന്നതിനോ ബാങ്കിലെത്തുന്ന ആള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണം എന്നതാണു നയം. ബ്രാഞ്ച് തലത്തിലും ഹെഡ് ഓഫീസ് തലത്തിലും കൃത്യമായി അവലോകന യോഗങ്ങള്‍ നടത്തി പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. ബ്രാഞ്ചുകള്‍ക്കു പ്രത്യേക കര്‍മപരിപാടി തയാറാക്കി നല്‍കുന്ന രീതിയും നിലവിലുണ്ട്.

നിക്ഷേപവും
വായ്പയും

ഭരണ സമിതിയും ജീവനക്കാരും ഒരുമിച്ച് രംഗത്തിറങ്ങി നിക്ഷേപ സമാഹരണം നടത്തുന്ന കാരന്നൂര്‍ ബാങ്കിന് എല്ലാ വര്‍ഷവും സഹകരണ വകുപ്പിന്റെ പ്രശംസ നേടാന്‍ കഴിയുന്നുണ്ട്. 2020-21 ല്‍ 34.13 കോടി രൂപ സമാഹരിക്കുകയുണ്ടായി. വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് ആരംഭിച്ച സ്റ്റുഡന്റ്‌സ് സേവിങ്‌സ് പദ്ധതിക്കു നല്ല പ്രതികരണമാണു ലഭിക്കുന്നത്. വായ്പ നല്‍കുന്നതിലും കുടിശ്ശിക പിരിച്ചെടുക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കോവിഡ് മഹാമാരിമൂലം വായ്പ തിരിച്ചടവിലുണ്ടായ കുറവ് പരിഹരിക്കാന്‍ റിക്കവറി ക്യാമ്പയിനും ഗൃഹസന്ദര്‍ശന പരിപാടിയും നടത്തി ബാങ്ക് ലക്ഷ്യം കണ്ടു. ബാങ്കിലെ റിക്കവറി സെല്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ്. നബാര്‍ഡ് സഹായമുള്ള കാര്‍ഷിക വായ്പകളും സബ്‌സിഡിയും കൃത്യമായി കര്‍ഷകരിലെത്തിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച എസ്.എല്‍.എഫ.് വായ്പയും ബാങ്ക് സ്വന്തം ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ പലിശയില്‍ സ്വര്‍ണപ്പണയ വായ്പയും നല്‍കുകയുണ്ടായി.

ബാങ്കിങ്ങിതര
സംരംഭങ്ങള്‍

ചികിത്സാ രംഗത്തു വലിയ ചൂഷണം നടക്കുന്ന മരുന്നുവിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബാങ്കിനു കഴിയുന്നുണ്ട്. പുതിയങ്ങാടിയിലും തലക്കുളത്തൂരുമുള്ള നീതി മെഡിക്കല്‍ സ്റ്റോറുകള്‍ മുഖേന കഴിഞ്ഞ വര്‍ഷം 2.23 കോടി രൂപയുടെ മരുന്നുകള്‍ വില്‍ക്കുകയുണ്ടായി. മരുന്നുകള്‍ക്കു 35 ശതമാനം വരെ വിലക്കുറവ് നല്‍കുന്നത് ആളുകളെ ആകര്‍ഷിക്കുന്നു. മെഡിക്കല്‍ സ്റ്റോറിന്റെ നടത്തിപ്പിനു പ്രത്യേക കമ്മിറ്റിയുണ്ട്. അന്നശ്ശേരിയില്‍ ബാങ്കിന്റെ കീഴിലുള്ള വളം ഡിപ്പോ കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. അന്നശ്ശേരിയില്‍ത്തന്നെ ബാങ്ക് ആരംഭിച്ച കണ്‍സ്യൂമര്‍ സ്റ്റോര്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എലത്തൂര്‍, തലക്കുളത്തൂര്‍ പ്രദേശത്തെ അഞ്ച് റേഷന്‍ കടകളുടെ നടത്തിപ്പ് ബാങ്കിനാണ്. പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ നയം നടപ്പാക്കാനും പരാതികള്‍ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാനും ബാങ്കിനു കഴിയുന്നുണ്ട്.

66 ലക്ഷം രൂപ മുടക്കി ബാങ്ക് ആരംഭിക്കുന്ന നാളികേര സംസ്‌കരണ യൂണിറ്റ് ഉടനെ പ്രവര്‍ത്തിച്ചുതുടങ്ങും. കല്‍പ്പകം കോക്കനട്ട് ഓയില്‍ എന്ന പേരില്‍ വിപണിയിലെത്തിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ ഉപഭോക്താക്കള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു ബാങ്ക് ഭരണ സമിതി. പുതിയ യുണിറ്റില്‍ പത്തു പേര്‍ക്കു തൊഴില്‍ നല്‍കാനുമാവും. എലത്തൂര്‍, പുതിയങ്ങാടി, തലക്കുളത്തൂര്‍, എരഞ്ഞിക്കല്‍ എന്നീ ബ്രാഞ്ചുകള്‍ സ്വന്തം കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. അത്താണിക്കലില്‍ ഒരേക്കര്‍ മൂന്നു സെന്റ് സ്ഥലവും ബാങ്കിനു സ്വന്തമായുണ്ട്. ദീര്‍ഘകാലം ബാങ്കിന്റെ പ്രസിഡന്റായിരുന്ന സി.എം. കേളുക്കുട്ടിയുടെ ഓര്‍മയ്ക്കായി തലക്കുളത്തൂരില്‍ ബാങ്കിന്റെ ഉടമസ്ഥതയില്‍ ഓഡിറ്റോറിയമുണ്ട്.

സേവന
രംഗത്ത്

തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണം കുറ്റമറ്റ രീതിയില്‍ ബാങ്ക് നടത്തുന്നുണ്ട്. സര്‍ക്കാര്‍ അലോട്ട്‌മെന്റ് വൈകുമ്പോള്‍ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സ്വന്തം ഫണ്ട് വിനിയോഗിച്ചും ബാങ്ക് പാവപ്പെട്ടവരെ സഹായിക്കുന്നു. മാരകരോഗം ബാധിച്ച നിര്‍ധനര്‍ക്കു ബാങ്ക് നല്‍കുന്ന സാമ്പത്തിക സഹായം നൂറുകണക്കിനു രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഭരണ സമിതിയുടെ മിക്ക യോഗങ്ങളിലും ഇത്തരം ധനസഹായത്തിനു പൊതുനന്മാ ഫണ്ട് വിനിയോഗിക്കുന്നതിനു തീരുമാനമെടുക്കാറുണ്ട്. ബാങ്കില്‍ നിന്നു വായ്പയെടുക്കുന്നവര്‍ക്കു സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക്ക് ഫണ്ട് അനുകൂല്യം ലഭ്യമാക്കുന്നുണ്ട്. വായ്പാ തിരിച്ചടവ് കൃത്യമായി നടത്തുന്നവര്‍ വായ്പാ കാലാവധിക്കകം മരിച്ചാല്‍ ആശിതര്‍ക്ക് ആനുകൂല്യം ലഭിക്കും. നിക്ഷേപങ്ങള്‍ക്കു സര്‍ക്കാറിന്റെ ഗ്യാരണ്ടി ഇന്‍ഷൂറന്‍സുമുണ്ട്. മഹാമാരിക്കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. ഇതിനു പുറമെ 1.74 ലക്ഷം രൂപയുടെ മരുന്നും സൗജന്യമായി നല്‍കി.

പ്രമുഖ സഹകാരിയും എന്‍.ജി.ഒ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റുമായ പി.ടി. ഉമാനാഥനാണു ബാങ്ക് പ്രസിഡന്റ്. ഡോ. പി. ശ്രീമാനുണ്ണി വൈസ് പ്രസിഡന്റാണ്. എം. മനോഹരന്‍, ഒ.കെ.യു നായര്‍, കെ.ടി മോഹനന്‍, വേണുഗോപാലന്‍ അരിക്കാത്ത്, കെ.വി. ബിജു, മൂലക്കണ്ടി പ്രകാശന്‍, സി.പി. അബ്ദുല്‍ സലിം , എ.പി. ദിനേശന്‍, ഷിബില മുരളി, എ.പി. റീജ, മിനി എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ.പി ഷൈലജയാണ് സെക്രട്ടറി.

 

Leave a Reply

Your email address will not be published.