കോര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍

moonamvazhi

 

ഇറാനിലെ സഹകരണ പ്രസ്ഥാനം – 2

വി.എന്‍. പ്രസന്നന്‍

(2020 നവംബര്‍ ലക്കം)

ജോയിന്റ് സ്റ്റോക്ക് കമ്പനിയായി സംഘടിപ്പിക്കപ്പെട്ട സ്വതന്ത്ര കോര്‍പ്പറേഷനായിരുന്ന കോര്‍ക്ക് ക്രമേണ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1971 ല്‍ സഹകരണ – ഗ്രാമകാര്യ മന്ത്രാലയം നിലവില്‍ വന്നതോടെ ഇറാനിലെ സഹകരണ മേഖലയില്‍ പുത്തനുണര്‍വുണ്ടായി. വിത്തുകളുടെ ഗുണനിലവാരവും ലഭ്യതയും ലക്ഷ്യമിട്ട് 2020 ഫെബ്രുവരിയില്‍ രാജ്യത്ത് വിത്തുകള്‍ക്കായി ഒരു കാര്‍ഷിക വികസന സഹകരണ സ്ഥാപനം രൂപം കൊണ്ടിട്ടുണ്ട്.

സ്വതന്ത്ര കോര്‍പ്പറേഷനായാണ് സ്ഥാപിതമായതെങ്കിലും ക്രമേണ കോര്‍ക്ക് ( ഗ്രാമീണ സഹകരണ സംഘങ്ങളുടെ കേന്ദ്ര സംഘടന ) സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1967 ഒക്ടോബറില്‍ ഭൂപരിഷ്‌കരണ – ഗ്രാമീണ സഹകരണ മന്ത്രാലയം രൂപവത്കരിക്കാനുള്ള നിയമം അംഗീകരിച്ചു. 1971 ഫെബ്രുവരിയില്‍ ഈ സ്ഥാനത്തു സഹകരണ – ഗ്രാമകാര്യ മന്ത്രാലയം വന്നു. ഗ്രാമീണ സഹകരണ സംഘങ്ങളുടെയും ഫെഡറേഷനുകളുടെയും മേല്‍നോട്ടം, മാര്‍ഗനിര്‍ദേശം, വികസനം എന്നിവയായിരുന്നു ഈ മന്ത്രാലയങ്ങളുടെ ചുമതല.

1962 ല്‍ അംഗീകരിച്ച ഭൂപരിഷ്‌കരണ നിയമത്തിലെ ചില വകുപ്പുകള്‍ പ്രകാരം സ്ഥാപിതമായ കോര്‍ക്കിന് സഹകരണ തത്വങ്ങളില്‍ വിദ്യാഭ്യാസം നല്‍കുക, ഗ്രാമീണ മേഖലകളിലെ സഹകരണ സംഘങ്ങളെ നയിക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡുകള്‍ക്കു പരിശീലനം നല്‍കുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും വരുമാനവും വര്‍ധിപ്പിക്കാനും വിളവ് വില്‍ക്കാനും സഹകരണ സംഘങ്ങള്‍ക്കു വായ്പാ വിതരണ പരിപാടികള്‍ സംഘടിപ്പിക്കുക, ദേശീയ സഹകരണ സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തുക എന്നീ ഉദ്ദേശ്യങ്ങളും ഉണ്ടായിരുന്നു.

1979 ഫെബ്രുവരിയില്‍ ഇസ്ലാമിക വിപ്ലവം നടക്കുമ്പോള്‍ 2,939 ഗ്രാമീണ സഹകരണ സംഘങ്ങളുണ്ടായിരുന്നു. മുപ്പതു ലക്ഷത്തോളം അംഗങ്ങളും. 153 ഗ്രാമീണ സഹകരണ യൂണിയനുകളിലായി 2923 സഹകരണ സംഘങ്ങളാണ് കോര്‍ക്കില്‍ അന്നുണ്ടായിരുന്നത്. കോര്‍ക്കില്‍ 22.8 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെതാണ്. 77.2 ശതമാനം ഗ്രാമീണ-കാര്‍ഷിക സഹകരണ സംഘങ്ങളുടെതും. 1969 ലാണു ഇതിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അംഗീകരിച്ചത്.

വിവിധ ജില്ലകളിലെയും പ്രവിശ്യകളിലെയും 331 സഹകരണ യൂണിയനുകളിലായി 2,853 ഗ്രാമീണ സഹകരണ സംഘങ്ങളിലെ 43,54,360 അംഗങ്ങള്‍ കോര്‍ക്കിന്റെ ഭാഗമാണ്. കാര്‍ഷിക സഹകരണ സംഘങ്ങളുടെ കാര്യമെടുത്താല്‍ 102 യൂണിയനുകളിലെ 1,997 കാര്‍ഷിക സഹകരണ സംഘങ്ങളിലെ 10,27,574 അംഗങ്ങള്‍ കോര്‍ക്കിലുണ്ട്. 324 ഗ്രാമീണ വനിതാ സഹകരണ സംഘങ്ങളുടെ 63,383 വനിതകള്‍ കോര്‍ക്കിന്റെ ഭാഗമാണ്. 59 യൂണിയനുകളിലായി 1,336 ഉല്‍പ്പാദന സഹകരണ സംഘങ്ങളിലെ 3,71,664 പേര്‍ കോര്‍ക്കിലുണ്ട്. ജില്ലകളിലെയും പ്രവിശ്യകളിലെയും 492 യൂണിയനുകളും 12 ദേശീയ യൂണിയനുകളും 6,510 സഹകരണ സംഘങ്ങളും കോര്‍ക്കിന്റെ ഭാഗമാണ്. രജിസ്റ്റര്‍ ചെയ്ത 29 കാര്‍ഷികജോയിന്റ് സ്‌റ്റോക്ക് കമ്പനികളും കോര്‍ക്കിലുണ്ട്. 387 ജില്ലാകാര്‍ഷികഗില്‍ഡ് സംവിധാനങ്ങളും 32 പ്രവിശ്യാകാര്‍ഷികഗില്‍ഡ് സംവിധാനങ്ങളും കാര്‍ഷികഗില്‍ഡ് സംവിധാനത്തിലെ 355,000 അംഗങ്ങളും കോര്‍ക്കിന്റെ ഭാഗമായുണ്ട്. 1,403 സ്‌പെഷ്യലൈസ്ഡ് കാര്‍ഷിക സംഘങ്ങളും സംഘടനകളും കോര്‍ക്കിന്റെ ഭാഗമാണ്. കോര്‍ക്കിന്റെ കീഴിലുള്ള വിവിധവിഭാഗം സ്ഥാപനങ്ങളുടെ എണ്ണം ഇനി പറയും പ്രകാരമാണ്.: ഉപഭോക്തൃ സ്‌റ്റോറുകളും ഗ്യാസ് സ്‌റ്റോറുകളും – 22,012, കാര്‍ഷികവിള പവലിയനുകള്‍ – 4,000, വളം-കീടനാശിനി വില്‍പ്പന ശാലകള്‍ – 3,579, ഷോപ്പിംഗ് കേന്ദ്രങ്ങളും സാധനവിതരണകേന്ദ്രങ്ങളും – 5,178, സംഭരണശാലകള്‍ – 2,625, സംസ്‌കരണശാലകള്‍ – 251, ഗ്രാമീണ-കാര്‍ഷിക സഹകരണ സംഘങ്ങളുടെ പാല്‍സംഭരണകേന്ദ്രങ്ങള്‍ – 452, വായ്പാ യൂണിറ്റുകള്‍ – 1,300, ഗ്രാമീണ കാര്‍ഷികനിധിയുടെ ശാഖകള്‍ – 31, കണ്‍സള്‍ട്ടന്‍സി സേവനയൂണിറ്റും പ്ലാന്റ് പത്തോളജി ക്ലിനിക്കും – 151.

ഉല്‍പ്പാദന സഹകരണ സംഘങ്ങള്‍

1972 ലാണു കാര്‍ഷികോല്‍പ്പാദന സഹകരണ സംഘങ്ങള്‍ സ്ഥാപിതമായത്. ഉല്‍പ്പാദന സഹകരണ നിയമം അനുസരിച്ചായിരുന്നു ഇത്. 1971 ഫെബ്രുവരിയിലാണ് ഈ നിയമം വന്നത്. ഭൂമികള്‍ ചെറുതും ചിതറിക്കിടക്കുന്നതുമായതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യന്ത്രസാമഗ്രികളുടെ സംയുക്തോപയോഗവും സമൂഹക്കൃഷി രീതികളും കൂട്ടായ കൃഷിയും വിപണനവും നടപ്പാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഉല്‍പ്പാദന സഹകരണ സംഘങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥത വ്യക്തികളായ കര്‍ഷകര്‍ക്കായിരുന്നു. എന്നാല്‍, കൃഷി ചെയ്തിരുന്നതു കൂട്ടായിട്ടായിരുന്നു. ഇതിന് പരമ്പരാഗതമായി ഉല്‍പ്പാദനത്തിനുള്ള കൂട്ടു സംവിധാനം നിലവിലിരുന്നു. ഇവ സ്ഥാപിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതും മാനേജ് ചെയ്യുന്നതും സര്‍ക്കാരാണ്. റോഡു നിര്‍മാണം, ജലസേചന സൗകര്യമൊരുക്കല്‍, വൈദ്യുതി എത്തിക്കല്‍, വര്‍ക്ക്്‌ഷോപ്പുകളും സ്‌റ്റോറുകളും ഓഫീസുകളും സ്ഥാപിക്കല്‍ എന്നിവയൊക്കെ ചെയ്തിരുന്നതും സര്‍ക്കാര്‍ തന്നെ. സഹകരണ ഗ്രാമവികസന മന്ത്രാലയമാണ് ഇതൊക്കെ ചെയ്തിരുന്നത്. 1977 ല്‍ ഇത്തരം 37 ഉല്‍പ്പാദന സഹകരണ സംഘങ്ങളുണ്ടായിരുന്നു. 10,304 കര്‍ഷകര്‍ അവയില്‍ അംഗങ്ങളുമായിരുന്നു. 233 ഗ്രാമങ്ങളില്‍നിന്നുള്ളവരായിരുന്നു ഈ കര്‍ഷകര്‍. ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഉല്‍പ്പാദന സഹകരണ സംഘങ്ങളുടെ എണ്ണം 18 ആയി കുറഞ്ഞു. അംഗങ്ങള്‍ അയ്യായിരത്തോളം മാത്രമായി.

2020 ഫെബ്രുവരിയില്‍ വിത്തുകള്‍ക്കായുള്ള ഒരു കാര്‍ഷിക വികസന സഹകരണ സ്ഥാപനം രൂപം കൊണ്ടിട്ടുണ്ട്. വിത്തുകളുടെ ഗുണനിലവാരവും ലഭ്യതയും വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. അമ്പതില്‍പ്പരം കാര്‍ഷിക സഹകരണ സംഘങ്ങളുടെ രണ്ടു വര്‍ഷത്തെ സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇതു നിലവില്‍ വന്നത്. അന്താരാഷ്ട്ര വിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഏജന്‍സി സമ്പാദിക്കുക, വാങ്ങലിനും അണുനശീകരണത്തിനും പാക്കുചെയ്യലിനും കൃഷിക്കളങ്ങളുടെ മേല്‍നോട്ടത്തിനുമായി കര്‍ഷകര്‍ക്കുണ്ടാകുന്ന അധികച്ചെലവ് ഒഴിവാക്കുക, കാലാവസ്ഥാധിഷ്ഠിത ഗവേഷണ വികസന സംവിധാനങ്ങള്‍ വികസിപ്പിക്കുക, വിത്തുകളുടെ രാഷ്ട്രാന്തര കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണു ലക്ഷ്യങ്ങള്‍. കോര്‍ക്കിന്റെ സാങ്കേതിക – കാര്‍ഷിക സേവന വിഭാഗം ഓഫീസാണ് ഇതിന്റെ നിയമാവലിയും മറ്റും തയാറാക്കിയത്. വിത്തുല്‍പ്പാദനം മെച്ചപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന 84ല്‍പ്പരം കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഇറാനിലുണ്ട്. ഇതില്‍ അമ്പതിലേറെ സംഘങ്ങള്‍ പുതിയ സംരംഭത്തില്‍ അണിനിരന്നിട്ടുണ്ട്.

നഗര സഹകരണ സ്ഥാപനങ്ങള്‍

രണ്ടാം ലോകയുദ്ധ കാലത്തും യുദ്ധശേഷവും സ്ഥിരവരുമാനക്കാരായ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ജീവിതച്ചെലവു പെട്ടെന്നു വര്‍ധിച്ചതു മൂലം, പ്രത്യേകിച്ച് ഭക്ഷ്യവിലക്കയറ്റം മൂലം, പൊറുതിമുട്ടി. അവരുടെ നില മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഫാക്ടറിത്തൊഴിലാളികള്‍ക്കും ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ നിയമ നിര്‍മാണം നടത്തുകയും സാമ്പത്തിക സഹായം നല്‍കുകയുമാണു സര്‍ക്കാര്‍ ചെയ്തത്. സപ്തവത്സര വികസന പദ്ധതി പ്രകാരം 1949 ല്‍ ഇത്തരം സഹകരണ സംഘങ്ങളെ അഞ്ചു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍നിന്നും ആദായനികുതിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് നിയമം പാസാക്കി. വികസന നിധികളില്‍നിന്നു വായ്പ കിട്ടാനും സൗകര്യം ചെയ്തു. 1949 ലെ തൊഴില്‍നിയമം രാജ്യമെങ്ങും ഫാക്ടറികളിലും വര്‍ക്ക്‌ക്ഷോപ്പുകളിലും ഉപഭോക്തൃ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നതിനു പ്രോത്സാഹനം നല്‍കി. 1949 നും 51 നുമിടയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലും ഫാക്ടറിത്തൊഴിലാളികള്‍ക്കിടയിലും സേനാവിഭാഗങ്ങള്‍ക്കിടയിലുമായി 19 ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ നിലവില്‍ വന്നു. പക്ഷേ, മിക്കവയ്ക്കും 1951 നുശേഷം തുടരാനായില്ല. സഹകരണ സംഘത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനതത്വങ്ങളില്‍ മിക്കവരും അപരിചിതരായിരുന്നു. അതിജീവനത്തിനുള്ള മാനേജ്‌മെന്റ് തന്ത്രങ്ങളും അവര്‍ക്കറിയില്ലായിരുന്നു. ഈ സഹകരണ സംഘങ്ങളില്‍ ആറെണ്ണം മാത്രമാണു പില്‍ക്കാലത്ത് അതിജീവിച്ചത്. ടെഹ്‌റാനില്‍ വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാര്‍ക്കായുള്ള സഹകരണ സംഘമാണ് അതിജീവിച്ചവയില്‍ ഏറ്റവും വിജയകരമായത്. ടൊര്‍ബാറ്റ്-ഇ ജാമില്‍ സെസ്മാ ഗോല്‍ ഖനിത്തൊഴിലാളികള്‍ക്കുവേണ്ടി സ്ഥാപിതമായ ഉപഭോക്തൃ സഹകരണ സംഘവും നല്ല വിജയമാണ്. 1968 ല്‍ സേനാവിഭാഗങ്ങള്‍ക്കായി സ്ഥാപിച്ച സേപാഹ് ഉപഭോക്തൃ സഹകരണ സംഘവും മികച്ച വിജയം കൈവരിച്ചു.

1953 നുശേഷം നഗര സഹകരണ സംഘങ്ങള്‍ ക്രമേണ വിജയിച്ചുതുടങ്ങി. 1953 ല്‍ പാസായ സഹകരണബില്ലാണ് അതിനു സഹായകമായത്. അതില്‍ സഹകരണ സംഘങ്ങളെ വായ്പാ സഹകരണ സംഘങ്ങള്‍, ഉല്‍പ്പാദന സഹകരണ സംഘങ്ങള്‍, ഭവന സഹകരണ സംഘങ്ങള്‍, ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ചിരുന്നു. എങ്കിലും, സേവിക്കുന്ന ജനവിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ ഇവയെ പൊതുവേ രണ്ടായി തിരിക്കാമായിരുന്നു. തൊഴിലാളികളെ സേവിക്കുന്നവയും നഗരജനതയെ സേവിക്കുന്നവയും. 1960 ല്‍ തൊഴിലാളികളെ സേവിക്കുന്ന 87 സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഇവയിലൊക്കെക്കൂടി 51,109 അംഗങ്ങളും. മറ്റു ജനവിഭാഗങ്ങള്‍ക്കായി 109 നഗര സഹകരണ സംഘങ്ങളുണ്ടായിരുന്നു. 51,850 അംഗങ്ങളും.

തൊഴിലാളി സഹകരണ സംഘങ്ങള്‍, ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍, ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, ഭവന സഹകരണ സംഘങ്ങള്‍, വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവ ജീവനക്കാരുടെ സഹകരണസംഘം എന്ന വിഭാഗത്തിലാണു പെടുന്നത്. 1967 മുതല്‍ ഇവ നിലവിലുണ്ട്. 1979 ഫെബ്രുവരിയില്‍ ആയിരത്തി എഴുന്നൂറോളം സംഘങ്ങളിലായി നാലേകാല്‍ ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ടായിരുന്നു.

ഗ്രാമീണ ഉല്‍പ്പാദക സഹകരണ സംഘങ്ങള്‍

സര്‍ക്കാര്‍ ഭൂമികളുടെ വിതരണവുമായി ബന്ധപ്പെട്ട് 1970ല്‍ നിലവില്‍ വന്ന ഒരു നിയമത്തെത്തുടര്‍ന്നാണ് ഗ്രാമീണ ഉല്‍പ്പാദക സഹകരണ സംഘങ്ങളുണ്ടായത്. കര്‍ഷകരുടെ വിളവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍തന്നെ ഇത്തരം സംഘങ്ങള്‍ സ്ഥാപിച്ചു. ഭൂമിയുടെ മേലുള്ള കര്‍ഷകരുടെ ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുതന്നെ വിളവും ജലസേചന സൗകര്യവും മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണു നടപ്പാക്കിയത്. ഇസ്ലാമിക വിപ്ലവ സമയത്ത് 258 ഗ്രാമങ്ങളിലായി 11,200 ഭൂവുടമകളുടെതായി 99,546 ഹെക്ടര്‍ ഭൂമി ഇത്തരം സംഘങ്ങള്‍ക്കു കീഴില്‍ ഉണ്ടായിരുന്നു. ഇത്തരം 39 സംഘങ്ങളാണ് അന്നുണ്ടായിരുന്നത്.

ജിഹാദ്-ഇ സസന്‍സഗി

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണഘടനയിലെ 3, 43, 44 വകുപ്പുകള്‍ ജനങ്ങളുടെ ക്ഷേമത്തിലും സാമൂഹികനീതിയിലും ആത്മീയ പുരോഗതിയിലും ഇസ്ലാമിക സാഹോദര്യത്തിലും സഹകരണ പ്രസ്ഥാനത്തിനു കാര്യമായ പങ്കുവഹിക്കാന്‍ കഴിയുമെന്നു തിരിച്ചറിയുന്നവയാണ്. എങ്കിലും, 1991 വരെ കാര്യങ്ങള്‍ 1971 ലെ സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോയത്. 1978 ല്‍ 2942 ഗ്രാമീണ സഹകരണ സംഘങ്ങളിലായി 30 ലക്ഷം പേര്‍ അംഗങ്ങളായി ഉണ്ടായിരുന്നെങ്കില്‍ 1989 ല്‍ ഇത് 3,110 സംഘങ്ങളിലായി 42 ലക്ഷം അംഗങ്ങളായി ഉയര്‍ന്നു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിലും വളം വിതരണത്തിലും സഹകരണ സ്റ്റോറുകള്‍ തുറക്കുന്നതിലുമൊക്കെ സഹകരണ സംഘങ്ങള്‍ കൂടുതല്‍ സജീവമായി. പക്ഷേ, കൃഷിമന്ത്രാലയം കൂടുതല്‍ പ്രാധാന്യം നല്‍കിയത് പുതുതായി ഉയര്‍ന്നുവന്ന കാര്‍ഷിക സേവനകേന്ദ്രങ്ങളെ സഹായിക്കുന്നതിലായിരുന്നു. അതുകൊണ്ടു സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും സാങ്കേതിക ജീവനക്കാരെയും കൂടുതല്‍ ലഭിച്ചത് അവര്‍ക്കാണ്. സഹകരണ സംഘങ്ങളെ പ്രാദേശികമായി മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണോ അതോ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം അവയുടെ മേല്‍ വേണോ എന്ന കാര്യത്തില്‍ ഭരണകൂടത്തില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ജിഹാദ്-ഇ സസന്‍ദഗി എന്ന പുനര്‍ നിര്‍മാണ പ്രസ്ഥാനമാണ് കര്‍ഷകരുടെ സഹായത്തിനെത്തിയത്.

വിപ്ലവാനന്തര കാലത്തു നഗരത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ മിക്കതിനും നല്ല വളര്‍ച്ചയുണ്ടായി. 1980 ല്‍ 2031 നഗരത്തൊഴിലാളി സഹകരണ സംഘങ്ങളിലായി 5,67,000 അംഗങ്ങള്‍ ഉണ്ടായിരുന്നിടത്ത് 1989 ആയപ്പോള്‍ 5064 സംഘങ്ങളിലായി 11,98,000 അംഗങ്ങളായി ഉയര്‍ന്നു. മറ്റുതരം സഹകരണ സംഘങ്ങളും വളര്‍ന്നു. അത്തരം സംഘങ്ങള്‍ 2,017 ല്‍നിന്നു 19,322 ആയി ഉയര്‍ന്നു. അംഗസംഖ്യയാകട്ടെ 12 ലക്ഷത്തില്‍നിന്ന് അമ്പതു ലക്ഷമായി. ഇവയില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങളും വിതരണ സംഘങ്ങളുമാണു കൂടുതല്‍ വളര്‍ന്നത്. ഭക്ഷണത്തിനും ഉപഭോഗവസ്തുക്കള്‍ക്കും ആവശ്യം വര്‍ധിച്ചതാണ് ഇതിനൊരു കാരണം.

1983 ല്‍ സഹകരണ മേഖലയ്ക്കായുള്ള പ്രത്യേക ബില്‍ മജ്‌ലിസിന്റെ ഒരു പ്രത്യേക കമ്മീഷന്‍ അംഗീകരിച്ചു. സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രധാനപ്പെട്ട ഒരു ചുവടുവയ്പായിരുന്നു അത്. മജ്‌ലിസിലും രക്ഷാധികാരി കൗണ്‍സിലിലും ആറുവര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം 1989 ഡിസംബറില്‍ ബില്‍ മജ്‌ലിസില്‍ വീണ്ടും സമര്‍പ്പിക്കപ്പെട്ടു. 1991 ല്‍ രണ്ടു സഭകളും ഇത് അംഗീകരിച്ചു. ഇതിലെ 69-ാം വകുപ്പ് സഹകരണ മന്ത്രാലയം സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്തു. അക്കൊല്ലം ഡിസംബര്‍ 31 നു സഹകരണ മന്ത്രാലയം സ്ഥാപിച്ചു.

വനിതാ സഹകരണ സംരംഭങ്ങള്‍

ഗ്രാമീണ വികസനത്തിന്റെ മുഖ്യസ്രോതസ്സ് വനിതകളുടെ സഹകരണക്കമ്പനികളാണെന്ന് 2017 ല്‍ കൃഷി സഹമന്ത്രിയും കോര്‍ക് മാനേജിങ് ഡയരക്ടറുമായ ഹൊസെയ്ന്‍ ഷിര്‍സാദ് പറയുകയുണ്ടായി. സ്ത്രീകളായ സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ഒരു സഹകരണക്കമ്പനി സ്ഥാപിക്കുമെന്നു 2018 ല്‍ സഹകരണ , തൊഴില്‍ സാമൂഹിക ക്ഷേമ ഉപമന്ത്രി ഹമീദ് കലന്തരിയും പറഞ്ഞിരുന്നു. 2016 ലെ സ്ഥിതിയനുസരിച്ച് ഇറാനിലെ വനിതാ സഹകരണ സംഘങ്ങളില്‍ എമ്പാടുമായി 1,19,000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. മറിയം മിഴ്‌സാഖാന്റെ സ്മാരകമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനം ഇത്തരത്തിലൊന്നാണ്. ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു മറിയം മിഴ്‌സാഖാന്‍. 2017 ല്‍ 40-ാം വയസ്സില്‍ അന്തരിച്ചു. റാഹ്-ഇ-റോഷ്ദ് സഹകരണ വിദ്യാഭ്യാസ സമുച്ചയം മറിയത്തിന്റെ സ്മാരകമാക്കിയത് അവിടത്തെ അധ്യാപകരാണ്. മറിയം അവരുടെ ശിഷ്യയായിരുന്നു.

റാഹ്-ഇ-റോഷ്ദ് ഒരു സഹകരണ സ്ഥാപനമാണ്. 1985 ല്‍ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് കുട്ടികള്‍ക്കു കളിക്കാനും തങ്ങള്‍ക്ക് ഒരുമിച്ചുകൂടാനും ഒരിടം ഒരുക്കാനായി ഏഴു സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ചതാണിത്. പിന്നീട് ഇതൊരു കിന്‍ര്‍ഗാര്‍ട്ടനായി വളര്‍ന്നു. ഏഴു സ്ത്രീകളും തങ്ങളുടെ സമ്പാദ്യം ഇതിന്റെ നടത്തിപ്പിനായി ചെലവഴിച്ചു. 1996 ലാണ് സ്‌കൂള്‍ സ്ഥാപിക്കാനായി ഒരു സഹകരണ സംരംഭം തുടങ്ങാമെന്ന് അവര്‍ ചിന്തിച്ചത്. അധ്യാപകരുടെ ശമ്പളത്തില്‍നിന്ന് ഒരു ഭാഗം ഓഹരിയായി എടുത്താണു മൂലധനം സമാഹരിച്ചത്. 1400 ഓഹരികള്‍ ഉണ്ടായിരുന്നു. ഇന്നു കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള വിദ്യാഭ്യാസം റാഹ്-ഇ-റോഷ്ദ് നല്‍കുന്നുണ്ട്. അധ്യാപകരും രക്ഷകര്‍ത്താക്കളുമായി 200 അംഗങ്ങളാണ് ഈ സഹകരണ സംഘത്തിലുള്ളത്. 700 അധ്യാപകര്‍ക്ക് ഈ സ്ഥാപനം ജോലി നല്‍കുന്നു. മൂവായിരത്തോളം വിദ്യാര്‍ഥികളുണ്ട്.

ഇറാനില്‍ 342 ഗ്രാമീണ വനിതാ സഹകരണ സംഘങ്ങളൂണ്ട്. ഇവയിലെല്ലാംകൂടി 62,000 സ്ത്രീകള്‍ അംഗങ്ങളാണ്. കൃഷി, പച്ചക്കറിക്കൃഷി, കന്നുകാലിവളര്‍ത്തല്‍, കാര്‍ഷിക സംസ്‌കരണവും പാക്കേജിങ്ങും, കാര്‍ഷിക ടൂറിസം, ഗ്രാമീണ കരകൗശല വേലകള്‍ തുടങ്ങിയ മേഖലകളിലാണിവ. കോര്‍ക്ക് ആണ് ഇവരുടെ പരിശീലനത്തിനു മുന്‍കൈയെടുക്കുന്നത്. ഇതിനായി 45ല്‍പ്പരം ഗ്രാമീണ വീട്ടു ബിസിനസ് സംരംഭങ്ങള്‍ കോര്‍ക്ക് നടത്തുന്നുണ്ട്. 2019 ന്റെ ആദ്യപാദത്തില്‍ 5500 സ്ത്രീകള്‍ക്കു പരിശീലനവും നല്‍കി.

ഇറാനിലെ 42 ശതമാനത്തില്‍പ്പരം സ്ത്രീകളും ഭക്ഷ്യ-കാര്‍ഷികോല്‍പ്പാദനം, സംസ്‌കരണം, തദ്ദേശീയ വിജ്ഞാനങ്ങളുടെ നവീകരണം, ഗ്രാമീണകരകൗശല വേലകള്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വൈവിധ്യമുള്ള പ്രസ്ഥാനം

വൈവിധ്യമാര്‍ന്നതാണ് ഇറാനിലെ സഹകരണ പ്രസ്ഥാനം. ഇവയില്‍ കോര്‍ക്കിനെപ്പറ്റി നേരത്തെ പരാമര്‍ശിച്ചുവല്ലോ. മറ്റു ചില കേന്ദ്ര സ്ഥാപനങ്ങളെയും പരിചയപ്പെടാം. 1. ദേശീയ കേന്ദ്ര സഹകരണ സംഘടന : ജീവനക്കാരല്ലാത്തവരുടെ നഗര സഹകരണ സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാപനമാണിത്. 1967 മേയിലാണ് ഇതു സ്ഥാപിച്ചത്. ആദ്യം സഹകരണ-ഗ്രാമീണകാര്യ മന്ത്രാലയത്തിന്റെയും പിന്നീട് വാണിജ്യ മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തിലായിരുന്നു ഇത്. 1991 ല്‍ സഹകരണ മന്ത്രാലയം സ്ഥാപിതമായി. 2011 ല്‍ ഈ മന്ത്രാലയത്തെ തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയവുമായി ലയിപ്പിച്ചു. സഹകരണ, തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം എന്നാണ് ഇതറിയപ്പെടുന്നത്. സഹകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും തീരുമാനിക്കപ്പെടുന്നത് ഈ മന്ത്രാലയത്തിലാണ്.

ഇസ്ലാമിക വിപ്ലവം തുടങ്ങുന്ന സമയത്ത്, 1979 ഫെബ്രുവരിയില്‍ , ഉപഭോക്തൃ സേവനം, ഭവന നിര്‍മാണം, വായ്പ, വിതരണം, ജീവനക്കാരല്ലാത്തവര്‍ക്കുള്ള നഗര സേവനം എന്നീ വിഭാഗങ്ങളിലായി 1340 സംഘങ്ങള്‍ ഈ കേന്ദ്ര സംഘടനയില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. 8,03,890 ആയിരുന്നു അവയിലെല്ലാംകൂടി അംഗങ്ങള്‍. ഇത്തരം 20 സഹകരണ യൂണിയനുകളും ഉണ്ടായിരുന്നു. 369 സഹകരണ സ്ഥാപനങ്ങളാണ് ഈ യൂണിയനുകളില്‍ അന്നുണ്ടായിരുന്നത്.

2. ഗ്രാമീണ സംഘങ്ങളുടെയും കാര്‍ഷിക സഹകരണ സംഘങ്ങളുടെയും കേന്ദ്ര യൂണിയന്‍ : ഗ്രാമീണ സംഘങ്ങളുടെയും കാര്‍ഷിക സഹകരണസംഘങ്ങളുടെയും ഒരു കേന്ദ്ര യൂണിയന്‍ ഇറാനിലുണ്ട്. വ്യപാര, കാര്‍ഷിക സഹകരണ സംഘങ്ങളുടെ മേഖലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. 1990 ലാണ് ഇതു സ്ഥാപിതമായത്. 50 ലക്ഷം അംഗങ്ങളുണ്ട്. 29 പ്രവിശ്യാ യൂണിയനുകള്‍, 240 നഗരതല സഹകരണ സ്ഥാപനങ്ങള്‍, 4500 പ്രാഥമിക സഹകരണ സംഘങ്ങള്‍, 9577 സ്റ്റോറുകള്‍, 6,024 ഇന്ധന സ്‌റ്റോറുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലും വികേന്ദ്രീകരണത്തിലും അധിഷ്ഠിതമായി സ്വയംപര്യാപ്തത, ശരിയായ മത്സരം, അംഗങ്ങളുടെ പൊതുആവശ്യങ്ങള്‍ നിറവേറ്റല്‍, അടിസ്ഥാന സൗകര്യപദ്ധതികളില്‍ നിക്ഷേപം നടത്തല്‍, ഉല്‍പ്പാദനവര്‍ധന തുടങ്ങിയവയാണ് ഉദ്ദേശ്യങ്ങള്‍.

ഐ.സി.സി.

മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിന്റെ ( ജി.ഡി.പി ) 25 ശതമാനം സഹകരണ മേഖലയില്‍ നിന്നാവണം എന്ന ലക്ഷ്യം ഇറാനുണ്ടെങ്കിലും ഇപ്പോഴിത് അഞ്ചോ ആറോ ശതമാനമാണ്. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കായുള്ള പുതിയ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത് സഹകരണ സ്ഥാപനങ്ങള്‍ക്കായുള്ള ഇറാന്റെ കേന്ദ്ര ചേംബര്‍ ( കൃമി Central Chamber of Co-operatives – ICC ) ആണ്. 1994ല്‍ ആണ് സ്ഥാപിച്ചത്. എല്ലാ സഹകരണ യൂണിയനുകളുടെയും സഹകരണക്കമ്പനികളുടെയും മൊത്തത്തിലുള്ള ദേശീയതല സ്ഥാപനമാണിത്. അന്താരാഷ്ട്ര തലത്തിലുള്ള സഹകരണ-സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇതിനുണ്ട്. സഹകരണ വികസന രംഗത്ത് ചേംബര്‍ സജീവമാണ്. സര്‍വകലാശാലാ ബിരുദധാരികള്‍ക്കിടയില്‍ സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാനും സേവന രംഗങ്ങളിലും പര്യാലോചനാ രംഗങ്ങളിലും കയറ്റുമതി രംഗത്തുമൊക്കെ സംഘങ്ങള്‍ രൂപവത്കരിക്കാനും ഇതു മുന്‍കൈയെടുക്കുന്നു. രാജ്യത്തു സഹകരണ പ്രസ്ഥാനത്തിന്റെ പങ്കു വളര്‍ത്തുക എന്നതും ലക്ഷ്യമാണ്.

ഇറാനു പുറത്തും, പ്രത്യേകിച്ച് ആഫ്രിക്കയില്‍, ചേംബര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആഫ്രിക്കയില്‍ വ്യാപാര മേഖലകള്‍ ( trade zones) സ്ഥാപിക്കുന്നതിലാണ് ഇത് ഏറെ സജീവം. ഇറാനില്‍ ദേശീയവും അന്തര്‍ദേശീയവുമായ സഹകരണ സ്ഥാപനങ്ങള്‍ക്കു പിന്‍ബലവും സ്‌പോണ്‍സര്‍ഷിപ്പും നേടാന്‍ ചേംബര്‍ പ്രയത്‌നിക്കുന്നു. സഹകരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാനും പ്രവര്‍ത്തിക്കുന്നു. സ്ഥിരം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, മേഖലാ തലത്തില്‍ ലാഭക്ഷമതാ പഠനങ്ങള്‍ നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ചേംബര്‍ നടത്തുന്നുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ സ്വകാര്യവത്കരണത്തിനും ചേംബര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയവും അന്തര്‍ദേശീയവുമായ സാമ്പത്തിക സ്രോതസ്സുകള്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു പ്രാപ്യമാക്കാനുള്ള മധ്യവര്‍ത്തിയുമാണു ചേംബര്‍. ഇറാന്‍ സഹകരണ വികസനബാങ്ക് , ഇറാനിയന്‍ സഹകരണനിധി എന്നിവ സ്ഥാപിക്കാനും ചേംബര്‍ മുന്‍കൈയെടുത്തു. മികവിന്റെ ഐ.ടി കേന്ദ്രവും അതു വളര്‍ത്തിയെടുത്തിട്ടുണ്ട്.

1,80,000 സഹകരണ സംഘങ്ങള്‍ക്ക് ഐ.സി.സി. യില്‍ അംഗത്വമുണ്ട്. മൂന്നരക്കോടി ആളുകള്‍ ഇവയിലൊക്കെക്കൂടി അംഗങ്ങളുമാണ്. കൃഷി, ഭവന നിര്‍മാണം, കൈവേലപ്പരവതാനി നിര്‍മാണം, മീന്‍പിടിത്തം, ഉപഭോക്തൃ സേവനം, കൃഷി, ടൂറിസം, ബാങ്കിങ്-ധനകാര്യം, ഗതാഗതം, വ്യവസായം, ഖനനം തുടങ്ങിയ മേഖലകളിലൊക്കെ സഹകരണസംഘങ്ങളുണ്ട്. ഇറാന്റെ 31 പ്രവിശ്യകളിലും ഈ ചേംബറിന്റെ ഘടകങ്ങളുണ്ട്. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കു പരിശീലനം അടക്കമുള്ള സേവനങ്ങളും ചേംബര്‍ നല്‍കുന്നുണ്ട്. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ചേംബര്‍ ഒരു വ്യാപാരകേന്ദ്രം തുടങ്ങിയിട്ടുണ്ട്. ഇറാനിയന്‍ സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇറാഖി വിപണിയിലെത്തിക്കുന്നതില്‍ ഇതു സജീവ പങ്കു വഹിക്കുന്നു.

(അവസാനിച്ചു)

അവലംബം:
Kate Askew: Co-operatives Key to Iran’s Economy
Simon Birch : Iranian Co-operativse : Inspired by the Qu’ran, hit by sanction (Guardian)
Development of the Co-operative Movement in Iran (https://onlinelibrary.wiley.com)
Encyclopaedia Iranica

 

Leave a Reply

Your email address will not be published. Required fields are marked *

Latest News