കോരാമ്പാടം ബാങ്കിന്റെ പൊക്കാളിചലഞ്ച് ഉദ്ഘാടനം ഇന്ന് 

moonamvazhi

‘പൊക്കാളി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കൂ കര്‍ഷകരെ സഹായിക്കൂ ‘ എന്ന മുദ്രാവാക്യവുമായി എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ഏകോപനം നിര്‍വഹിക്കുന്ന പൊക്കാളിചലഞ്ച് ഇന്ന് (ജൂണ്‍ 11 ) വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോതാടുള്ള ബാങ്ക് ആസ്ഥാനത്ത് ഉച്ചക്കു 12നു ചേരുന്ന ചടങ്ങില്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും.

കൊച്ചിയുടെ തീരദേശപഞ്ചായത്തുകളിലെ പാരമ്പര്യനെല്ലിനമായ പൊക്കാളി ഔഷധമൂല്യമുള്ളതും ഭൗമസൂചികാപത്രം ലഭിച്ചിട്ടുള്ളതുമായ ജൈവനെല്ലിനമാണ്. ഔഷധഗുണങ്ങള്‍ പ്രചരിപ്പിക്കുകയും പൊക്കാളിഅരികൊണ്ടുള്ള മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ വിപണിയില്‍ പൊക്കാളി പ്രീമിയം ഉല്‍പ്പന്നമായി മാറിയിരുന്നു. നല്ല വില കിട്ടുകയും ഉല്‍പ്പന്നങ്ങള്‍ വിറ്റുപോകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം വളരെക്കൂടുതല്‍ പൊക്കാളിനെല്ല് ഉല്‍പ്പാദിപ്പിച്ചു. പക്ഷേ, കൂടുതലായി ഉല്‍പ്പാദിപ്പിച്ചതു യഥാസമയം വിറ്റുപോയില്ല. കര്‍ഷകര്‍ കടത്തിലായി. അതിനാല്‍ ഈ നെല്ല് വേഗം കര്‍ഷകരില്‍നിന്ന് ഏറ്റെടുത്തു വില്‍ക്കുക, പൊക്കാളിയുടെ ഗുണങ്ങള്‍ക്കു കൂടുതല്‍ പ്രചാരം നല്‍കുക, കൃഷിയെ നിലനിര്‍ത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണു പൊക്കാളി ചലഞ്ച് നടപ്പാക്കുന്നത്. കടമക്കുടി പഞ്ചായത്തിന്റെ സഹകരണത്തോടെയാണു ചാലഞ്ച് നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News