കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് എം.എല്‍.എ.ഫണ്ട് ഉപയോഗിക്കാന്‍ അനുമതി നല്‍കിയേക്കും

moonamvazhi

കൈത്തറി മേഖലയുടെ നവീകരണത്തിന് സമഗ്രപദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിനായി ഈ മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഐ.ഐ.ടി., ഐ.ഐ.എം. സ്ഥാപനങ്ങളിലെ വിദഗ്ധരാണ് സമിതിയിലെ അംഗങ്ങള്‍. ഇവരുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് നവീകരണ പദ്ധതി തയ്യാറാക്കാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം.

സ്‌കൂള്‍ യൂണിഫോം പദ്ധതി കൈത്തറി സഹകരണ സംഘങ്ങളെ സാമ്പത്തികമായി മെച്ചപ്പെടുത്തിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആ നേട്ടമെല്ലാം തകര്‍ന്നടിഞ്ഞു. പല സംഘങ്ങളും നിലനില്‍ക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ്. കൈത്തറി ഗ്രാമം, ഒരു വീട്ടിലൊരു തറി എന്നിങ്ങനെ വിവിധ പദ്ധതികള്‍ പുതിയ തൊഴിലാളികളെ ഈ മേഖലയിലേക്ക് എത്തിക്കാന്‍ സഹായിച്ചിരുന്നു. ഇതിനൊപ്പം സ്‌കൂള്‍ യൂണിഫോം പദ്ധതി കൂടിയായപ്പോള്‍ സംഘങ്ങള്‍ക്ക് നിശ്ചിത വരുമാനം ഉറപ്പായി. മൂവായിരത്തിലധികം യുവജനങ്ങള്‍ പുതുതായി കൈത്തറി മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. ഇതെല്ലാമാണ് കോവിഡ് വ്യാപനം ഇല്ലാതാക്കിയത്.

സര്‍ക്കാര്‍ സഹായ പദ്ധതികളില്ലാതെ കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. കേരള കൈത്തറി എന്ന ബ്രാന്‍ഡില്‍ സംസ്ഥാനത്തിന് പുറത്തടക്കം വിപണി കണ്ടെത്താനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളിലെ വിപണന കേന്ദ്രങ്ങളില്‍ കേരള ബ്രാന്‍ഡ് കൈത്തറി എത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ബാലരാമപുരം കൈത്തറിക്ക് വിദേശത്തടക്കം വിപണന സാധ്യത തേടി പുതിയ കമ്പനി നിലവില്‍വന്നിട്ടുണ്ട്. അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മ കേരള കൈത്തറിയെ പ്രോത്സാഹിപ്പിക്കാനുള്ള സഹായം നല്‍കാന്‍ തയ്യാറായതും പ്രതീക്ഷ നല്‍കുന്നതാണ്.

പുതിയ വിപണി മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ഡിസൈനിങ് എന്നിവയും നടപ്പാക്കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായുള്ള സഹകരണം ഇതാനിയി ഉറപ്പാക്കി. ഇതിനനുസരിച്ച് ഉല്‍പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൈത്തറി സഹകരണ സംഘങ്ങളും മാറേണ്ടതുണ്ട്. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ട് കൈത്തറി സംഘങ്ങളുടെ നവീകരണത്തിന് ലഭ്യമാക്കാനുള്ള ആലോചനയാണ് നടക്കുന്നത്.

അഞ്ചുകോടി രൂപയാണ് ഒരു നിയമസഭാംഗത്തിന് ഒരുവര്‍ഷം ആസ്തി വികസന ഫണ്ടായി ഉള്ളത്. കൈത്തറി സംഘങ്ങള്‍ അവയുടെ നവീകരണത്തിനാവശ്യമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചാല്‍ ഈ ഫണ്ട് അനുവദിക്കാനാണ് ആലോചന. നിലവില്‍ സഹകരണ സംഘങ്ങളുടെ പദ്ധതികള്‍ക്ക് എം.എല്‍.എ. ഫണ്ട് ഉപയോഗിക്കാന്‍ അനുമതിയില്ല. കൈത്തറി സംഘങ്ങള്‍ക്ക് പ്രത്യേകമായി ഇതിനുള്ള അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് കിട്ടുന്നതിനൊപ്പം സംഘങ്ങളുടെ നവീകരണ കാര്യത്തിലും തീരുമാനമുണ്ടാക്കാമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News