കേരളബാങ്കിന്റെ വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ചട്ടത്തില്‍ ഇളവ് നല്‍കി
കേരളബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നെടുത്ത വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ചട്ടത്തില്‍ ഇളവ് നല്‍കി ഉത്തരവിറക്കി. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയുടെ കത്ത് അടിസ്ഥാനമാക്കിയാണ് നടപടി. റിസ്‌ക് ഫണ്ട് നിയമാവലിയിലെ വ്യവസ്ഥ അനുസരിച്ച് ധനസഹായത്തിന് അര്‍ഹതയില്ലാത്ത 14 വായ്പകള്‍ക്കാണ് ഇളവ് ബാധകം.
ഇവരുടെ അപേക്ഷ നേരത്തെ നിരസിക്കപ്പെട്ടിരുന്നു. അപേക്ഷ വീണ്ടും പരിഗണിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി, സഹകരണ മന്ത്രി, ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്ക് വായ്പ കുടിശ്ശികയായവര്‍ നിവേദനം നല്‍കിയിരുന്നു. ഇത് ഫിബ്രവരി ഒന്നിന് ചേര്‍ന്ന ബോര്‍ഡ് യോഗം വീണ്ടും പരിഗണിച്ചു. ഈ വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കുന്നതിന് മാനുഷിക പരിഗണന നല്‍കി ചട്ടത്തില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സെക്രട്ടറി കത്ത് നല്‍കിയത്.
റിസ്‌ക് ഫണ്ട് നിയമാവലി വ്യവസ്ഥകളില്‍ 13(6) പ്രകാരം ഇളവ് നല്‍കി ധനസഹായം അനുവദിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, വയനാട്, കോട്ടയം ജില്ലാ ഓഫീസുകള്‍ക്ക് കീഴില്‍വരുന്നവായാണ് ഈ വായ്പകള്‍.16,86,074 രൂപയാണ് 14 വായ്പകളിലായി ധനസഹായം അനുവദിക്കുക. പരമാവധി രണ്ടുലക്ഷവും കുറഞ്ഞത് 52,421 രൂപയുമാണ് ധനസഹായമായി അനുവദിച്ചിട്ടുള്ളത്.