കേരളബാങ്കിന് കീഴില്‍ കര്‍ഷക ഉല്‍പാദക സംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

moonamvazhi

കേരളബാങ്കിന് കീഴില്‍ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍( ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍) രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാര്‍ക്കാണ് പദ്ധതി സമര്‍പ്പിക്കേണ്ടത്. 14 ജില്ലകളിലായി 100 കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

2023-24 ലെ ബജറ്റ് പ്രസംഗത്തില്‍ കേരള ബാങ്ക് മുഖേന 100 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി പത്തുകോടിരൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരുന്നു. ഇത് കേരളബാങ്കിന് അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവിറക്കി. എഫ്.പി.ഒ.കള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് സഹകരണ സംഘം നിയമ പ്രകാരം ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ സാങ്കേതിക കാര്യങ്ങളില്‍ സഹകരണ സംഘം രജിസ്ട്രാര്‍ സഹായം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളാബാങ്കിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ക്കാണ് പദ്ധതി നടത്തിപ്പിന്റെ ജില്ലാതല മേല്‍നോട്ട ചുമതല. കേരളബാങ്ക് ആസ്ഥാനത്തില്‍ കേന്ദ്രീകൃത നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സഹകരണ നിയമത്തില്‍ എഫ്.പി.ഒ. രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേകമായി വ്യവസ്ഥയില്ല. ഒരു സഹകരണ സംഘം എന്ന നിലയിലായിരിക്കും എഫ്.പി.ഒ.കളും രജിസ്റ്റര്‍ ചെയ്യേണ്ടിവരിക. ഇതോടെ കേരളബാങ്കിന്റെ നിയന്ത്രണത്തിലുള്ള പുതിയ സഹകരണ സംഘമായി എഫ്.പി.ഒ.കളും മാറും. ഒരു പുതിയ കാര്‍ഷിക സഹകരണ സംഘങ്ങളായി എഫ്.പി.ഒ.കള്‍ കേരളത്തില്‍ നിലവില്‍ വരുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഈ സംഘങ്ങള്‍ക്ക് മറ്റുസംഘങ്ങളുടേതിന് സമാനമായ രീതിയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമാകുമോയെന്നതും വ്യക്തമല്ല. പദ്ധതിയുടെ പിന്മാറ്റ വ്യവസ്ഥ (‘വിത്‌ഡ്രോവല്‍ സ്ട്രാറ്റജി’) കേരള ബാങ്ക് തയ്യാറാക്കണമെന്നാണ് ഉത്തരവിലുള്ളത്. ഇത്തരമൊരു പിന്മാറ്റം നടത്തിയാല്‍ എഫ്.പി.ഒ.കള്‍ക്ക് സ്വതന്ത്ര സഹകരണ സംഘമെന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകു മോയെന്നതും പദ്ധതി രേഖ സമര്‍പ്പിച്ചാലേ വ്യക്തമാകൂ.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News