കേരളത്തില്‍ സംഘങ്ങള്‍
500 ഏക്കറില്‍ കൃഷിത്തോട്ടം നിര്‍മിക്കുന്നു

Deepthi Vipin lal

സംസ്ഥാനത്ത് 500 ഏക്കറില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന കൃഷിത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ആകെ 250 സംഘങ്ങളാണ് ഇതില്‍ പങ്കെടുക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി നടത്തുന്നതാണ് ഈ പദ്ധതി.

നമ്മുടെ നാടിന്റെ വിഭവശേഷി പൂര്‍ണമായി ഉപയോഗിച്ച് ഭക്ഷ്യ കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തമാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സഹകരണ സംഘങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൃഷിക്കു പുറമേയാണ് പച്ചക്കറിയുടെ ഈ കൃഷിത്തോട്ടങ്ങള്‍ ഒരുക്കേണ്ടത്. വരുന്ന ഫെബ്രുവരി പത്തു മുതല്‍ മെയ് ഇരുപതു വരെ നടപ്പാക്കുന്ന നൂറുദിന പരിപാടിയിലാണ് ഈ പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ ജില്ലയിലും നിര്‍മിക്കേണ്ട കൃഷിത്തോട്ടങ്ങളുടെ വിസ്തൃതിയും പങ്കാളികളാകേണ്ട സംഘങ്ങളുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കണ്ണൂര്‍ ജില്ലയിലായിരിക്കും ഏറ്റവും കൂടുതല്‍ സ്ഥലത്ത് ( 75 ഏക്കറില്‍ ) കൃഷിത്തോട്ടം തയാറാക്കുക. രണ്ടാം സ്ഥാനത്തു തൃശ്ശൂരാണ്- 60 ഏക്കര്‍. കാസര്‍ഗോട്ട് 50 ഏക്കറിലായിരിക്കും കൃഷി. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 40 ഏക്കറില്‍ വീതമാണു കൃഷി നടത്തുക. പത്തനംതിട്ടയില്‍ 35 ഏക്കറിലും കോട്ടയം, എറണാകുളം ജില്ലകളില്‍ 25 ഏക്കറിലും ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളില്‍ 20 ഏക്കറിലും ഇടുക്കിയില്‍ പത്ത് ഏക്കറിലും കൃഷിയൊരുക്കും. കൊല്ലം ജില്ലയില്‍ 40 സംഘങ്ങളാണ് കൃഷിത്തോട്ടം ഒരുക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 20 സംഘങ്ങളും കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ 15 സംഘങ്ങളും പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളില്‍ 10 സംഘങ്ങളുമാണു കൃഷിത്തോട്ടം ഒരുക്കുന്നതില്‍ പങ്കാളികളാവുക.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ സ്വാശ്രയ ഗ്രൂപ്പുകളും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളും രൂപവത്കരിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും സേവനം പദ്ധതിക്ക് ഉറപ്പാക്കണമെന്നും സംഘം അടിസ്ഥാനത്തില്‍ കാര്‍ഷികോല്‍പ്പന്നച്ചന്തകള്‍ തുടങ്ങണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനു സംഘങ്ങളുടെ പൊതുഫണ്ടില്‍ നിന്നു അര ലക്ഷം രൂപവരെ അനുവദിക്കാം. മാതൃകാ കൃഷിത്തോട്ടങ്ങള്‍ ഒരുക്കാനായി സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കും സ്വന്തം സ്ഥലമോ തരിശുഭൂമിയോ പാടശേഖരങ്ങളോ ഉപയോഗിക്കാം. പദ്ധതിപ്രകാരം ഉണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് അതതിടത്തെ ഗ്രാമച്ചന്തകളിലോ സ്വന്തമായുള്ള കാര്‍ഷിക വിപണന കേന്ദ്രത്തിലോ കോ-ഓപ് മാര്‍ട്ടിന്റെ സ്റ്റാളുകളിലോ വില്‍ക്കാം.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ തലത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാറി ( ഭരണം ) നെയും താലൂക്ക് തലത്തില്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാരെയും നോഡല്‍ ഓഫീസറായി നിയമിക്കാം. എത്ര സ്ഥലത്ത് കൃഷി ചെയ്തു, ഏതെല്ലാം വിളകള്‍ കൃഷി ചെയ്തു, എത്ര കൃഷിത്തോട്ടം ഒരുക്കി എന്നിവ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഓരോ സംഘവും മാര്‍ച്ച് 31 നു മുമ്പായി സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ എത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News