കേരളത്തിലെ പൊതു ആരോഗ്യ രംഗം സഹകരണ സ്വകാര്യമേഖലയുടെ പിന്തുണയോടെ കരുത്താർജ്ജിച്ചതായി മുഖ്യമന്ത്രി.

adminmoonam

സംസ്ഥാനത്തെ പൊതു ആരോഗ്യരംഗം സര്‍ക്കാരിന്‍റെ മികച്ച ഇടപെടലുകളോടൊപ്പം സഹകരണ-സ്വകാര്യ മേഖലകളുടെ പിന്തുണയോടെ കൂടുതല്‍ കരുത്താര്‍ജിച്ച് ശ്രദ്ധ നേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ പൊതുസമൂഹത്തിന്‍റെ വിശ്വാസമാര്‍ജിച്ചു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് വികസനനോന്മുഖമായ ഇടപെടലുകള്‍ നടത്താന്‍ വളരെയേറെ സാധ്യതകള്‍ മുന്നിലുള്ളതായും ഇനിയും മുന്നേറാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുമ്പളയിലെ കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമീപിക്കാന്‍ സാധിക്കുംവിധം മികവുറ്റ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാന്‍ സാധിച്ചതിന്‍റെ സാക്ഷ്യപത്രമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീതി ആയോഗ് കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് ഒന്നാം സ്ഥാനം നല്‍കിയത്. ആരോഗ്യംരംഗമെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമല്ല. ആരോഗ്യ സാഹചര്യം സമ്പുഷ്ടമാക്കുന്നതില്‍ വിവിധ ഘട്ടങ്ങളില്‍ സ്വകാര്യമേഖലയും പങ്ക് വഹിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായതോടെ ലഭ്യമാക്കിയ മികച്ച ചികിത്സ തേടി പാവപ്പെട്ടവനും പണക്കാരനും ഒരുപോലെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ പൊതുആരോഗ്യം മികച്ചതിനാലാണ് കേരളം ശ്രദ്ധിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി ഇ.ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി എംഎൽഎമാരായ എം.പി.കമറുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ ജോയിന്റ് രജിസ്ട്രാർ നൗഷാദ്, സംഘം പ്രസിഡണ്ട് എ.ചന്ദ്രശേഖരൻ വൈസ് പ്രസിഡണ്ട് പി.രഘുദേവൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.