കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( COIRFED )
(2019 ഡിസംബര്‍ ലക്കം)
കൊല്ലം , ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ജില്ലാ കയര്‍ വിപണന സംഘങ്ങളെ സംയോജിപ്പിച്ച് രൂപവത്കരിച്ച ഫെഡറേഷനാണ് കയര്‍ഫെഡ്. 1979 ല്‍ ആലപ്പുഴ ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്ത കയര്‍ഫെഡ് കേരളത്തിലെ എല്ലാ പ്രാഥമിക കയര്‍ വിപണന സഹകരണ സംഘങ്ങളുടെയും പരമോന്നത സ്ഥാപനമാണ്. കേരളം മുഴുവന്‍ പ്രവര്‍ത്തന മേഖലയായി വരുന്ന കയര്‍ഫെഡിന്റെ പ്രധാന ചുമതല കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും വിപണനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ വികസന പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവിധ പ്രാഥമിക കയര്‍ സൊസൈറ്റികള്‍ക്കും കയര്‍ഫെഡില്‍ അംഗമാകാം.
അഫിലിയേറ്റഡ് കയര്‍ സൊസൈറ്റികള്‍ക്ക് സമയബന്ധിതമായി സഹായം നല്‍കാന്‍ കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കയര്‍ഫെഡിന് പ്രാദേശിക ഓഫീസുകളുണ്ട്. കയര്‍ നാരുകള്‍, കയറിഴകള്‍, കയറുല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും പിന്നീട് അവയുടെ സംഭരണത്തിനും വിപണനത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടതും കയര്‍ഫെഡാണ്. കടയ്ക്കാവൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടാപുരം, പള്ളുരുത്തി, കോഴിക്കോട് തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ കയര്‍ഫെഡിന്റെ സംഭരണ സൗകര്യമുണ്ട്.
കയറുല്‍പ്പന്നങ്ങളുടെ വില്‍പ്പന കൂട്ടാനായി ഫെഡറേഷന്‍ രാജ്യമൊട്ടാകെ ഏജന്റുമാരെ നിയമിക്കുകയും വിവിധ ഭാഗങ്ങളില്‍ ഷോറൂമുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാരും നടത്തുന്ന വ്യാപാര മേളകളിലും പ്രദര്‍ശന മേളകളിലും സ്റ്റാളുകള്‍ തുറന്ന് കയര്‍ഫെഡ് അതിന്റെ പ്രാഥമിക സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നു. കയറിന്റെയും കയറുല്‍പ്പന്നങ്ങളുടെയും ദേശീയ, സംസ്ഥാന വ്യാപാരവും കയറ്റുമതിയും ക്രമീകരിക്കുകയെന്നതും കയര്‍ഫെഡിന്റെ ലക്ഷ്യമാണ്.
സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പകള്‍ , ഗ്രാന്റുകള്‍ എന്നിവയിലൂടെയാണ് കയര്‍ഫെഡ് ഫണ്ട് സ്വരൂപിക്കുന്നത്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ കയര്‍ നാര് സംഭരണവും കയറ്റുമതിയും നടത്തുന്നത് കയര്‍ഫെഡാണ്. ഐ.എസ്.ഐ. മാര്‍ക്കോടെ പലതരം കയറുല്‍പ്പന്നങ്ങള്‍ കയര്‍ഫെഡ് നിര്‍മിക്കുന്നുണ്ട്.
കേരള സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന ഫെഡറേഷന്‍
പട്ടിക ജാതി / പട്ടിക വര്‍ഗ പ്രാഥമിക സഹകരണ സംഘങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കേരള സര്‍ക്കാര്‍ 1981 ല്‍ സംസ്ഥാന തലത്തില്‍ രൂപവത്കരിച്ച ഫെഡറേഷനാണിത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഫെഡറേഷനില്‍ കേരളത്തിലെ പട്ടിക ജാതി / പട്ടിക വര്‍ഗ പ്രാഥമിക സംഘങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും പട്ടിക ജാതി / പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷനും അംഗത്വം കിട്ടും.
അനുബന്ധ പ്രാഥമിക സംഘങ്ങള്‍ക്ക് വായ്പകളും മറ്റു സഹായങ്ങളും നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് പട്ടിക ജാതി / പട്ടിക വര്‍ഗ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷന്് രൂപം നല്‍കിയിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ , ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ അംഗങ്ങള്‍ക്കു വേണ്ടി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുക, വില്‍ക്കാനും വിതരണം ചെയ്യാനുമുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുക, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുക, പട്ടിക ജാതി / പട്ടിക വര്‍ഗക്കാരുടെ കുടിലുകളും പരമ്പരാഗത പ്രവര്‍ത്തനങ്ങളും പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, വിദ്യാഭ്യാസവും അവബോധവും നല്‍കുക തുടങ്ങിയവ ഫെഡറേഷന്റെ പ്രധാന ലക്ഷ്യങ്ങളില്‍പ്പെടുന്നു.
സഹകരണ വകുപ്പ് സെക്രട്ടറി, അഗ്രിക്കള്‍ച്ചറല്‍ പൊഡക്ഷന്‍ കമ്മീഷണര്‍, ഗോത്രക്ഷേമ ഡയരക്ടര്‍, സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍, വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍, ഓരോ ജില്ലയില്‍ നിന്നുമുള്ള പട്ടികജാതി / വര്‍ഗ സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍, മാനേജിങ് ഡയരക്ടര്‍ ( അഡീഷണല്‍ രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേഷന്‍ ) തുടങ്ങിയവര്‍ പട്ടികജാതി / വര്‍ഗ വികസന ഫെഡറേഷന്‍ ഭരണ സമിതിയില്‍ അംഗങ്ങളാണ്.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ് ( HOUSEFED )
കേരളത്തിലെ പ്രാഥമിക ഭവന സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനമായി 1970 ഏപ്രില്‍ ഒന്നിന് രജിസ്റ്റര്‍ ചെയ്തതാണ് ഹൗസ്‌ഫെഡ്. കേരളം മുഴുവന്‍ പ്രവര്‍ത്തന മേഖലയായി വരുന്ന ഹൗസ്‌ഫെഡ് അക്കൊല്ലം സെപ്റ്റംബര്‍ 24 ന് കൊച്ചി കലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ചു. അംഗീകൃത മൂലധനം 75,000 കോടി രൂപയുള്ള ഫെഡറേഷനില്‍ കേരളത്തിലെ പ്രാഥമിക ഭവന സംഘങ്ങളും സംസ്ഥാന സര്‍ക്കാരുമാണ് അംഗങ്ങള്‍.
ഹൗസ്‌ഫെഡിന്റെ പരമാധികാരം ജനറല്‍ ബോഡിയില്‍ നിക്ഷിപ്തമാണെങ്കിലും ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് മാനേജിങ് കമ്മിറ്റിയാണ്. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 പ്രതിനിധികള്‍, രണ്ട് സര്‍ക്കാര്‍ നോമിനികള്‍, മാനേജിങ് ഡയരക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍, എല്‍.ഐ.സി. ഡിവിഷണല്‍ മാനേജര്‍ എന്നിവരുള്‍പ്പെടുന്നതാണ് മാനേജിങ് കമ്മിറ്റി. ഫെഡറേഷനില്‍ അംഗങ്ങളായവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നുമുള്ള ഓഹരി മൂലധനത്തിലൂടെയും പ്രവേശന ഫീസിലൂടെയും കടപ്പത്രങ്ങളിലൂടെയുമാണ് ഹൗസ്‌ഫെഡ് മൂലധനം സമാഹരിക്കുന്നത്.
സംസ്ഥാനത്തെ ഭവന സഹകരണ സംഘങ്ങളെ സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാ അനുബന്ധ ഭവന സംഘങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ഹൗസിങ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യം. പ്രൈമറി സംഘങ്ങള്‍ നടപ്പാക്കുന്ന കരാറിന്റെ കരുത്തിലാണ് അവയ്ക്ക് വായ്പകള്‍ നല്‍കുന്നത്. വായ്പ തിരിച്ചടയ്‌ക്കേണ്ട സമയം നിശ്ചയിക്കേണ്ടത് എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ്. ഫെഡറേഷന്‍ ഫണ്ട് സ്വരൂപിക്കുന്ന നിരക്കിനേക്കാള്‍ ഒരു ശതമാനം കൂടുതലായിട്ടാണ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. വായ്പ കൃത്യ സമയത്ത് തിരിച്ചടയ്ക്കാന്‍ അംഗസൊസൈറ്റികളെ പ്രേരിപ്പിക്കാനായി പലിശനിരക്കില്‍ അര ശതമാനം കിഴിവ് നല്‍കുന്നു. കൂടാതെ, ഭൂമി ഏറ്റെടുത്ത് ബിസിനസ് ഇടപാടിന് ആവശ്യമായ കെട്ടിടം പണിയുക, അഫിലിയേറ്റ് ഹൗസിങ് സൊസൈറ്റികളും അവയ്ക്ക് പണയം വെച്ച വീടുകളും പരിശോധിക്കുക, ഭവന നിര്‍മാണ വസ്തുക്കളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഏറ്റെടുക്കുക തുടങ്ങിയ കാര്യങ്ങളും ഹൗസ്‌ഫെഡിന്റെ ലക്ഷ്യങ്ങളാണ്.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ് ( MATSYAFED )
1984 മാര്‍ച്ച് 19 ന് തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് മത്സ്യഫെഡ് പ്രവര്‍ത്തനമാരംഭിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രാഥമിക മത്സ്യത്തൊഴിലാളി ക്ഷേമ- വികസന സംഘങ്ങള്‍ ചേര്‍ന്ന് സംസ്ഥാന തലത്തില്‍ രൂപവത്കരിച്ച ഫെഡറേഷനാണിത്. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്ഷേമപദ്ധതികള്‍ പ്രാഥമിക സൊസൈറ്റികളിലൂടെ കൃത്യമായി അവരിലേക്ക് എത്തിക്കുക എന്നതാണ് മത്സ്യഫെഡിന്റെ ലക്ഷ്യം.
മൂന്നു തലങ്ങളിലായി നിലകൊണ്ടിരുന്ന ഫെഡറേഷന്റെ ശ്രേണിയെ 1993 ഡിസംബര്‍ ഒന്നിന് മത്സ്യഫെഡിന്റെ ഉപനിയമം ഭേദഗതി ചെയ്തുകൊണ്ട് ദ്വിതല ഘടനയാക്കി. 332 പരമ്പരാഗത സൊസൈറ്റികളും പരമ്പരാഗത ഉള്‍നാടന്‍ മീന്‍പിടിത്ത മേഖലയിലെ 178 സംഘങ്ങളും 131 വനിതാ മത്സ്യത്തൊഴിലാളി സംഘങ്ങളും ഉള്‍പ്പെടെ 641 പ്രാഥമിക തല ക്ഷേമ-വികസന സഹകരണ സംഘങ്ങളുടെ പരമോന്നത സ്ഥാപനമാണ് മത്സ്യഫെഡ്.
സാമ്പത്തിക- സാമൂഹിക കേന്ദ്രീകൃതമാണ് ഫെഡറേഷന്റെ പ്രവര്‍ത്തനം. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക ഉന്നമനത്തിനായി മത്സ്യങ്ങളുടെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം, സംഭരണം, സംസ്‌കരണം , വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മത്സ്യഫെഡ് ഏറ്റെടുത്തു നടത്തുന്നു. ഇതിനായി എന്‍.സി.ഡി.സി. യുടെ സഹായത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ചെറിയ പലിശ നിരക്കില്‍ വായ്പ നല്‍കാനായി സംയോജിത മീന്‍പിടിത്ത പദ്ധതി ( കഎഉജ ) ക്ക് രൂപം നല്‍കി. ഈ പദ്ധതിയിലൂടെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പാടിസ്ഥാനത്തില്‍ 40 ശതമാനം സബ്‌സിഡിയോടെ യന്ത്രബോട്ടും നൈലോണ്‍ വലയും നല്‍കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ വരുമാനം കിട്ടുന്നതിന് മത്സ്യങ്ങളുടെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും സംസ്‌കരണ – വിപണന മേഖലയിലേക്കും മത്സ്യഫെഡ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കടപ്പുറത്തു തന്നെ ലേലം നടത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില നേടിക്കൊടുക്കാന്‍ ഫെഡറേഷന്‍ ലേലക്കാരെ നിയമിച്ചു. നാട്ടില്‍ ഗുണനിലവാരമുള്ള മത്സ്യങ്ങളുടെയും മത്സ്യ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ തീരദേശത്തും ഉള്‍പ്രദേശങ്ങളിലും മത്സ്യവിപണന കേന്ദ്രങ്ങള്‍, ഫിഷ് ബൂത്തുകള്‍, ഫ്രാഞ്ചൈസി ഷോപ്പുകള്‍ എന്നിവയുടെ ശ്രംഖല തന്നെ മത്സ്യഫെഡിനുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐസ് ഫ്രീസിങ് പ്ലാന്റ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള നൈലോണ്‍ വല നിര്‍മിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായ നിരക്കില്‍ വിതരണം ചെയ്യാനുമായി വലയുണ്ടാക്കുന്ന രണ്ട് ഫാക്ടറികള്‍ ഫെഡറേഷനുണ്ട്. നീണ്ടകരയില്‍ മത്സ്യഫെഡിന്റെ പ്ലാന്റില്‍ മത്സ്യവളം ഉണ്ടാക്കുന്നുണ്ട്. മത്സ്യവില്‍പ്പനക്കാരായ സ്ത്രീകളെ കച്ചവടത്തിന് വിവിധ സ്ഥലങ്ങളില്‍ എത്തിക്കാനും തിരിച്ചു വീട്ടിലെത്തിക്കാനും മത്സ്യഫെഡിന്റെ 12 വനിതാ ബസ്സും ഓടുന്നു.
[mbzshare]