കേരള ബാങ്ക് – നടപടികളുടെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി.
കേരള ബാങ്ക് രൂപവത്കരണത്തിന് സംസ്ഥാന സർക്കാർ എടുത്ത നടപടികളുടെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. ലയനത്തെ സഹായിക്കാൻ മാത്രമായി ബാങ്കുകളുടെ ഏതെങ്കിലും കടബാധ്യതയും മറ്റും സർക്കാർ എഴുതിത്തള്ളുകയോ അടച്ചു തീർക്കുകയൊ ചെയ്തിട്ടുണ്ടെങ്കിൽ അതും സെപ്റ്റംബർ 2 നകം അറിയിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് എന്ന പേരിൽ സംസ്ഥാന സഹകരണ ബാങ്ക് രൂപവൽക്കരിക്കാൻ നടപടിയെടുത്തു വരികയാണെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതിന് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. വിവിധ ജില്ലാ ബാങ്കുകളുടെ പൊതുയോഗം സംബന്ധിച്ചും മറ്റും ഉള്ള ഒരു കൂട്ടം ഹർജികളാണ് ഹൈകോടതിക്ക് മുന്നിൽ ഉള്ളത്.