കേരള പുനര്‍നിര്‍മ്മാണത്തില്‍ സഹകരണ മേഖലയുടെ പങ്ക് മഹത്തരം – മുഖ്യമന്ത്രി
പ്രളയശേഷം കേരളത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ സഹകരണ മേഖല നല്‍കുന്ന സഹായം മഹത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയത്തില്‍ 18,000 പേര്‍ക്കാണ് കേരളത്തില്‍ വീട് നഷ്ടമായത്. ഇതില്‍ 2000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നത് സഹകരണ മേഖലയാണ്. സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഇതില്‍ പങ്കെടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി സര്‍വീസ് സഹകരണ ബാങ്ക് നിര്‍ധന കുടുംബത്തിന് ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീട്ടിലുള്ള സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് 10,000 രൂപയാണ് സര്‍ക്കാര്‍ അടിയന്തര സഹായമായി നല്‍കിയത്. ഇതുകൊണ്ട് ഒന്നുമാവില്ലെന്ന് അറിയാം. അതാണ്, ഒരുലക്ഷം രൂപവരെ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. ഈ വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. ഇങ്ങനെ വായ്പ നല്‍കാനുള്ള ദൗത്യവും സഹകരണ മേഖലയാണ് ഏറ്റെടുത്തത്. വ്യാപാരികളുടെ നഷ്ടമാണ് കഷ്ടം. കേന്ദ്രമാനദണ്ഡമനുസരിച്ച് ഒരു സഹായം അവര്‍ക്കായി ലഭിക്കില്ലെന്ന സ്ഥിതിയാണ്. തല്‍ക്കാലം അവര്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പത്തുലക്ഷം രൂപവരെ വായ്പ നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിലും പ്രധാന പങ്കുവഹിക്കുന്നത് സഹകരണ ബാങ്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളബാങ്ക് വരുന്നതോടെ കേരളത്തിലെ ഇന്നത്തെ സഹകരണ മേഖലയുടെ മുഖം തന്നെമാറും. സഹകരണ മേഖലയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളബാങ്കിലൂടെ അത് നേടാനാകും. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ബാങ്കായിരിക്കും കേരളബാങ്ക്. ആ ബാങ്കിന്റെ പ്രാദേശിക സ്ഥാപനങ്ങളായിട്ടായിരിക്കും സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ മാറുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.ബാലന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.വി.സുമജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവന്‍, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗീതമ്മ, സി.എന്‍.ചന്ദ്രന്‍, വി.എ.നാരായണന്‍, കെ.ശശിധരന്‍, കക്കോത്ത് രാജന്‍,എ.ശ്രീഗണന്‍ എന്നിവര്‍ സംസാരിച്ചു