കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടം മെയ് അഞ്ചിനു ശേഷം തുടങ്ങാൻ തീരുമാനം: .എഴുന്നൂറോളം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

adminmoonam

കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായി ഫ്ലാറ്റ് നിർമ്മാണം മെയ് അഞ്ചിന് ശേഷം ശിലാസ്ഥാപനം നടത്താൻ തീരുമാനം.എഴുന്നൂറോളം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഈ നിർദ്ദേശം നൽകിയത്. എന്നാൽ സഹകരണ സംഘങ്ങളിൽ നിന്നും പണം കണ്ടെത്തണമെന്ന പ്രത്യേക നിർദ്ദേശമില്ല. പകരം പ്രാദേശികമായി പണം കണ്ടെത്തണമെന്നാണ് നിർദേശിച്ചത്. ഇത് സംബന്ധിച്ച് വകുപ്പിൽനിന്ന് വരുംദിവസങ്ങളിൽ വാക്കാൽ നിർദ്ദേശം ഉണ്ടാകും എന്ന് അറിയുന്നു. സഹകരണ വകുപ്പിന്റെ പദ്ധതിയായ കെയർ ഹോം ആദ്യഘട്ടത്തിലെ ബാക്കിയുള്ള തുകയും പലിശയും രണ്ടാംഘട്ട ഫ്ലാറ്റ് നിർമ്മാണത്തിനായി ഉപയോഗപ്പെടുത്താം.

എഴുന്നൂറോളം ഫ്ലാറ്റുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ആറു മാസത്തിനകം പണി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് നൽകാനാണ് ലക്ഷ്യം. സ്ഥലം ലഭ്യമാവുന്ന ഇടങ്ങളിൽ മൂന്നു നിലകളിലും അല്ലാതിടത്തു 2 നിലകളിലും ആണ് ഫ്ലാറ്റുകൾ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ വീട് നഷ്ടമായവർക്ക് മുൻഗണന നൽകി, ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റ്, ജില്ലാ കളക്ടർമാർ നൽകുന്ന പ്രകാരമാണ് ഫ്ലാറ്റ് അനുവദിക്കുക. ഒരു കുടുംബത്തിന് പരമാവധി 500 ചതുരശ്ര അടിയിലുള്ള ഫ്ളാറ്റുകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രി രക്ഷാധികാരിയും സഹകരണ വകുപ്പ് മന്ത്രി ചെയർമാനും സഹകരണ സംഘം രജിസ്ട്രാർ കൺവീനറുമായുള്ള സംസ്ഥാനതല സമിതി രൂപീകരിക്കും. ജില്ലാതലങ്ങളിൽ സ്ഥലം എംഎൽഎ രക്ഷാധികാരിയും ജില്ലാ കളക്ടർ ചെയർമാനും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കൺവീനറുമായി ഉള്ള സമിതികൾ ഉടൻ രൂപീകരിക്കാനും കോൺഫറൻസിൽ തീരുമാനിച്ചു. സഹകരണ വകുപ്പ് മന്ത്രിക്ക് പുറമേ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ലൈഫ് മിഷൻ ഡയറക്ടർ യു. വി.ജോസ് ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ എ.അലക്സാണ്ടർ ഐ.എ.എസ് എന്നിവരും ജില്ലാതലങ്ങളിൽ ജോയിന്റ് രജിസ്ട്രാർമാരും പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർമാരും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News