കാഴ്ചവസന്തം നുകരാന്‍ മലമ്പുഴ ബാങ്കിന്റെ കൂട്ട്

moonamvazhi
അനില്‍ വള്ളിക്കാട്

– അനില്‍ വള്ളിക്കാട്

കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയുടെ ഭംഗിയാസ്വദിക്കാനുള്ള സമഗ്ര
ടൂറിസം പാക്കേജുമായി മലമ്പുഴ സഹകരണ ബാങ്ക് രംഗത്തു വരുന്നു.
പുതിയ കാലത്തെ വികാസ സാധ്യതകള്‍ കൂടി പരിഗണിച്ചാണ്
ഈ ടൂറിസം പദ്ധതിക്ക് ബാങ്ക് രൂപം നല്‍കുന്നത്.

 

കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴയുടെ മനോഹാരിത നുകരാന്‍ യാത്രികര്‍ക്കു സഹകരണ ബാങ്ക് വഴിതുറക്കുന്നു. ഉദ്യാനവും അണക്കെട്ടും അതിനു പിറകിലെ കാടും പുഴകളും കണ്ടറിയാന്‍ ഒരു സമഗ്ര ടൂറിസം പാക്കേജിനു മലമ്പുഴ സര്‍വീസ് സഹകരണ ബാങ്ക് മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. ജലസംഭരണി ചുറ്റിവരാന്‍ അകമലവാരം പ്രദേശത്തുകൂടെയുള്ള റിംഗ് റോഡിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണു ബാങ്കിന്റെ പ്രതീക്ഷ.

മലമ്പുഴക്ക് വേണ്ടത്

ഭൂമിശാസ്ത്രപരമായി മലമ്പുഴ രണ്ടു ഭാഗമായിട്ടാണു കിടക്കുന്നത്. അണക്കെട്ടിന് അക്കരെ ആദിവാസികളും കുടിയേറ്റ കര്‍ഷകരും കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന തദ്ദേശീയരും അടങ്ങുന്ന പ്രദേശമാണ്. അണക്കെട്ടിന് ഇപ്പുറം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ നിറഞ്ഞ മധ്യവര്‍ഗ പാര്‍പ്പിട കേന്ദ്രങ്ങളാണ്. ജലസുഭിക്ഷതകൊണ്ട് വികാസംപൂണ്ട മലമ്പുഴയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയെ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. കാടിറങ്ങിവരുന്ന വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ജീവല്‍ഭയത്താല്‍ പലരും വനമേഖലയുടെ സാമീപ്യം വിട്ട് മലമ്പുഴ ടൗണിനടുത്തു താമസം മാറ്റുന്നുമുണ്ട്.

കാല്‍നൂറ്റാണ്ടായി മലമ്പുഴയിലെ കൃഷിയുടെയും കച്ചവടത്തിന്റെയും വളര്‍ച്ചക്കു കൂട്ടായി നില്‍ക്കുന്ന സഹകരണ ബാങ്ക് പുതിയ കാലത്തെ വികാസ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് ടൂറിസം പദ്ധതിക്ക് രൂപം നല്‍കുന്നത്. ഉദ്യാനം കാണാന്‍ വരുന്ന പലരും ഇപ്പോള്‍ തെക്കേ മലമ്പുഴ, അകമലവാരം, കവ തുടങ്ങിയ മലയോര മേഖലകള്‍കൂടി സ്വന്തം വാഹനങ്ങളില്‍ച്ചെന്നു സന്ദര്‍ശിക്കുന്നുണ്ട്. ഇവര്‍ക്കു കൂടുതല്‍ സൗകര്യപ്രദമായി, ഏകോപിപ്പിച്ച രീതിയില്‍ വിനോദയാത്ര നടത്താനാണു ബാങ്ക് പദ്ധതിയിടുന്നത്. വ്യൂ പോയിന്റുകളില്‍ ഭക്ഷണ ശാലകള്‍, മലമ്പുഴയിലെ തനതു ഉല്‍പ്പന്നങ്ങളും കാട്ടിലെ കനികളും വില്‍ക്കുന്ന കടകള്‍, കുട്ടികള്‍ക്കു കളിച്ചുല്ലസിക്കാന്‍ പാര്‍ക്ക് തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കും. പദ്ധതി നടത്തിപ്പിലൂടെ നിരവധി പേര്‍ക്കു തൊഴില്‍ സാധ്യതയും വരുമാനമാര്‍ഗവും ബാങ്ക് ലക്ഷ്യമിടുന്നു.

ആദിവാസി
ക്ഷേമം

അകമലവാരത്തെ മേട്ടൂപ്പതി, അയ്യപ്പന്‍പൊറ്റ, ചേമ്പന തുടങ്ങിയ പ്രദേശങ്ങളിലാണ് ആദിവാസി ഊരുകളുള്ളത്. വനവിഭവങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തിയുള്ള ജീവിതമൊക്കെ ഇവര്‍ക്കിടയില്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. കുടിയേറ്റക്കാര്‍ ഒരുക്കിയ തോട്ടം മേഖലയും ക്ഷീണിച്ചതോടെ അവിടെയുണ്ടായിരുന്ന പണിയും ആദിവാസികള്‍ക്കു കുറഞ്ഞു. പുതിയ തലമുറ പഠിക്കുകയും പുറത്തുള്ള ജോലികള്‍ നേടുകയും ചെയ്യുന്നുണ്ട്. അതേസമയം, മുതിര്‍ന്നവരില്‍ ചിലര്‍ കൃഷിയിലേക്കും കാലിവളര്‍ത്തലിലേക്കും കടക്കുന്നുമുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തനപരിധിയായ മലമ്പുഴ പഞ്ചായത്തില്‍ അക്കരെ ചേമ്പനയിലും വലിയകാടും ക്ഷീര സംഘങ്ങളുണ്ട്. ഈ സംഘങ്ങളിലൂടെ അംഗങ്ങള്‍ക്കു പശു വാങ്ങി വളര്‍ത്താന്‍ വായ്പ നല്‍കുന്നുണ്ട്. ഇക്കരെ മികച്ച രീതിയില്‍ നടക്കുന്ന അകത്തേത്തറ ക്ഷീര സംഘത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അനുവദിച്ചിട്ടുണ്ട്. ക്ഷീരമേഖലയില്‍ കൂടുതല്‍ സഹായം അനുവദിച്ചുകൊണ്ട് ആദിവാസികളുള്‍പ്പടെയുള്ളവരെ ഈ രംഗത്തേക്കു കൊണ്ടുവരാനാണു ബാങ്കിന്റെ ശ്രമം. ഓണം പോലെയുള്ള ഉത്സവകാലങ്ങളില്‍ അകമലവാരം പ്രദേശത്ത് പ്രത്യേക ചന്ത ബാങ്ക് നടത്താറുണ്ട്. വലിയകാട് ക്ഷീര സംഘം കേന്ദ്രീകരിച്ചാണു ചന്ത നടത്തുക. ആദിവാസി മേഖലയില്‍ കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും കുടിയേറ്റ കര്‍ഷകരുള്‍പ്പടെ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ധനപരമായ ആവശ്യങ്ങള്‍ ലഭ്യമാക്കാനും വേണ്ടി അകമലവാരത്ത് ബാങ്കിന്റെ ഒരു ശാഖ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൃഷിയും
വാണിജ്യവും

അണക്കെട്ടും പുഴകളും നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് കൃഷി എല്ലായിടത്തും പച്ച പടര്‍ത്തുന്നുണ്ട്. പുഴകളുടെ സമീപത്തു പച്ചക്കറിക്കൃഷി വ്യാപകമായി നടക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം സഹായം നല്‍കുന്നതിനു പുറമെ അടുക്കളത്തോട്ടം, വിഷരഹിത പച്ചക്കറിക്കൃഷി, മട്ടുപ്പാവ് കൃഷി തുടങ്ങിയവ വ്യാപിപ്പിച്ചതിലൂടെ അവരവരുടെ ആവശ്യത്തിനുള്ള പച്ചക്കറി മലമ്പുഴയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സംഘക്കൃഷിയായി വനിതാ കൂട്ടായ്മകളും കൃഷി നടത്തുന്നുണ്ട്. ഇവരധികവും വാഴക്കൃഷിയാണു ചെയ്യുന്നത്. മലമ്പുഴയില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ക്കു നഗരപ്രദേശങ്ങളിലും നല്ല ഡിമാന്‍ഡാണ്. കാര്‍ഷിക വായ്പാ വിതരണം ആകെ വായ്പയുടെ ഇരുപതു ശതമാനമായി ഉയര്‍ത്താനാണു ബാങ്ക് ഉദ്ദേശിക്കുന്നതെന്നു പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ പറഞ്ഞു.

ടൂറിസം മേഖലയായതുകൊണ്ട് വാണിജ്യ മേഖലയുടെ വികാസത്തിനും സാധ്യതയുണ്ട്. ഉദ്യാനം കേന്ദ്രീകരിച്ച് സ്റ്റാളുകളിലും വഴിയോരങ്ങളിലും കച്ചവടം നടത്തുന്നവരില്‍ നിന്നു ദിവസേന പിരിച്ചെടുക്കാവുന്ന രീതിയില്‍ വായ്പ നല്‍കുന്നുണ്ട്. കുടുംബശ്രീ മുഖേന സ്വയം സംരംഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നുണ്ട്. ഇവയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേക്ക് നിര്‍മാണ യൂണിറ്റും മലമ്പുഴയിലുണ്ട്. സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതീകരണത്തിനു ആവശ്യമായ വായ്പകളും ബാങ്ക് നല്‍കിവരുന്നു.

19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആയിരത്തിലേറെ പേര്‍ക്കു സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാങ്ക് മുഖേന വിതരണം ചെയ്യുന്നുണ്ട്. ഒരിക്കല്‍ ഇടുക്കിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ക്കു ബാങ്ക് സ്വന്തം ചെലവില്‍ നേരിട്ടു ചെന്നു പെന്‍ഷന്‍ കൈമാറിയ ചരിത്രവുമുണ്ട്.

നവീകരണ
പാതയില്‍

കടുക്കാംകുന്നത്തുള്ള ബാങ്ക് കെട്ടിടം അടുത്തിടെയാണ് നവീകരിച്ചത്. മുകളില്‍ വിശാലമായ ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ വിദ്യാര്‍ഥികള്‍ക്കു പരിശീലനകേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ടെന്നു സെക്രട്ടറി കെ.കെ. പ്രദീപ് പറഞ്ഞു. ലൈബ്രറിയും ഒരുക്കും. 1987 ല്‍ തുടങ്ങിയ ബാങ്ക് ഇപ്പോള്‍ ക്ലാസ് 1 പദവിയോടെയാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ലാഭത്തിലാണു മുന്നോട്ടു പോകുന്നതും. 3200 ‘എ’ ക്ലാസ് അംഗങ്ങളുള്ള ബാങ്കിന്റെ ആകെ ഓഹരി മൂലധനം 75.5 കോടി രൂപയാണ്. 42 കോടി രൂപ നിക്ഷേപവും 27 കോടിയോളം രൂപ വായ്പാ ബാക്കിയും ഇപ്പോഴുണ്ട്. വരുന്ന വര്‍ഷത്തില്‍ നിക്ഷേപത്തിലും വായ്പയിലും ഇരട്ടി വര്‍ധനവാണു ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി പറഞ്ഞു. പത്തു ജീവനക്കാരാണു ബാങ്കിനുള്ളത്. എ. രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ കെ.സി. ജേക്കബ്, എം.ആര്‍. രാംപ്രശാന്ത്, എ. പങ്കജം, കെ.പി. ബീന, കെ. പ്രസന്ന, ലിന്‍ഡ രാജു എന്നിവരാണ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News