കാലിക്കറ്റ് സിറ്റി ബാങ്കിന് 1412 കോടി രൂപയുടെ നിക്ഷേപം
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ നീക്കിയിരിപ്പ് 1412 കോടി രൂപയിലെത്തിയെന്ന് ബാങ്ക് ചെയര്മാന് ജി. നാരായണന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഏഴു ലക്ഷം രൂപ ഓഹരിയുമായി 2002ലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കിന്റെ കീഴിലുള്ള സൗജന്യ ഡയാലിസിസ് സെന്ററില്‍ പ്രതിദിനം 24 ഡയാലിസിസുകള്‍ സൗജന്യമായി ചെയ്തുവരുന്നു.
2017ല്‍ പ്രവര്‍ത്തനമാരംഭിച്ച എം.വി.ആര്. കാന്‍സര്‍ സെന്റര്‍, ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ്. സെന്ററിന് സര്‍ക്കാര്‍ അനുമതിയോടെ 600 കോടി വായ്പ നല്‍കിയിട്ടുണ്ട്. 800 കോടി രൂപ ആസ്തിമൂല്യമുള്ള കെയര്‍ ഫൗണ്ടേഷന് 15 വര്‍ഷ കാലാവധിയിലാണ് വായ്പ നല്‍കിയിട്ടുള്ളത്. ഫൗണ്ടേഷന് ഇതുവരെ വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ല.
സഹകരണ രംഗത്തെ കെട്ടിട നിര്‍മാണ സ്ഥാപനമായ കേരള ലാന്റ് റിഫോംസ് ആന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍)യ്ക്ക് ബാങ്ക് 60 കോടി രൂപ വായ്പയായി നല്കി. 100 കോടി രൂപവരെ വായ്പ നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ വായ്പ അനുവദിച്ചത്. ലാഡറിന് 500 കോടിയുടെ ആസ്തി മൂല്യമുണ്ട്. ദുബായിയില്‍ കാന്‍സര്‍ സെന്ററിന്റെ ചികിത്സാകേന്ദ്രം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ചെയര്മാന് അറിയിച്ചു.
മുന്‍ വര്‍ഷങ്ങളിലേതുപോലെ വേനല്‍ക്കാലത്ത് സൗജന്യമായി നല്കുന്ന സംഭാര വിതരണത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇത്തവണ 5000 പാക്കറ്റ് മില്‍മ സംഭാരമാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും മുന്‍ വര്‍ഷങ്ങളിലെ പോലെ വിതരണം ചെയ്യുക. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ സാജു ജെയിംസ്, ഡയറക്ടര്‍ പി. ദാമോദരന്‍, അസി. ജനറല്‍ മാനേജര്‍ കെ. രാകേഷ് എന്നിവരും പങ്കെടുത്തു.