കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം: അവ്യക്തത ബാക്കി
കര്‍ഷകരുടെ എല്ലാ വായ്പകളുടെയും ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരവ് സര്‍ക്കാരോ സഹകരണ രജിസ്ട്രാറോ ഇറക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നു. ആരെല്ലാമാണ് യഥാര്‍ത്ഥ കര്‍ഷകര്‍ എന്നതു സംബന്ധിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതുണ്ട്.
കേരളത്തില്‍ രണ്ട് ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ എടുത്തവരുടെ എണ്ണം 2014 -15 കാലത്ത് കുറവാണ്. ഇവര്‍ക്ക് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുമെങ്കിലും ഉത്തരവ് ലഭിക്കാത്തത് തടസ്സമാകുന്നുണ്ട്. കിട്ടാക്കടം വര്‍ധിക്കുന്നതുമൂലം ബാങ്കുകള്‍ നഷ്ടത്തിലേക്ക് പോകുമോ എന്ന ആശങ്ക ബാങ്ക് അധികൃതര്‍ക്കുമുണ്ട്. കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകള്‍ മൊറട്ടോറിയം പരിധിയില്‍ വരുമെങ്കിലും ഇതേക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശമോ ഉത്തരവോ സഹകരണസംഘങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, പ്രളയദുരിതം മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ഷെഡ്യൂള്‍ഡ്, ദേശസാല്‍കൃത ബാങ്കുകള്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ പരിധിയില്‍ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടെയും കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിച്ചു. ഇത്തരത്തില്‍ അടിയന്തരമായി ഉത്തരവിറക്കണം എന്നാണ് കര്‍ഷകരുടെയും സഹകരണ ബാങ്കുകളുടെയും ആവശ്യം.
നിലവില്‍ കാര്‍ഷിക വായ്പ എടുത്തവര്‍ക്കും കാര്‍ഷികേതര വായ്പയെടുത്ത കര്‍ഷകര്‍ക്കും ഒരു വര്‍ഷത്തേക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചാലേ ഇപ്പോള്‍ ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ഗുണം ലഭിക്കുകയുള്ളൂവെന്ന് കേരള എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന. സെക്രട്ടറി ചാള്‍സ് ആന്റണി പറഞ്ഞു.