കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി
കര്‍ണാടകയിലെ ശുശ്രുതി സൗഹാര്‍ദ സഹകരണ അര്‍ബന്‍ ബാങ്കിന്റെയും മഹാരാഷ്ട്രയിലെ മല്‍ക്കാപ്പൂര്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. രണ്ടു ബാങ്കുകളുടെയും ബാങ്കിങ്പ്രവര്‍ത്തനം ജൂലായ് അഞ്ചോടെ റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചു. അതതിടത്തെ സഹകരണസംഘം രജിസ്ട്രാര്‍മാരോട് ഈ ബാങ്കുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു ലിക്വിഡേറ്റര്‍മാരെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
ചോര്‍ന്നുപോയ മൂലധനം നികത്താനാവാത്ത അവസ്ഥയിലും ഇനി വരുമാനസാധ്യതയില്ലാത്ത സാഹചര്യത്തിലും ഈ അര്‍ബന്‍ ബാങ്കുകള്‍ എത്തിക്കഴിഞ്ഞു എന്നു ബോധ്യപ്പെട്ടതിനാലാണു റിസര്‍വ് ബാങ്ക് കര്‍ശനനടപടിയെടുത്തത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 56 ലെ സെക്ഷന്‍ 11 ( 1 ), 22 ( 3 ) ( ഡി ) എന്നിവയും സെക്ഷന്‍ 22 ( 3 ) ( എ ), 22 ( 3 ) ( ബി ), സി, ഡി, ഇ എന്നിവയും പാലിക്കുന്നതില്‍ ഇരു ബാങ്കുകളും പരാജയപ്പെട്ടതായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. പത്തു ദിവസം മുമ്പു കര്‍ണാടക ധര്‍വാഡിലെ മഹാലക്ഷ്മി അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സും റിസര്‍വ് ബാങ്ക് റദ്ദാക്കിയിരുന്നു. എങ്കിലും, ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി ( NBFC ) തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ബാങ്കിന് അനുമതി നല്‍കിയിട്ടുണ്ട്.
1998 ല്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തനമാരംഭിച്ച ശുശ്രുതി സൗഹാര്‍ദ ബാങ്ക് 1997 ലെ കര്‍ണാടക സ്റ്റേറ്റ് സൗഹാര്‍ദ നിയമമനുസരിച്ചും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്ധ്രഹള്ളി മെയിന്‍ റോഡിലെ പീന്യയിലാണു ഹെഡ് ഓഫീസ്. നാലു ശാഖകളുണ്ട്. ബുല്‍ധാന ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മല്‍ക്കാന്‍ അര്‍ബന്‍ ബാങ്കിനു മുപ്പതോളം ശാഖകളുണ്ട്. 2021 നവംബറില്‍ത്തന്നെ റിസര്‍വ് ബാങ്ക് ഈ അര്‍ബന്‍ ബാങ്കിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കില്‍നിന്നു നിക്ഷേപകര്‍ക്കു പതിനായിരം രൂപയിലധികം പിന്‍വലിക്കാന്‍ അക്കാലത്ത് അനുമതിയുണ്ടായിരുന്നില്ല. ബാങ്കിന്റെ മൊത്തം വായ്പയില്‍ 20 ശതമാനവും തിരിച്ചുകിട്ടാക്കടമായിരുന്നു. കോവിഡാണിതിനു കാരണമെന്നാണു ബാങ്ക് ഭരണസമിതി പറഞ്ഞിരുന്നത്.
[mbzshare]