കരിമ്പനകളുടെ നാട്ടിൽ സഹകരണ പതാക ഉയർന്നു: സഹകരണ ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.
കരിമ്പനകളുടെ നാട്ടിൽ സഹകരണത്തിന്റെ വിശാല സന്ദേശമുയർത്തി, കേരള സഹകരണ ഫെഡറേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയർന്നു. പ്രതിസന്ധികൾക്കിടയിലും സഹകരണത്തിന്റെ വലിയ ദിശാബോധം വാനോളമുയർത്തിയാണ് സഹകരണ പതാക മലമ്പുഴയുടെ വാനിലേക്കു ഉയർന്ന പൊന്തിയത്. മുതിർന്ന സഹകാരി പി.ആർ.എൻ.നമ്പീശൻ, ജാതിമത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറമുള്ള വിശാല സഹകരണ പതാക വാനിലേക്ക് ഉയർത്തിയപ്പോൾ സംസ്ഥാനത്തിന്റെ 14 ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം വരുന്ന പ്രതിനിധികൾ നാളെയുടെ സഹകരണത്തിന്റെ പ്രതീക്ഷകൾക്ക് കാതോർക്കാൻ ഒരുങ്ങി.
സമ്മേളനം മന്ത്രിയും പ്രമുഖ സഹകാരിയുമായ കെ.കൃഷ്ണൻകുട്ടി അൽപസമയത്തിനകം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. കെ.എസ് .എഫ് മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി നിർവഹിക്കും. ബിജെപി നേതാവ് കെ.പി. ശ്രീശൻ മാസ്റ്റർ, പി. കലാധരൻ, സുകുമാരൻ മാസ്റ്റർ, എന്നിവർ സംസാരിക്കും. മികച്ച സഹകാരിക്കുള്ള അവാർഡ് മുൻ എം.എൽ.എ കെ. അച്യുതന് ചടങ്ങിൽ സമ്മാനിക്കും. മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസിനെ ചടങ്ങിൽ പൊന്നാട അണിയിക്കും. തുടർന്ന് ചർച്ചകളും സംഘടനാ തിരഞ്ഞെടുപ്പും നടക്കും.