കന്നുകാലികൾക്ക് സൂര്യതാപമേറ്റാൽ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് വകുപ്പ്.
ഉയർന്ന ചൂടിൽ നിന്ന് കന്നുകാലികളെ രക്ഷിക്കാൻ മൃഗസംരക്ഷണവകുപ്പ് സഹകരണ സംഘങ്ങൾക്കും ക്ഷീരകർഷകർക്കും വേനൽക്കാല പരിചരണം സംബന്ധിച് നിർദ്ദേശം പുറപ്പെടുവിച്ചു. സൂര്യതാപമേറ്റാലുടനെ ഉരുവിനെ തണുപ്പിക്കണം. ധാരാളം വെള്ളം നൽകി അടിയന്തര ചികിത്സ ലഭ്യമാക്കണം. വേനൽ കടുത്ത സാഹചര്യത്തിൽ വെറ്റിനറി ക്ലിനിക്കുകളിൽ ചികിത്സ തേടുന്നത് വർധിച്ചിട്ടുണ്ട്.
ഗ്ലൂക്കോസ്, ബി-കോംപ്ലക്സ് ഇഞ്ചക്ഷനുകൾ ആണ് പ്രതിവിധിയായി ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. പ്രത്യേക കാലാവസ്ഥ സാഹചര്യത്തിൽ തീറ്റയിൽ സ്ഥിരമായി ധാതു ലവണ മിശ്രിതം ഉൾപ്പെടുത്തണമെന്നും ഈ കാലാവസ്ഥ അകിടു വീക്കത്തിന് കാരണമാകുമെന്നും മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സാബിൻ ജോർജ് പറഞ്ഞു. ഈ പ്രത്യേക കാലാവസ്ഥയിൽ ക്ഷീരസംഘങ്ങൾ കർഷകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്.