ഐ.ടി. മുതല്‍ സിനിമ വരെ; കരുത്തു കാട്ടാന്‍ 26 യുവ സംഘങ്ങള്‍ ഉദ്ഘാടനം തിങ്കളാഴ്ച

Deepthi Vipin lal

സഹകരണ മേഖലയ്ക്ക് ഉണര്‍വേകാനും മാതൃകയാവാനും ഒരുങ്ങി യുവാക്കളുടെ സഹകരണ സംഘങ്ങള്‍. രാജ്യത്ത് ആദ്യമായാണ് യുവാക്കള്‍ക്കായി സംഘങ്ങള്‍ രൂപീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 26 യുവ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്ട്രേഷനായി സമര്‍പ്പിച്ച വിവിധ ആശയങ്ങള്‍ പരിശോധിച്ച ശേഷമാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്.
യുവ സംഘങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ ആറിനു നടക്കും.

ഐ.ടി. മുതല്‍ സിനിമ വരെ വ്യത്യസ്തമായ നിരവധി മേഖലകളിലായിരിക്കും സംഘങ്ങളുടെ പ്രവര്‍ത്തനം. വാണിജ്യ, നിര്‍മാണ , കാര്‍ഷിക മേഖലകളില്‍ ഊന്നിയായിരിക്കും പ്രധാനമായും പ്രവര്‍ത്തനം. ഉത്പാദനം, വിപണനം, മാലിന്യനിര്‍മാര്‍ജനം, മാലിന്യ പുനരുപയോഗം, ഇക്കോ ടൂറിസം, ജൈവക്കൃഷി തുടങ്ങിയ മേഖലകളിലും നൂതനാശയങ്ങളാണ് സംഘങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

കാറ്ററിങ്, തൊഴിലുപകരണങ്ങളുടെ വിതരണം, അവശ്യ സാധനങ്ങള്‍ മൊബൈല്‍ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കല്‍, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കല്‍, പുസ്തക പ്രസാധനവും അച്ചടിയും, തൊഴിലാളികളെ ലഭ്യമാക്കല്‍,
എല്ലാ തൊഴിലുകള്‍ക്കും ആവശ്യമായ പണിയായുധങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സേവനങ്ങളും യുവ സംഘങ്ങള്‍ ഏറ്റെടുക്കും.

18 വയസ്സിനും 45 വയസ്സിനുമിടയില്‍ ഉള്ളവര്‍ക്കാണ് സംഘങ്ങളില്‍ അംഗത്വം. വായ്പാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കില്ല. സംരംഭകരംഭക ചുമതലയാകും. യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സഹകരണ സംഘങ്ങള്‍ ആരംഭിക്കും. ഇതില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.

യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ തുടങ്ങുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സഹകരണ സംഘത്തില്‍ വൈകിട്ട് നാലു മണിക്കാണ് പരിപാടി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News