ഐ.എ.എസ് അക്കാദമിക്ക് തുടക്കമിട്ട് പി.എം.എസ്.എ കോളജ്
രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷാ വിജയം ഇനി മലപ്പുറത്തുകാര്‍ക്ക് കയ്യെത്തിപ്പിടിക്കാന്‍ പുതിയൊരു ചുവടുവെപ്പുമായി പി.എം.എസ്.എ കോളജ്. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ ജില്ലാ സഹകരണ ആശുപത്രിക്ക് കീഴിലുള്ള കോളജില്‍ ഐ.എ.എസ് അക്കാദമി ആരംഭിക്കുന്നു. അക്കാദമിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നാലു വിഭാഗങ്ങളിലായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന പരിപാടികളാണ് അക്കാദമിയുടെ കീഴില്‍ വരുന്നത്. 50 കേന്ദ്രങ്ങളില്‍ സൗജന്യ സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസുകള്‍ സൗജന്യമായി സംഘടിപ്പിച്ചുകൊണ്ടാണ് അക്കാദമി തുടക്കമിടുന്നത്.
പാരാമെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ കോളജ് പുതിയ അധ്യയന വര്‍ഷം മുതല്‍ മാനേജ്മെന്റ്, സ്‌കില്‍ഡെവലപ്മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളടക്കം തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് എട്ട് പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടുത്തപടിയായാണ് ഐ.എ.എസ് പരിശീലന രംഗത്ത് 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ ആര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള ലേണ്‍ സ്‌ട്രോക്ക് ഐ.എ.എസുമായി സഹകരിച്ച് പുതിയ ആക്കാദമി ആരംഭിക്കുന്നത്. നിലവില്‍ മികച്ച രീതിയില്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായ ഒരു പരിശീലന കേന്ദ്രം ജില്ലയില്‍ ഇല്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് രാജ്യത്ത് തന്നെ അറിയപ്പെടുന്ന പരിശീലന കേന്ദ്രവുമായി സഹകരിച്ച് ഏറ്റവും മികച്ച ഫാക്കല്‍റ്റികളെ ഉള്‍പ്പെടുത്തി പരിശീലന കേന്ദ്രം ആരംഭിക്കുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മലപ്പുറത്തെ 100 മികച്ച വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനവും മറ്റുള്ളവര്‍ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രവേശനം നല്‍കുകകൂടി ഉദ്ദേശിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് ഫുള്‍ ടൈം ബാച്ചും, കോളജ് വിദ്യാര്‍ഥികള്‍ക്കും 8 മുതല്‍ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഹോളി ഡേ ബാച്ചും (ഇതിനായി ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങള്‍ സൗകര്യം ഒരുക്കും), ഡിഗ്രി വിത്ത് ഐ.എ.എസ് ഇന്റഗ്രേറ്റഡ് ബാച്ചും ആരംഭിക്കുന്നുണ്ട്. ബിരുദത്തോടൊപ്പം ആഡ് ഓണ്‍ ആയി സിവില്‍ സര്‍വീസ് പരിശീലനവും നല്‍കുന്നതാണ് ഈ പാഠ്യപദ്ധതിയുടെ പ്രത്യേകത. ഈ നാല് ബാച്ചുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുക.
ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. കെ. പി.എ മജീദ് എം.എല്‍.എ അധ്യക്ഷനായി. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായീല്‍ മൂത്തേടം, ആശുപത്രി സെക്രട്ടറി സഹീര്‍ കാലടി, അര്‍ജുന്‍ ആര്‍ ശങ്കര്‍, ദേവി പ്രിയ, അലന്‍ പോള്‍, സി.പി ലത്തീഫ്, അലി അഷ്റഫ്, സുരേഷ് എ. കെ, പി.കെ നവാസ്, പി. സൈതലവി, ആശുപത്രി ഡയറക്ടര്‍മാരായ അബൂബക്കര്‍ മന്നയില്‍, ടി രായിന്‍, കുന്നത്ത് കുഞ്ഞഹമ്മദ്, വി. എ റഹ്മാന്‍, ഹനീഫ മൂന്നിയൂര്‍, സി അബ്ദുന്നാസര്‍, അഡ്വ റജീന പി. കെ, പി ടി കദീജ, വി ബുഷ്റ, രാധ കോരങ്ങോട് പങ്കെടുത്തു.