എന്‍.എം.ഡി.സിയുടെ സഹകരണ നാട്ടുചന്ത 19ന് തുടങ്ങും

Deepthi Vipin lal

നബാര്‍ഡിന്റെ സഹായത്തോടെ എന്‍.എം.ഡി.സി. കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന സഹകരണ നാട്ടുചന്ത 10 കര്‍ഷകര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മാര്‍ച്ച് 19 മുതല്‍ 22 വരെ നടക്കും.

കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ പറയുന്ന വിലയ്ക്ക് തന്നെ വിറ്റഴിക്കാന്‍ കഴിയുന്നതും ആവശ്യക്കാരായ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയുന്നതുമായ ഒരു പൊതു ഇടം ഒരുക്കുക എന്നതാണ് എന്‍.എം.ഡി.സിയുടെ ലക്ഷ്യം.

കര്‍ഷകര്‍, കര്‍ഷക ഉത്പാദക സംഘങ്ങള്‍ (എഫ്.പി.ഒ.), സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍, കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടെയും ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരം ഉറപ്പുവരുത്തി വിപണനം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായത് എന്തും ലഭ്യമാക്കാന്‍ കഴിയുന്ന കാര്‍ഷിക-സംഭരണ-സംസ്‌കരണ വിപണന കേന്ദ്രം സ്ഥിരം സംവിധാനമാക്കി നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

ഒപ്പം വിത്ത്, ചന്ത, കാര്‍ഷിക നഴ്‌സറി, കര്‍ഷക തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പ്രദര്‍ശനങ്ങള്‍, ഫെസ്റ്റുകള്‍, സെമിനാറുകള്‍ തുടങ്ങിയവയും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഹകരണ വകുപ്പ്, കൃഷി വകുപ്പ്, വ്യവസായ വകുപ്പ്, ഖാദി ബോര്‍ഡ്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, നബാര്‍ഡ്, എന്‍.സി.ഡി.സി. തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്
ഈ സംരംഭം ആരംഭിക്കുന്നത്.

നബാര്‍ഡിന്റെ ഗ്രാമ്യ വികാസ് നിധി പദ്ധതി പ്രകാരമുള്ള റൂറല്‍ ഹാട് എന്ന നിലയിലാണ് പദ്ധതി നടത്തുന്നത്. പങ്കാളികളാകാന്‍ ഉദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്ഥാപനത്തില്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളും മറ്റും വിപണനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News