എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ‘കാന്‍കോണ്‍’ നാളെ
കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മൂന്നാമത് അന്തര്‍ദേശീയ ക്യന്‍സര്‍ സമ്മേളനം ‘കാന്‍കോണ്‍’ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെ നടക്കും. ഒന്നിന് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ വര്‍ക്ക്‌ഷോപ്പുകളും, രണ്ട്, മൂന്ന്, നാല് തീയ്യതികളില്‍ വയനാട് സുല്‍ത്താന്‍ബത്തേരി സപ്താ കണ്‍വെന്‍ഷണല്‍ സെന്ററില്‍ സെമിനാറുകള്‍, പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും നടക്കും.
കാന്‍സര്‍ പ്രാരംഭദിശയില്‍ തന്നെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ലോകത്തുള്ള നൂതനമായ സാങ്കേതിക വിദ്യകളും ചികിത്സാ വിധികളുമാണ് സമ്മേളനത്തില്‍ പ്രധാന വിഷയമാവുകയെന്ന് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:നാരായണന്‍കുട്ടി വാര്യര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, മോളിക്യുലാര്‍ ടെക്‌നോളജി വിദഗ്ധര്‍ പങ്കെടുക്കും. ഇതോടൊപ്പം ശസ്ത്രക്രിയ, തീവ്രചരണ വിഭാഗം, കുട്ടികളിലെ കാന്‍സര്‍ തുടങ്ങിയ മേഖലകളിലെ നൂതനവും സങ്കീര്‍ണവുമായ ചികിത്സകളെക്കുറിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ വര്‍ക്ഷോപ്പുകളും ഉണ്ടായിരിക്കും.
രണ്ടിന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ:മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഡിജിറ്റല്‍ കാന്‍സര്‍ രജിസ്ട്രി സമ്മേളനത്തില്‍ പുറത്തിറക്കം. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോക്ടര്‍ അനൂപ് നമ്പ്യാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ:പ്രശാന്ത് പരമേശ്വരന്‍, കയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍, ട്രഷറര്‍ ടി.വി. വേലായുധന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.