ഊരാളുങ്കല്‍ സംഘത്തിന് ഐ.സി.എ- ഏഷ്യാ പെസഫിക് അവാര്‍ഡ്

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) സഹകരണമേഖലയിലെ മികവിനുള്ള ഐ.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) -ഏഷ്യാ-പെസഫിക് സഹകരണ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി. ഇന്ത്യയില്‍ അടിസ്ഥാനസൗകര്യ വികസനമേഖലയില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ചുകൊണ്ട് മികച്ച രീതിയില്‍ വൈവിധ്യവത്കരണം നടപ്പാക്കിയ ഊരാളുങ്കല്‍ സംഘം ലോകത്തെ മികച്ച പ്രാഥമിക സഹകരണസംഘങ്ങളില്‍ ഒന്നാണെന്നു ഐ.സി.എ-ഏഷ്യാ പെസഫിക് പ്രകീര്‍ത്തിച്ചു.

ഫിലിപ്പീന്‍സിലെ മനിലയില്‍ ആരംഭിച്ച ഐ.സി.എ-ഏഷ്യാ പെസഫിക് മേഖലാ സമ്മേളനത്തില്‍ യു.എല്‍.സി.സി.എസ്. ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ ടി.കെ. അവാര്‍ഡ് സ്വീകരിച്ചു. ഐ.സി.എ-ഏഷ്യാ പെസഫിക്കിന്റെ പതിനേഴാം മേഖലാ സമ്മേളനമാണു ബുധനാഴ്ച ആരംഭിച്ചത്. ഐ.സി.എ. പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍കോ, ഐ.സി.എ-ഏഷ്യാ പെസഫിക് പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ നാലു മേഖലകളിലൊന്നാണു ഏഷ്യ-പെസഫിക് മേഖല. ഡല്‍ഹിയിലാണ് ഇതിന്റെ ഓഫീസ്.

ഇന്ത്യയിലെ മികച്ച തൊഴിലാളി സഹകരണസംഘമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുള്ള ഊരാളുങ്കല്‍ സംഘം ദേശീയവികസനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്ക് പുനര്‍നിര്‍വചിച്ചിരിക്കുകയാണെന്നു ഏഷ്യാ-പെസഫിക്കിന്റെ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറിന്റെ മേഖലാ റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം രണ്ടാംസ്ഥാനം നേടിയ സംഘമാണ് ഊരാളുങ്കല്‍.

ദാരിദ്ര്യനിര്‍മാര്‍ജനം, അസമത്വം കുറച്ചുകൊണ്ടുവരിക തുടങ്ങി ഐക്യരാഷ്ട്രസഭയുടെ പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പതിമൂന്നും നേടിയ സഹകരണസംഘമാണ് ഊരാളുങ്കല്‍. സാമ്പത്തികശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതിക സുസ്ഥിരത എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഐ.ടി. രംഗത്തേക്കും വിദ്യാഭ്യാസരംഗത്തേക്കും കടന്നിട്ടുള്ള യു.എല്‍.സി.സി.എസ്. സൈബര്‍ പാര്‍ക്ക്, യു.എല്‍. ടെക്‌നോളജി സൊലൂഷന്‍സ്, സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.

1925 ല്‍ വടക്കേ മലബാറിലെ വടകര ഒഞ്ചിയം പഞ്ചായത്തിലെ ഊരാളുങ്കലില്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍ സ്ഥാപിച്ച സംഘമാണു യു.എല്‍.സി.സി.എസ്. രമേശന്‍ പാലേരിയാണ് ഇപ്പോഴത്തെ ചെയര്‍മാന്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News