ഊരാളുങ്കലിന് അധികപലിശയ്ക്ക് നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

[mbzauthor]

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് ഒരുശതമാനം അധികം നല്‍കി സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംഘത്തിന്റെ പ്രൊജക്ടുകള്‍ക്ക് പ്രവര്‍ത്തനം മൂലധനം കണ്ടെത്താനാണിത്. 2020 മുതല്‍ ഇത്തരത്തില്‍ ഊരാളുങ്കലിന് അധിക പലിശയ്ക്ക് സ്ഥിരനിക്ഷേപം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഓരോ വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കാറുള്ളത്. 2023 മാര്‍ച്ച് 31 ഇതിന്റെ കാലാവധി അവസാനിച്ച സഹചര്യത്തിലാണ് ഒരുവര്‍ഷം കൂടി സമയം നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സംഘം ഏറ്റെടുത്തുനല്‍കുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ മൂലധനം സ്വരൂപിക്കുന്നതിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാമെന്ന് സംഘത്തിന്റെ നിയമാവലില്‍ പറയുന്നുണ്ടെന്ന് ജോയിന്റ് രജിസ്ട്രാര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ ഊരാളുങ്കല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഘം നിലവില്‍ ഏറ്റെടുത്തിട്ടുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിര്‍മ്മാണ പ്രവൃത്തികളും പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി എന്നിവയുടെ പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തന മൂലധനം വേണ്ടതുണ്ട്. ഇതിനായി കേരളബാങ്കിന്റെ ക്യാഷ് ക്രഡിറ്റ് സൗകര്യം മാത്രം ആശ്രയിച്ചാല്‍ മതിയാവില്ല. 4.08 കോടിരൂപ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ അംഗത്വം എടുത്തിട്ടുണ്ടെന്നും സംഘം സര്‍ക്കാരിനെ അറിയിച്ചു.

നിക്ഷേപം സ്വീകരിക്കുന്ന സംഘങ്ങള്‍ നിയമാനുസൃതം സൂക്ഷിക്കേണ്ട തരളധനം സംഘത്തില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയില്‍ രജിസ്ട്രാറുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശത്തിന് ഒരുശതമാനം അധികമായി നല്‍കി സ്ഥിരം നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കാമെന്ന് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

[mbzshare]

Leave a Reply

Your email address will not be published.