ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി കോ-ഓപ് കേരള മുദ്രയും കോ – ഓപ്പറേറ്റീവ് മാര്‍ക്കും

Deepthi Vipin lal

സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ് നടപ്പാക്കാന്‍ സംസ്ഥാനത്ത് ‘കോ-ഓപ് കേരള ‘ മുദ്ര കൊണ്ടുവരുന്നു. ഇതിനായി സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സഹകരണ സംഘങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഗുണനിലവാര പരിശോധന ഉറപ്പാക്കി ക്വാളിറ്റി മാര്‍ക്ക് നല്‍കും. അഗ് മാര്‍ക്ക് മാതൃകയില്‍ ‘ കോ-ഓപ്പറേറ്റീവ് ‘ മാര്‍ക്ക് ആയിരിക്കും ഈ ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കുക. ഈ മാര്‍ക്ക് നല്‍കുന്നതിനു എഫ്.എസ്.എസ്.എ.ഐ., അഗ് മാര്‍ക്ക്, ബി.ഐ.എസ്. എന്നിവയുടെ പ്രതിനിധികളടങ്ങുന്ന മാനേജിങ് കമ്മിറ്റിക്ക് രൂപം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

850 കോ – ഓപ് മാര്‍ട്ട് തുറക്കും

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഇരുനൂറോളം ഉല്‍പ്പന്നങ്ങള്‍ സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡിങ്ങും വിപണന ശൃംഖലയും ഒരുക്കാന്‍ നേരത്തെ സഹകരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനുള്ള ആദ്യഘട്ടമായിട്ടാണ് കോ-ഓപ് മാര്‍ട്ടുകള്‍ തുടങ്ങിയത്. സംസ്ഥാനത്ത് എല്ലാ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു കീഴിലും ഒരു കോ-ഓപ് മാര്‍ട്ട് സ്ഥാപിക്കുകയെന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപനം. രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 850 കോ-ഓപ് മാര്‍ട്ടുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വിതരണ ശൃംഖല ഒരുക്കാതെ കോ-ഓപ് മാര്‍ട്ടുകള്‍ വ്യാപകമായി തുടങ്ങുന്നത് ഗുണകരമാവില്ലെന്നുകണ്ടാണ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിനു വിപുലമായ പദ്ധതി രജിസ്ട്രാര്‍ തയാറാക്കിയത്.

സംസ്ഥാനത്തെ ഏതെങ്കിലും പ്രധാന കണ്‍സ്യൂമര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തെ കോ-ഓപ് മാര്‍ട്ടുകളിലേക്കുള്ള സാധനങ്ങളുടെ വിതരണച്ചുമതല ഏല്‍പ്പിക്കുകയെന്നതാണ് രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം, സഹകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ആധുനിക വിപണി ഉള്‍ക്കൊള്ളുന്ന മാറ്റവും കൊണ്ടുവരേണ്ടതുണ്ട്. കെട്ടിലും മട്ടിലുമുള്ള മാറ്റത്തിനായി ഏകീകൃത ബ്രാന്‍ഡിങ്ങും ഗുണനിലവാരമുറപ്പാക്കുന്ന സര്‍ക്കാര്‍ മുദ്രയും വേണം. ഇതിനുള്ള പദ്ധതി നിര്‍ദേശങ്ങളാണ് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനു മുമ്പാകെ വെച്ചത്.

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ഏകീകൃത ബ്രാന്‍ഡിങ് കൊണ്ടുവന്ന് വിപണ ശൃംഖല കെട്ടിപ്പടുക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്കു് ലഭ്യമാക്കുക, ദേശീയ – അന്തര്‍ദേശീയ വിപണിയിലേക്ക് ചുവടുവെക്കുക, കേരളത്തില്‍ പ്രധാന സ്ഥലങ്ങളില്‍ ഔട്ട്്‌ലറ്റ് സ്ഥാപിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളായി സഹകരണ സംഘം രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ഏകീകൃത ബ്രാന്‍ഡില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വിപണയിലെത്തിക്കുന്നതിനു ‘സഹകരണ മാര്‍ക്ക് ‘ സര്‍ട്ടിഫിക്കേഷനുള്ള മാര്‍ഗരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും രജിസ്ട്രാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സഹകരണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതിക്കുള്ള നിര്‍ദേശം സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചു. അങ്ങനെയാണ് ‘കോ-ഓപ് കേരള ‘ മുദ്രയ്ക്കും കോ-ഓപ്പറേറ്റീവ് മാര്‍ക്ക് അംഗീകരിക്കുന്നതിനുള്ള മാനേജിങ് കമ്മിറ്റിയുടെ ഘടനയ്ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സഹകരണ മാര്‍ക്ക് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News