ഇന്‍ഷുറന്‍സ് സംഘം മുതല്‍ സഹകരണ ഹൗസിങ് കോളണി വരെ
തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 5
ടി. സുരേഷ് ബാബു
“1932 മെയ് 14 നാണു തിരുവനന്തപുരത്തെ ഇന്‍ഷുറന്‍സ് സൊസൈറ്റിക്കു തുടക്കം കുറിച്ചത്. ഒരു രൂപ മുഖവിലയുള്ള 2260 ഓഹരികളാണു സംഘം ഒമ്പതു മാസത്തിനുള്ളില്‍ വിറ്റത്. മൊത്തം 80,150 രൂപ വില മതിക്കുന്ന 172 പോളിസികളാണു ആളുകള്‍ എടുത്തിരുന്നത്. ആദ്യ വര്‍ഷം തന്നെ ഇത്രയധികം പോളിസികള്‍ കിട്ടുകയെന്നതു വലിയ കാര്യമായാണു അന്വേഷണ സമിതി കാണുന്നത്.”
തിരുവിതാംകൂറിലുണ്ടായിരുന്ന ഏക സഹകരണ ഇന്‍ഷുറന്‍സ് സംഘം പൂട്ടിപ്പോയ കഥ ജി.കെ. ദേവധാര്‍ അധ്യക്ഷനായി രൂപം കൊണ്ട തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി 1935 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വായിക്കാം. ഇന്ത്യയില്‍ അക്കാലത്ത് ആകെ നാലു ഇന്‍ഷുറന്‍സ് സഹകരണ സംഘങ്ങളാണുണ്ടായിരുന്നത്. അതിലൊന്നു തിരുവനന്തപുരത്തായിരുന്നു. കല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളിലായിരുന്നു മറ്റുള്ളവ.
1932 മെയ് 14 നാണു തിരുവനന്തപുരത്തെ ഇന്‍ഷുറന്‍സ് സൊസൈറ്റിക്കു തുടക്കം കുറിച്ചത്. ഒരു രൂപ മുഖവിലയുള്ള 2260 ഓഹരികളാണു സംഘം ഒമ്പതു മാസത്തിനുള്ളില്‍ വിറ്റത്. മൊത്തം 80,150 രൂപ വില മതിക്കുന്ന 172 പോളിസികളാണു ആളുകള്‍ എടുത്തിരുന്നത്. ആദ്യ വര്‍ഷം തന്നെ ഇത്രയധികം പോളിസികള്‍ കിട്ടുകയെന്നതു വലിയ കാര്യമായാണു അന്വേഷണ സമിതി കാണുന്നത്. അപ്പോഴാണു പൊതുജനങ്ങള്‍ക്കായി സര്‍ക്കാര്‍തന്നെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചത്. സഹകരണ സംഘത്തേക്കാള്‍ കുറഞ്ഞ നിരക്കാണു സര്‍ക്കാരിന്റെ പോളിസികള്‍ക്ക് ഈടാക്കിയിരുന്നത്. മാത്രവുമല്ല, കൂടുതല്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഇന്‍ഷുറന്‍സ് സഹകരണ സംഘം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്നു ബോധ്യപ്പെട്ട ഡയരക്ടര്‍മാര്‍ 1933 മാര്‍ച്ച് അഞ്ചിനു ജനറല്‍ ബോഡി വിളിച്ചുകൂട്ടി സൊസൈറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍, ജനറല്‍ ബോഡി അതംഗീകരിച്ചില്ല. സര്‍ക്കാര്‍ ഇടയ്ക്കിടെ നയപരിപാടികള്‍ മാറ്റാറുണ്ടെന്ന വിശ്വാസത്തില്‍ അന്നത്തെ ദിവാന്റെ മുന്നില്‍ പ്രശ്‌നമവതരിപ്പിക്കാനാണു ജനറല്‍ ബോഡി ഡയരക്ടര്‍മാരെ ഉപദേശിച്ചത്. സൊസൈറ്റി പ്രതിനിധിസംഘം മൂന്നു നിര്‍ദേശങ്ങളാണു സര്‍ക്കാര്‍ മുമ്പാകെ വെച്ചത്. ഒന്ന്, സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ഇറക്കിയ ഇന്‍ഷുറന്‍സ് പദ്ധതി നിര്‍ത്തിവെക്കുക. അല്ലെങ്കില്‍, ഇന്‍ഷുറന്‍സ് സൊസൈറ്റിക്കു പതിനായിരം രൂപ ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുക. അതുമല്ലെങ്കില്‍ ആയിരം രൂപയ്ക്കു മേലുള്ള പോളിസികള്‍ മാത്രം സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുക. ഈ നിര്‍ദേശമൊന്നും അംഗീകരിക്കാനാവില്ലെങ്കില്‍ സൊസൈറ്റിയുടെ ആസ്തി – ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇതില്‍ അവസാനത്തെ നിര്‍ദേശമാണു സര്‍ക്കാരിനു സ്വീകാര്യമായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ടുവെച്ച ചില മാനദണ്ഡങ്ങള്‍ ഡയരക്ടര്‍മാര്‍ക്ക് അത്ര ബോധിച്ചില്ല. സര്‍ക്കാരിന്റെ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും ഒരു ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തു. ഈ യോഗം സംഘം പിരിച്ചുവിടാനാവശ്യമായ നടപടികളെടുക്കാന്‍ സഹകരണ രജിസ്ട്രാറോട് അഭ്യര്‍ഥിച്ചു. എന്നാല്‍, രജിസ്ട്രാര്‍ക്ക് അതിനോടു യോജിക്കാനായില്ല. തീരുമാനം പുനപ്പരിശോധിക്കാന്‍ വീണ്ടുമൊരു ജനറല്‍ ബോഡി വിളിക്കാനാണു രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. അക്കൊല്ലം ഒക്ടോബര്‍ 24 നു രജിസ്ട്രാര്‍തന്നെ മുന്‍കൈയെടുത്തു ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തു. പുതിയൊരു ഭരണസമിതിയെ നിയോഗിച്ച് സംഘത്തിന്റെ പ്രവര്‍ത്തനം തുടരാനായിരുന്നു യോഗത്തിന്റെ തീരുമാനം. തുടര്‍ന്നു രജിസ്ട്രാര്‍ ഒരു സര്‍ക്കുലറിറക്കി. എല്ലാ സഹകരണ സംഘങ്ങളോടും ഇന്‍ഷുറന്‍സ് സൊസൈറ്റിയില്‍ ഓഹരികളെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് സൊസൈറ്റിയെപ്പറ്റി തങ്ങളുടെ സംഘാംഗങ്ങള്‍ക്കിടയില്‍ പ്രചാരം കൊടുക്കാനും സര്‍ക്കുലറില്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചു.
കാര്യങ്ങള്‍ അവിടെയൊന്നും നിന്നില്ല. സര്‍ക്കാര്‍ വീണ്ടും ഇന്‍ഷുറന്‍സ് നയത്തില്‍ മാറ്റം വരുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമേ പൊതുജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി ബാധകമാക്കി. ഇതോടെ, ഇന്‍ഷുറന്‍സ് സഹകരണ സംഘം ഡയരക്ടര്‍മാരുടെ ആവേശം തണുത്തു. ആരും പുതുതായി പോളിസി എടുക്കാതായി. ആകെയുണ്ടായിരുന്ന 172 പോളിസികളില്‍ 38 എണ്ണം മാത്രമേ 1934 ജൂണില്‍ നിലനിന്നുള്ളു. സ്വദേശിയും വിദേശിയുമായ ഒട്ടേറെ ജോയന്റ് സ്റ്റോക്ക് ഇന്‍ഷുറന്‍സ് സൊസൈറ്റികള്‍ തിരുവിതാംകൂറില്‍ നല്ല ബിസിനസ്സുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് സഹകരണ ഇന്‍ഷുറന്‍സ് സംഘത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല എന്നു അന്വേഷണസമിതി അദ്ഭുതപ്പെടുന്നു. ഭരണസമിതിയംഗങ്ങളുടെ പ്രതീക്ഷ നശിച്ചാല്‍ ഒന്നും മുന്നോട്ടു പോവില്ലല്ലോ എന്നു സമിതി സ്വയം സമാധാനിക്കുന്നു.
സഹകരണ തലത്തില്‍ ഭവന നിര്‍മാണം
സഹകരണാടിസ്ഥാനത്തില്‍ വീടുണ്ടാക്കുന്നതു തിരുവിതാംകൂറില്‍ പ്രോത്സാഹിപ്പിക്കണമന്നു സഹകരണാന്വേഷണ സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. കൊല്ലം തീരദേശത്തു മീന്‍പിടിത്തക്കാര്‍ക്കു കുറെ വീടുണ്ടാക്കിക്കൊടുത്തു എന്നതൊഴിച്ചാല്‍ മറ്റൊരിടത്തും ഈ മാര്‍ഗം സ്വീകരിച്ചുകണ്ടില്ല. ജനപ്പെരുപ്പമുള്ള പട്ടണങ്ങളിലൊക്കെ സഹകരണ രീതിയിലുള്ള ഭവന നിര്‍മാണം ആലോചിക്കണമെന്നു സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ വിദ്യാസമ്പന്നരായ ഇടനിലക്കാര്‍ നഗരത്തിനു സമീപത്തുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ചെറിയ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നു സമിതി നിര്‍ദേശിക്കുന്നു. 3000 രൂപ മുതല്‍ 7000 രൂപവരെ ചെലവു വരുന്ന വീടുകള്‍ മതി. ബോംബെയിലും മദ്രാസിലും അവിടത്തെ സര്‍ക്കാരുകള്‍ ചെയ്തതുപോലെ ഇതിന്റെ ചെലവ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ വഹിക്കണം. എളുപ്പം പാലിക്കാവുന്ന വ്യവസ്ഥകളിലാണ് ഈ സര്‍ക്കാരുകള്‍ ലക്ഷക്കണക്കിനു രൂപ ഈ ഭവനപദ്ധതികള്‍ക്കായി മുടക്കിയത്. സിന്ധ് സഹകരണ ബാങ്ക് മൂന്നു ലക്ഷം രൂപയാണു ഭവന നിര്‍മാണത്തിനായി നീക്കിവെച്ചത്. മൈസൂര്‍, ബോംബെ, സിന്ധ്, മദ്രാസ് പ്രവിശ്യകളിലെ നിരവധി നഗരങ്ങളില്‍ ഭവന നിര്‍മാണ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സഹകരണ വ്യവസായ ബാങ്ക്
തിരുവിതാംകൂറില്‍ സഹകരണ മേഖലയില്‍ ഒരു കേന്ദ്ര വ്യവസായ ബാങ്ക് തുടങ്ങേണ്ടതിന്റെ ആവശ്യകത അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. നെയ്ത്തു സംഘങ്ങള്‍ പോലെ വായ്‌പേതര സംഘങ്ങള്‍ക്ക് ആവശ്യത്തിനു സാമ്പത്തിക സഹായം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്ര സഹകരണ വ്യവസായ ബാങ്ക് സ്ഥാപിക്കേണ്ട കാര്യം സമിതി എടുത്തുകാട്ടുന്നത്. നിലവിലുള്ള സഹകരണ ബാങ്കുകളൊന്നും വായ്‌പേതര സംഘങ്ങളെ സഹായിക്കാത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു കേന്ദ്ര ബാങ്കിന്റെ ആവശ്യകത സമിതി ചൂണ്ടിക്കാട്ടിയത്. സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വില്‍പ്പനക്കായി ഒരു കേന്ദ്രവും ഈ സെന്‍ട്രല്‍ ബാങ്ക് തുറക്കണം. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും അവരുടെ ആവശ്യങ്ങളെപ്പറ്റി പഠിക്കാനും പ്രത്യേകം ഉദ്യോഗസ്ഥരെ കേന്ദ്ര ബാങ്ക് നിയമിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. തിരുവിതാംകൂറിന് എന്തുകൊണ്ടും യോജിച്ച കുടില്‍ വ്യവസായങ്ങളുടെ വികസനത്തിനായും സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കണമെന്നു അന്വേഷണ സമിതി ശുപാര്‍ശ ചെയ്തു.
വനിതാ സംഘങ്ങളുടെ ദുരവസ്ഥ
സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് തയാറാക്കുന്ന 1933 – 34 കാലത്തു തിരുവിതാംകൂറില്‍ വനിതാ സഹകരണ സംഘങ്ങളുടെ സ്ഥിതി പരിതാപകരമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്നത് അഞ്ചു വനിതാ സഹകരണ സംഘങ്ങള്‍ മാത്രം. അവയാകട്ടെ വളരെയടുത്ത സമയത്തു രൂപം കൊണ്ടവയും. അരയര്‍ എന്നറിയപ്പെട്ടിരുന്ന വനിതാ മത്സ്യത്തൊഴിലാളികള്‍ക്കായി തിരുവനന്തപുരത്തും കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളിലും നേരത്തേ ചില സംഘങ്ങളൊക്കെയുണ്ടായിരുന്നു. ഇവയൊക്കെ വായ്പാ സംഘങ്ങളായിരുന്നു. ഈ സംഘങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി ഒന്നുമറിയാതെയാണു സ്ത്രീകള്‍ സംഘങ്ങളില്‍ അംഗങ്ങളായി ചേര്‍ന്നിരുന്നത്. എങ്ങനെയെങ്കിലും ഒരു ലോണ്‍ തരപ്പെടുത്തിയെടുത്താല്‍പ്പിന്നെ അവരുടെ താല്‍പ്പര്യം കെട്ടടങ്ങും. ക്രമേണ സൊസൈറ്റി നിര്‍ജീവമാകും.
തിരുവനന്തപുരം, അടൂര്‍, പറവൂര്‍, അമ്പലപ്പുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണു വനിതാ സംഘങ്ങള്‍ പിടിച്ചുനിന്നത്. ഇവയിലെ അംഗസംഖ്യയും ഓഹരി മൂലധനവുമൊക്കെ കുറവായിരുന്നു. അഞ്ചു സംഘങ്ങളിലും കൂടി ആകെ 628 അംഗങ്ങളാണുണ്ടായിരുന്നത്. മൊത്തം ഓഹരി മൂലധനം 9,207 രൂപ. അംഗങ്ങളുടെ ആകെ നിക്ഷേപം 712 രൂപ മാത്രം. 1,864 രൂപ കേന്ദ്ര സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത വനിതാ സംഘങ്ങള്‍ 10,344 രൂപ അംഗങ്ങള്‍ക്കു വായ്പയും നല്‍കി. ഇക്കൂട്ടത്തില്‍ രണ്ടു സംഘങ്ങള്‍ ചെയ്ത ചില നല്ല പ്രവര്‍ത്തനങ്ങളെ അന്വേഷണ സമിതി പ്രത്യേകം എടുത്തുപറയുന്നുണ്ട്. തിരുവനന്തപുരം ഹിന്ദു വനിതാ സഹകരണ സംഘവും അടൂര്‍ ശ്രീ ചിത്തിര വിലാസം വനിതാ സംഘവുമാണു ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയത്. നെല്ലു സംഭരിച്ചു കുത്തി അരിയാക്കിയിരുന്നു തിരുവനന്തപുരത്തെ സംഘം. ഇതു പിന്നീട് അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. അരി വില്‍ക്കാന്‍ കഴിയാത്തതാണു കാരണം. സംഘം ചെയ്ത മറ്റൊരു കാര്യം നെയ്ത്തുശാല ആരംഭിച്ചതാണ്. ഇവിടെ പെണ്‍കുട്ടികള്‍ക്കു നെയ്ത്തില്‍ പരിശീലനം കൊടുത്തിരുന്നു. വ്യവസായ വകുപ്പ് ഈ നെയ്ത്തുശാലയ്ക്കു പ്രതിമാസം പന്ത്രണ്ട് രൂപ ഗ്രാന്റായി അനുവദിച്ചിരുന്നു. ഇവിടെ നെയ്ത കിടക്കവിരികളും തോര്‍ത്തും മറ്റും സര്‍ക്കാര്‍ ജനറലാശുപത്രിയിലാണു സപ്ലൈ ചെയ്തിരുന്നത്. വിദ്യാസമ്പന്നരായ വനിതകളുള്‍പ്പെടുന്ന ഈ സംഘം തിരുവനന്തപുരത്ത് ഒരു സഹകരണ സ്റ്റോര്‍ തുടങ്ങാനും പദ്ധതിയിട്ടിരുന്നു.
അടൂരിലെ വനിതാ സംഘത്തിനു ഒരു നെയ്ത്തുശാലയും സഹകരണ സ്റ്റോറുമുണ്ടായിരുന്നു. എന്നാല്‍, നാട്ടുകാരുടെ പിന്തുണ കിട്ടാതിരുന്നതിനാല്‍ ഇവ രണ്ടും പൂട്ടേണ്ടിവന്നു. തുടര്‍ന്ന് സംഘം മറ്റൊരു സംരംഭം തുടങ്ങി. കറവപ്പശുക്കളെ പാവപ്പെട്ട അംഗങ്ങള്‍ക്കു വാങ്ങിനല്‍കുക എന്നതാണ് ഈ സംരംഭം. പശുവിന്റെ വില ഗഡുക്കളായി അടച്ചാല്‍ മതി. പാലും പാലുല്‍പ്പന്നങ്ങളും തൊട്ടടുത്ത പട്ടണങ്ങളിലും ഇവര്‍ വില്‍പ്പനക്കെത്തിച്ചിരുന്നു.
ഇത്രയും പറഞ്ഞശേഷം അന്വേഷണ സമിതി നേരെ പോകുന്നതു വിദേശത്തെ വനിതാ സംഘങ്ങളുടെ വിജയകഥയിലേക്കാണ്. വനിതകള്‍ക്കിടയില്‍ സഹകരണ സന്ദേശം വ്യാപിക്കണമെങ്കില്‍ സഹകരണ വകുപ്പും പൊതുജനങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നു സമിതി അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളെ സമിതി പരാമര്‍ശിക്കുന്നു. സഹകരണ സംഘങ്ങളിലൂടെ വനിതകള്‍ നേടിയ ഉന്നതി തിരിച്ചറിയണമെങ്കില്‍ ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും ഡെന്മാര്‍ക്കിലുമുള്ള വനിതാ ഗില്‍ഡുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കണം. സ്വിറ്റ്‌സര്‍ലന്റിലും സഹകരണ സംഘങ്ങളിലൂടെ വനിതകള്‍ സാമ്പത്തികശേഷി കൈവരിച്ച കാര്യം സമിതി ഊന്നിപ്പറയുന്നു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വനിതാ സഹകരണ സംഘങ്ങള്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും അന്വേഷണ സമിതി വാചാലമാകുന്നുണ്ട്. പഞ്ചാബ്, ഐക്യ പ്രവിശ്യകള്‍, ബംഗാള്‍, ബോംബെ എന്നിവിടങ്ങളില്‍ ഉല്‍പ്പാദന – വില്‍പ്പന മേഖലകളില്‍ വനിതാ സംഘങ്ങള്‍ സഹകരണ വകുപ്പിന്റെ പിന്തുണയോടെ മുന്നേറിയ കാര്യം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബില്‍ 150 വനിതാ സംഘങ്ങള്‍ മിതവ്യയം മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ വനിതാ ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിരുന്നു. ബംഗാളില്‍ വനിതാ സംഘങ്ങള്‍ സ്റ്റോറുകള്‍ നടത്തിയിരുന്നു. സ്ത്രീകളെ മിതവ്യയശീലം പഠിപ്പിച്ചാലേ മിതവ്യയം എന്താണെന്നു പുരുഷ•ാര്‍ മനസ്സിലാക്കൂ എന്നാണു സമിതി അഭിപ്രായപ്പെടുന്നത്.
സാക്ഷരതയിലും പുരോഗമനചിന്തയിലും മുന്നിട്ടു നില്‍ക്കുന്ന തിരുവിതാംകൂറിലെ വനിതകള്‍ക്കിടയില്‍ സഹകരണാശയം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. അഖില തിരുവിതാംകൂര്‍ സഹകരണ സമ്മേളനത്തില്‍ അധ്യക്ഷ്യം വഹിച്ച ലല്ലുഭായി സമല്‍ദാസ് സഹകരണാശയം വനിതകള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബെയിലെ ഗുജറാത്തി വനിതകള്‍ സ്വദേശി പ്രസ്ഥാനവും സഹകരണവും ഒരുമിച്ചു കൊണ്ടുപോയി വിജയം വരിച്ച കഥയാണ് ഇതിനുദാഹരണമായി ലല്ലുഭായ് അന്നു ചൂണ്ടിക്കാട്ടിയത്. വനിതകള്‍ക്കിടയില്‍ പ്രചരിപ്പിക്കാവുന്ന സഹകരണ മാതൃക മിതവ്യയ സംഘങ്ങളുടേതാണ്. ഇത്തരം സംഘങ്ങളില്‍ നിക്ഷേപപ്പെട്ടികള്‍ വെക്കണം. സഹകരണരംഗത്തു പരിശീലനം നേടിയ ഇന്‍സ്‌പെക്ടര്‍മാരും ആശയ പ്രചാരകരും ഗ്രാമങ്ങളില്‍പ്പോയി മിതവ്യയം, കുടില്‍ വ്യവസായം, പാല്‍വിതരണം, കയര്‍ പിരിക്കല്‍, നെല്ലുകുത്ത് തുടങ്ങിയവയ്ക്കായുള്ള സഹകരണ സംഘങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിക്കണം.
അധ:സ്ഥിതര്‍ക്കുള്ള ഹൗസിങ് കോളണി
സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ സഹകരണാന്വേഷണ സമിതി വളരെ ഗൗരവമായി പരിഗണിക്കുന്നതു കാണാം. ഹരിജന്‍ സേവക് സംഘിന്റെ കൊച്ചിന്‍ – ട്രാവന്‍കൂര്‍ ബോര്‍ഡ് പ്രസിഡന്റ് അന്വേഷണ സമിതിക്കു നല്‍കിയ ഒരു നിവേദനത്തെക്കുറിച്ച് കാര്യമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. തിരുവിതാംകൂറിലെ അധ:സ്ഥിത വിഭാഗത്തിന്റെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കാന്‍ സഹകരണ ഭവന സമുച്ചയങ്ങള്‍ പണിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണു നിവേദനത്തില്‍ പറയുന്നത്. ഓരോ താലൂക്കിലും മൂന്നു സഹകരണ സംഘങ്ങള്‍ വീതം തുടങ്ങണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. മൊത്തം നൂറു സംഘങ്ങള്‍. ഓരോ സംഘത്തിനും കീഴില്‍ നൂറു കുടുംബങ്ങള്‍. അങ്ങനെ മൊത്തം കുടുംബങ്ങള്‍ പതിനായിരം. ജോലിസ്ഥലത്തിനു അധികം ദൂരെയല്ലാതെ ഓരോ കുടുംബത്തിനും 25 സെന്റ് ഭൂമി വീതം നല്‍കണം. വീടുണ്ടാക്കാനും കിണര്‍ കുഴിക്കാനും എന്തെങ്കിലും തൊഴില്‍ തുടങ്ങാനും പണം അനുവദിക്കണം. ഈ പദ്ധതിക്കായി ആകെ 11.25 ലക്ഷം രൂപയാണു സംഘടന ചെലവു പ്രതീക്ഷിക്കുന്നത്. പിന്നെ ഓരോ വര്‍ഷവും ചെലവിലേക്കായി നാലായിരം രൂപയും അനുവദിക്കണം.
സംഘടനയുടെ ആവശ്യങ്ങളും ഇതിനു വേണ്ടിവരുന്ന കനത്ത ചെലവും പരിഗണിച്ച സഹകരണാന്വേഷണ സമിതി അതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. പകരം, ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയാണു ചെയ്തത്. അധ:സ്ഥിതരായ ഈ പാവങ്ങളെ ഏറെക്കാലമായി അവഗണിച്ചതിന്റെ പ്രായശ്ചിത്തമായി ഇവര്‍ക്കുവേണ്ടി എത്ര പണം മുടക്കിയാലും അതിനു ന്യായീകരണമുണ്ടെന്നു സമിതി അഭിപ്രായപ്പെടുന്നു. എത്രയും പെട്ടെന്നു ഈ ജനവിഭാഗത്തിനായി പത്തു ഹൗസിങ് കോളണികള്‍ തുടങ്ങാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു. ഓരോ കോളണിയിലും ഇരുപതു കുടുംബങ്ങളെ കുടിയിരുത്തണം. ഓരോ കുടുംബത്തിനും 25 സെന്റ് ഭൂമി വീതം നല്‍കണം. ഒരു കുടില്‍, രണ്ടു പശുക്കള്‍, 25 തെങ്ങ്, കുറച്ചു വെറ്റിലക്കൊടി എന്നിവയും അനുവദിക്കണം. ഇതിനല്ലാംകൂടി ഒരു കുടുംബത്തിനു 200 – 250 രൂപയാകും. ഇങ്ങനെ പത്തു കോളണികള്‍ക്കു അര ലക്ഷം രൂപയാകും. നേരിയ പലിശയോടെ മാസത്തില്‍ രണ്ടു രൂപ വെച്ച് പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷം കൊണ്ട് ഈ വായ്പ ഈടാക്കിയാല്‍ മതിയെന്നും സമിതി നിര്‍ദേശിക്കുന്നു. സഹകരണാടിസ്ഥാനത്തില്‍ കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയാല്‍ വായ്പാ തിരിച്ചടവിനു ഈ പാവങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്നാണു സമിതിയുടെ നിഗമനം.
1931 ലെ സെന്‍സസ് പ്രകാരം തിരുവിതാംകൂറിലെ ജനസംഖ്യയില്‍ എട്ടിലൊരു ഭാഗം അധ:സ്ഥിത വിഭാഗമാണ്. അതായത് ആറര ലക്ഷം പേര്‍. ഇത്രയും വരുന്ന ജനതതിക്കുവേണ്ടി വര്‍ഷത്തില്‍ അമ്പതിനായിരം രൂപ ചെലവഴിക്കുന്നതു വലിയൊരു തുകയല്ലെന്നു സമിതി അഭിപ്രായപ്പെടുന്നു. തിരുവിതാംകൂറിനേക്കാള്‍ അഞ്ചിലൊന്നു മാത്രം ജനസംഖ്യയും മൂന്നേകാല്‍ ലക്ഷം മാത്രം അധ: സ്ഥിതരുമുള്ള കൊച്ചി സംസ്ഥാനം പ്രതിവര്‍ഷം അധ:സ്ഥിതര്‍ക്കുവേണ്ടി ചെലവഴിക്കുന്നതു 80,000 രൂപയാണെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. മൈസൂരും താഴേക്കിടയിലുള്ള മനുഷ്യരുടെ ഉന്നതിക്കായി വലിയൊരു തുകയാണു ചെലവഴിക്കുന്നത്. 1933 ല്‍ അവിടെ അധ:സ്ഥിതരുടെ 262 സഹകരണ സംഘങ്ങളാണുണ്ടായിരുന്നത്. ( തുടരും )